നിലമ്പൂര്‍

മലപ്പുറം ജില്ലയില്‍, നിലമ്പൂര്‍ താലൂക്കിലാണ് നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നിലമ്പൂര്‍, അമരമ്പലം, ചാലിയാര്‍, ചുങ്കത്തറ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, പോത്തുകല്‍, ചോക്കാട് എന്നീ 11 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത്. നിലമ്പൂര്‍, കറുമ്പലങ്ങോട്, വെള്ളയൂര്‍, അകമ്പാടം, അമരമ്പലം, ചുങ്കത്തറ, കരുളായി, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 1080.57 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, വണ്ടൂര്‍ ബ്ളോക്കും, തെക്കുഭാഗത്ത് വണ്ടൂര്‍ ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ലയും, കൊണ്ടോട്ടി ബ്ളോക്കുമാണ് നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. മലപ്പുറം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ തമിഴ്നാടിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതും, പുഴകളും, മലകളും, നിബിഡവനങ്ങളും നിറഞ്ഞതുമായ പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് നിലമ്പൂര്‍. നായ്ക്കന്‍മാര്‍, ചോലനായ്ക്കന്‍മാര്‍, മലമുത്തന്‍മാര്‍, പണിയര്‍ എന്നിവരാണ് ഇവിടുത്തെ പൂര്‍വ്വികര്‍. കരുളായി പഞ്ചായത്തിലെ നെടുങ്കയം എന്ന പ്രദേശത്തെ ആദിവാസി ഗോത്രസമൂഹത്തെ ലോകമെങ്ങുമുള്ള നരവംശ ശാസ്ത്രജ്ഞന്‍മാര്‍ പഠന-നിരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആദിവാസികളും, ഗോത്രവര്‍ഗ്ഗങ്ങളും ഏറെയുള്ള ഇവിടുത്തെ വനപ്രദേശങ്ങള്‍ നരവംശ ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട പഠനകേന്ദ്രങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും 29 മീറ്റര്‍ മുതല്‍ 2142 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ വരെ ഈ ബ്ളോക്കിലുണ്ട്. റിസര്‍വ് ഫോറസ്റ്റും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ ബ്ളോക്ക്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്നത് നിലമ്പൂരിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ വിത്തുകൃഷിത്തോട്ടമായ മുണ്ടേരി സീഡ് ഫാം ഈ ബ്ളോക്ക് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. നിലമ്പൂര്‍ പാട്ടുത്സവം ലോകപ്രശസ്തമാണ്. ഈ ബ്ളോക്കുപ്രദേശത്തെ ആഡ്യന്‍പാറയും, നെടുങ്കയവും ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ സ്ഥലങ്ങളാണ്. 1982 മാര്‍ച്ച് ഒന്നിനാണ് നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. 1982 വരെ വണ്ടൂര്‍ ബ്ളോക്കിന്റെ ഭാഗമായിരുന്നു ഇന്നത്തെ നിലമ്പൂര്‍ബ്ളോക്ക്. 1982 മാര്‍ച്ച് 1-ന് ബ്ളോക്കിന്റെ പ്രവര്‍ത്തനമാരംഭിച്ചു. കെ.സി.ജോബ് ആയിരുന്നു ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ്.