ചരിത്രം

ചക്രവര്‍ത്തിയും, രാജാവും, ചിറ്റരചന്‍മാരും, പ്രഭുക്കളും, നാടുവാഴികളും, സില്‍ബന്ധികളും അടങ്ങുന്ന ഒരു ഭരണസംവിധാനമാണ് നെന്മാറ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിലനിന്നിരുന്നത്. കൊച്ചി രാജ്യത്തിന്റെ രഹസ്യങ്ങള്‍ സാമൂതിരിക്കു ചോര്‍ത്തി കൊടുത്തു എന്ന കുറ്റത്തിന് കൊടകര നായര്‍ എന്ന ഒറ്റുകാരന്റെ തല വെട്ടിയതിന് കൃഷ്ണപട്ടര്‍ക്ക് 1000 പറ നിലം കരമൊഴിവാക്കി പതിച്ചു കൊടുത്തു. കൃഷ്ണപട്ടരുടെ മകന്‍ പില്‍ക്കാലത്ത് 1200 ജോലിക്കാരുടെ സഹായത്താല്‍ 20 ദിവസം കൊണ്ട് നിര്‍മ്മിച്ച പുത്തന്‍കുളവും അതിനടുത്ത് നിര്‍മ്മിച്ച ശിവക്ഷേത്രവും ഇന്നും നിലനില്‍ക്കുന്നു. അച്ഛന്‍ തലവെട്ടിയതിന്റെ പ്രായശ്ചിത്താര്‍ത്ഥമാണ് ഇത് പണി കഴിപ്പിച്ചിട്ടുള്ളത്. ചിറ്റൂര്‍ താലൂക്ക് കൊച്ചി സംസ്ഥാനത്തിന്റെ നെല്ലറയായിരുന്നുവെങ്കില്‍ നെന്മാറ അതിന്റെ കലവറയായിരുന്നു. ആയതിനാല്‍ നെല്‍മണിയുടെ അറ എന്നത് നെന്മണിയറയായും പില്‍ക്കാലത്ത് നെന്മാറ ആയതായും പറയപ്പെടുന്നു. രായീരം കണ്ടത്ത് ഗോവിന്ദമേനോന്‍ സ്ഥാപിച്ച വിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ഇതിനു പിന്നാലെ കൊച്ചി സര്‍ക്കാര്‍ ആരംഭിച്ചതാണ് ഇന്നത്തെ നെന്മാറ ബോയ്സ് ഹൈസ്കൂള്‍. ബോയ്സ് ഹൈസ്ക്കൂളിലെ ഗാന്ധി പ്രതിമ ജവഹര്‍ലാല്‍ നെഹ്റു ആണ് അനാച്ഛാദനം ചെയ്തത്. വെള്ളക്കാരുടെ കാലത്തെ ഈ സ്കൂളും, ഗാന്ധി പ്രതിമയും ഇപ്പോഴും പുതുമ നശിക്കാതെ കാത്തുസൂക്ഷിക്കുകയാണ് ഈ പഞ്ചായത്ത്. നെല്ല്കുത്ത് മില്ലുകള്‍, അച്ചടിശാലകള്‍, തീപ്പട്ടിവ്യവസായ കേന്ദ്രങ്ങള്‍ എന്നിവ ഈ പഞ്ചായത്തില്‍ വളരെ പണ്ടു മുതല്‍ തന്നെ ഉണ്ടായിരുന്നു. നെന്മാറ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടത് 120 വര്‍ഷം മുമ്പ് ആയിരുന്നു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 18 ക്ഷേത്രങ്ങളും 8 ക്രിസ്ത്യന്‍ പള്ളികളും 7 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷപരിപാടികള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. നെല്ലിയാംമ്പതി മലനികരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലോകപ്രശസ്തിയാര്‍ജ്ജിച്ച നെന്മാറ-വല്ലങ്ങി വേല ഒരു പ്രധാന ഉത്സവമാണ്. തലയെടുപ്പുള്ള ഗജവീരന്‍മാരും, ഹരം കൊള്ളിക്കുന്ന വെടിമരുന്ന് പ്രയോഗങ്ങളും, മഴവില്ലിന്റെ ചാരുതയോടും ഗോപുരത്തിന്റെ തലയെടുപ്പോടും കൂടിയ വര്‍ണ്ണപന്തലുകളും വേലയുടെ പ്രധാന ആര്‍ഷണമാണ്. നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകത്തില്‍ വച്ചാണ് ഇത് നടത്തുന്നത്. ഇതിനു പുറമേ മാട്ടുപ്പാറ തൈപ്പൂയം, അയ്യപ്പന്‍ പാട്ടുകള്‍, കുട്ടക്കളം കതിര്‍, വൊറോട്ടം കളി തുടങ്ങിയവയും പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. കെ.വിശ്വനാഥന്‍ ചെട്ടിയാര്‍, കൃഷ്ണ മാസ്റ്റര്‍, കുളത്തില്‍ അച്ചുതന്‍ മാസ്റ്റര്‍, പശുപതി മാസ്റ്റര്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്.