പഞ്ചായത്തിലൂടെ

നെന്മാറ - 2010

ആദനാട് കാരടി, അയ്യപ്പന്‍, വെള്ളപ്പാറ എന്നീ കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ് നെന്മാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രധാന കൃഷികള്‍ നെല്ല്, തെങ്ങ്, പച്ചക്കറി, റബ്ബര്‍, കവുങ്ങ് മുതലായവയാണ്. കുബളകോട്, പോത്തുണ്ടി, ഋഷിമുഖി എന്നീ പുഴകളാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചായത്തിലെ ജലസേചന സ്രോതസ്സുകള്‍ പോത്തുണ്ടി കെയിന്‍ കനാല്‍, വല്ലങ്ങി ബ്രാഞ്ച് കനാല്‍ എന്നിവയാണ്. നെന്മാറ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത് 1961 ലാണ്. ഇടനാടിന്റെയും മലനാടിനെയും ഭൂപ്രകൃതിയായിട്ടുള്ള സവിശേഷതകളുള്ള  ഈ പഞ്ചായത്തിന്റെ വിസ്തൃതി 36.84 ച. കി. മീ ആണ്. 34,571 വരുന്ന ജനസംഖ്യയില്‍ 17,699 പേര്‍ സ്ത്രീകളും 16,872 പേര്‍ പുരുഷന്‍മാരുമാണ്. 54 പൊതുകിണറുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. 681 പൊതുകുടിവെള്ള ടാപ്പുകളും 1200 തെരുവുവിളക്കുകളും പഞ്ചായത്തിലുണ്ട്. പോത്തുണ്ടി ഡാം ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്ത്യയിലെ തന്ന രണ്ടാമത്തെ മണ്‍നിര്‍മ്മിത അണക്കെട്ടാണിത്. നെന്മാറ പാര്‍ക്ക്, ഇന്ദിരാ പ്രിയദര്‍ശിനി പാര്‍ക്ക്, പോത്തുണ്ടി പാര്‍ക്ക് എന്നിവ പഞ്ചായത്തിലെ പ്രധാന പാര്‍ക്കുകളാണ്. പൊതുവിതരണ മേഖലയില്‍ 13 റേഷന്‍ കടകളും ഒരു മാവേലി സ്റോറും രണ്ട് നീതി സ്റോറും പ്രവര്‍ത്തിക്കുന്നു. നെന്മാറയില്‍ 8 കല്യാണ മണ്ഡപങ്ങളുണ്ട്. 5 കേന്ദ്ര ഓഫീസുകളും, 21 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, പോലീസ് സ്റേഷന്‍, ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പോത്തുണ്ടിയിലാണ് മത്സ്യഭവന്‍ സ്ഥിതി ചെയ്യുന്നത്. നെന്മാറയില്‍ ഒരു സ്വകാര്യകൊറിയര്‍ സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. എടുത്തുപറയത്തക്ക വന്‍കിട ചെറുകിട വ്യവസായങ്ങള്‍ ഇല്ലെങ്കിലും പനമ്പുനെയ്ത്ത്, മണ്‍ചട്ടി നിര്‍മ്മാണം, നെല്ല്കുത്ത് എന്നീ പരമ്പരാഗത വ്യവസായങ്ങള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി കാണാം. വിത്തനശ്ശേരി, വല്ലണ്ടി, നെന്മാറ എന്നിവിടങ്ങളില്‍ പെട്രോള്‍ ബങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുവായൂരപ്പന്‍ ഏജന്‍സിയാണ് ഈ പഞ്ചായത്തിലെ ഏക ഗ്യാസ് ഏജന്‍സി. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി പതിനൊന്ന് സ്കൂളുകളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് സെന്റ് ജോണ്‍സ്, സെന്റ് റീതാസ്, വി. എല്‍. എം യു. പി. എസ്, പി. ആര്‍. സി, എം. യു. പി. എച്ച്. എസ് എന്നിവ. ജി. ബി. എച്ച്. എസ്, ജി. ജി. പി. എച്ച്. എസ്, ജി. യു. പി. എസ് എന്നീ സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ മൂന്ന് ഗവണ്‍മെന്റ് എല്‍. പി. സ്കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നെന്മാറയിലെ ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂളിലെ ഗാന്ധി പ്രതിമ ജവഹര്‍ലാല്‍ നെഹ്റു ആണ് അനാച്ഛാദനം ചെയ്തത്. വെള്ളക്കാരുടെ കാലത്തെ ഈ സ്കൂളും, ഗാന്ധി പ്രതിമയും ഇപ്പോഴും പുതുമ നശിക്കാതെ  കാത്തുസൂക്ഷിക്കുകയാണ് ഈ പഞ്ചായത്ത്. ചികിത്സാരംഗത്ത് പോത്തുണ്ടി, കല്ലങ്കോട്, പുളിക്കല്‍ത്തറ, അളുവശ്ശേരി എന്നീ സ്ഥലങ്ങളില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ദേശസാല്‍കൃത ബാങ്കുകളായ യൂണിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എസ്. ബി. ടി. ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ ഇവിടെയുണ്ട്. കോ-ഓപ്പറേറ്റീവ് ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നീ സഹകരണ ബാങ്കുകളും അമലാ, മുത്തൂറ്റ്, മണപ്പുറം എന്നി സ്വകാര്യ ബാങ്കുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പൊള്ളാച്ചി-തൃശൂര്‍ (സ്റ്റേറ്റ്ഹൈവേ), നെന്മാറ-പാലക്കാട്, ഗോവിന്ദപുരം-ആലത്തൂര്‍, നെന്മാറ-നെല്ലിയാംമ്പതി എന്നിവയാണ് പഞ്ചായത്തിലെ ഗതാഗതയോഗ്യമായ റോഡുകള്‍. നെന്മാറ ബസ്സ്റ്റാന്റാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം. വിദേശയാത്രക്കായി പഞ്ചായത്തുനിവാസികള്‍ ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. കുബളകോട് പാലം, കൌസലൂര്‍ പാലം, ചെമ്മത്തോട് പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളാണ് വല്ലങ്ങി മാര്‍ക്കറ്റും, നെന്മാറ മാര്‍ക്കറ്റും, വല്ലങ്ങി ചന്തയാണ് പഞ്ചായത്തിലെ പ്രധാന ചന്ത. നാല് ഷോപ്പിങ്ങ് കോംപ്ളക്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 18 ക്ഷേത്രങ്ങളും 8 ക്രിസ്ത്യന്‍ പള്ളികളും 7 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷപരിപാടികള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. നെല്ലിയാംമ്പതി മലനികരകളുടെ താഴ്വരയില്‍  സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലോകപ്രശസ്തിയാര്‍ജ്ജിച്ച നെന്മാറ-വല്ലങ്ങി വേല ഒരു പ്രധാന ഉത്സവമാണ്. നെന്മാറ-വല്ലങ്ങി ദേശക്കാരുടെ പൂര്‍ണ്ണ സഹകരണത്തോടുകൂടിയാണ് വേല കൊണ്ടാടുന്നത്.  തലയെടുപ്പുള്ള ഗജവീരന്‍മാരും, ഹരം കൊള്ളിക്കുന്ന വെടിമരുന്ന് പ്രയോഗങ്ങളും, മഴവില്ലിന്റെ ചാരുതയോടും ഗോപുരത്തിന്റെ തലയെടുപ്പോടും കൂടിയ വര്‍ണ്ണപന്തലുകളും വേലയുടെ പ്രധാന ആര്‍ഷണമാണ്. നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകത്തില്‍ വച്ചാണ് ഇത് നടത്തുന്നത്. ഇതിനു പുറമേ മാട്ടുപ്പാറ തൈപ്പൂയം, അയ്യപ്പന്‍ പാട്ടുകള്‍, കുട്ടക്കളം കതിര്‍, വൊറോട്ടം കളി തുടങ്ങിയവയും പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. കെ.വിശ്വനാഥന്‍ ചെട്ടിയാര്‍, കൃഷ്ണ മാസ്റ്റര്‍, കുളത്തില്‍ അച്ചുതന്‍ മാസ്റ്റര്‍‍, പശുപതി മാസ്റ്റര്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്. വല്ലങ്ങി ലൈബ്രറി കലാരംഗത്ത് പ്രോല്‍സാഹജനകമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫ്ളെസ് ജിംനേഷ്യം. സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ലക്ഷമി തിയേറ്ററും, ധനലക്ഷ്മി തിയേറ്ററും. പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാലകള്‍ വിത്തനശ്ശേരിയിലും വേഴുപാറയിലും പ്രവര്‍ത്തിക്കുന്നു. വിത്തനശ്ശേരി, അളുവശ്ശേരി, സതിഗതി അകംപാടം, വെള്ളമ്പി എന്നിവിടങ്ങളില്‍ വായനശാലകള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ ചികില്‍സാകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സി.എച്ച്.സി.റ്റി നെന്മാറയില്‍ പ്രവര്‍ത്തിക്കുന്നു. കയ്പഞ്ചേരിയില്‍ ഹോമിയോപ്പതികേന്ദ്രവും പുറമേ സി.എച്ച്.സി.റ്റിയുടെ സബ്സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. സി.എച്ച്.ഇ, നെടുങ്ങോട് എഴുത്തച്ഛന്‍ ട്രസ്റ്റ്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ (കന്നിമംഗലം) എന്നിവ പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നു.