ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
നെന്മാറ ബ്ളോക്ക് പഴയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനും മുമ്പ് നെന്മാറ, അയിലൂര്‍, നെല്ലിയാമ്പതി ഗ്രാമങ്ങള്‍ പണ്ടുകാലത്ത് പഴയ കൊച്ചി നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ എലവഞ്ചേരി, പല്ലശ്ശന, മേലാര്‍കോട് എന്നീ പ്രദേശങ്ങള്‍ പഴയ ബ്രീട്ടിഷ് മലബാറിന്റെ ഭാഗമായിരുന്നു. നെന്മാറ ബ്ളോക്കുപ്രദേശം തികച്ചും ഒരു കാര്‍ഷിക മേഖലയാണ്. നിരപ്പായ സ്ഥലങ്ങളില്‍ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, മരച്ചീനി, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, നിലക്കടല തുടങ്ങിയ വിളകളും, കുന്നിന്‍ ചെരിവുകളില്‍ കശുമാവ്, റബ്ബര്‍, കുരുമുളക് തുടങ്ങിയവയും മലമ്പ്രദേശങ്ങളില്‍ ഏലം, കാപ്പി, തേയില, ഓറഞ്ച്, നാരകം മുതലായവയും കൃഷി ചെയ്തുവരുന്നു. ഈ ബ്ളോക്ക് പ്രദേശത്തെ പ്രധാന വിള നെല്ല് തന്നെയാണ്. എന്നിരുന്നാലും ലാഭാധിഷ്ഠിതമായ നാണ്യവിളകളായ തെങ്ങ്, റബ്ബര്‍, കുരുമുളക്, കശുമാവ്, ഇഞ്ചി, കവുങ്ങ് തുടങ്ങിയ കൃഷികളിലേക്ക് നീങ്ങുന്ന പ്രവണതയാണ് ഇന്ന് പൊതുവേ കണ്ടുവരുന്നത്. പൂര്‍ണ്ണമായും മലനിരകള്‍ നിറഞ്ഞ നെല്ലിയാമ്പതിയില്‍ വിദേശനാണ്യം ഉള്‍പ്പെടെ നേടിത്തരുന്ന തേയില, കാപ്പി, ഏലം തുടങ്ങിയ തോട്ടംവിളകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മേഖലയാണ്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി. നെന്മാറ ബ്ളോക്കിലെ മേലാര്‍ക്കോട്, നെന്മാറ, എലവഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് തമിഴ്നാട് സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മംഗലം-ഗോവിന്ദപുരം-പൊള്ളാച്ചി റോഡ് കടന്നുപോകുന്നത്. വിവിധ ജാതിമതക്കാരുടെ നിരവധി ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. നെല്ലികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ നടത്തപ്പെടുന്ന നെന്മാറ-വല്ലങ്ങി “വേലമഹോത്സവം” എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ ഉത്സവങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുള്ളതാണ്. രണ്ടു ദേശക്കാര്‍ നടത്തുന്ന പ്രസ്തുത വേലമഹോത്സവത്തിന് ഏറെ സവിഷേഷതകളുള്ളതാണ്. ഇതിനുപുറമേ ചിറ്റിലഞ്ചേരി, താഴെക്കാട്ടുകാവ്, എലവഞ്ചേരി, പല്ലശ്ശന, അയിലൂര്‍, തിരുവഴിയാട് തുടങ്ങിയ വേലഉത്സവങ്ങള്‍, വിഷുവുമായി ബന്ധപ്പെട്ടു നടത്തുന്ന വിഷുവേലയുത്സവങ്ങള്‍, തൈപൂയ മഹോത്സവങ്ങള്‍, ശിവരാത്രി ഉത്സവങ്ങള്‍ എന്നിവയും പ്രധാനപ്പെട്ടതാണ്. കണ്യാര്‍കളി, പൊറാട്ട് നാടകം, പുളളുകളി, കുംഭക്കളി, ആര്യമാല, അവിട്ടത്തല്ല്, തോറ്റംപാട്ട്, തോല്‍പാവക്കൂത്ത്, പുള്ളുവന്‍ പാട്ട്, ശാരംഗനാടകം, കൊട്ടുവിളി, പറവാദ്യം, മാരിയമ്മന്‍ പാട്ട് (ഉടുക്കുപാട്ട്) പൊങ്കല്‍, കനലാട്ടം, കതിര്‍ ഉത്സവം എന്നീ നാടന്‍കലാരൂപങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള പ്രദേശമാണിത്. കര്‍ണ്ണകിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ദേവി ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന ഒരു നാടന്‍ കലാരൂപമാണ് കര്‍ണ്ണകിയാര്‍ കളി അഥവാ കണ്യാര്‍കളി. നായര്‍, മന്ദാടിയാര്‍, ഈഴുവ, വടുകര്‍, എഴുത്തച്ഛന്‍ സമുദായങ്ങളാണ് ഇതിന്റെ ഇപ്പോഴത്തെ പ്രയോക്താക്കള്‍. ആര്യമാല എന്ന കലാരൂപം പല്ലശ്ശനയിലെ അണ്ണക്കോട് തല്ലൂമന്ന്് പ്രദേശങ്ങളിലും എലവഞ്ചേരിയിലും പടിഞ്ഞാമുറി കമ്മാമന്തറയിലും പനങ്ങാട്ടിരിയിലും പാരമ്പര്യമായി അവതരിപ്പിച്ചുവരുന്നു. എലവഞ്ചേരിയിലെ പൊരുങ്ങോട്ടുകാവ്, പറശ്ശേരി എന്നിവിടങ്ങളില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന പാരമ്പര്യ കലാരൂപമാണ് പള്ളുകളി. കളിക്കുന്ന ആളുകള്‍ തന്നെ പറയുകയും പാടുകയും ചെയ്യുന്ന ഈ കലാരൂപത്തില്‍ പിന്‍പാട്ടുകാരും പങ്കുകൊള്ളുന്നു. കതിരുല്‍ത്സവത്തിലെ വിഷുവേലകളുടെ മുന്നാടിയായും വേലയുല്‍സവങ്ങളിലും ഉപയോഗിക്കപ്പെട്ടു വരുന്ന പറയ സമുദായക്കാരുടെ പരമ്പരാഗത വാദ്യമാണ് പറവാദ്യം. വാദ്യകലകളായ പഞ്ചവാദ്യം, ചെണ്ടമേളം, പറവാദ്യം, നാദസ്വരം എന്നിവകളില്‍ പ്രഗത്ഭമതികളായിരുന്ന നിരവധി പേര്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണിത്. ചെണ്ടമേളത്തില്‍ പല്ലശ്ശേന പത്മനാഭമാരാരും, ഇടക്കയില്‍ പല്ലാവൂര്‍ മണിയന്‍മാരാരും, പഞ്ചവാദ്യത്തില്‍ പല്ലാവൂര്‍ കുഞ്ചുക്കുട്ടമാരാരും ഇലത്താളങ്ങളില്‍ പല്ലാവൂര്‍ രാഘവ പിഷാരടിയും, കൊമ്പില്‍ പല്ലാവൂര്‍ പൊന്നുകുട്ടന്‍നായരും, നാദസ്വരത്തില്‍ പല്ലാവൂര്‍ കൃഷ്ണനായരും അറിയപ്പെടുന്ന വിദഗ്ദ്ധ കലാകാരന്മാരായിരുന്നു. സിനിമാ ശബ്ദലേഖകനായിരുന്ന പി.ദേവദാസ്, തമിഴ്-സംസ്കൃത പണ്ഡിതനും തമിഴ് സാഹിത്യഗ്രന്ഥങ്ങളുടെ തര്‍ജ്ജിമകാരനുമായ നെന്മാറ വിശ്വനാഥനായര്‍ എന്നിവരും ഈ ബ്ളോക്കിന്റെ സംഭാവനയാണ്.