നെന്മാറ

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലായാണ് നെന്മാറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അയിലൂര്‍, മേലാര്‍ക്കോട്, നെല്ലിയാംപതി, എലവഞ്ചേരി, നെന്മാറ, പല്ലശ്ശന എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നെന്മാറ ബ്ളോക്ക് പഞ്ചായത്ത്. തിരുവഴിയാട്, നെല്ലിയാമ്പതി, എളവഞ്ചേരി, പല്ലശ്ശന, മേലാന്‍കോട്, വെളളാങ്ങി, കൈതാടി, അയിലൂര്‍, നെന്മാറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെന്മാറ ബ്ളോക്ക് പഞ്ചായത്തിന് 741.35 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ആലത്തൂര്‍, കുഴല്‍മന്ദം, കൊല്ലങ്കോട് എന്നീ ബ്ളോക്കുകളും, കിഴക്കുഭാഗത്ത് തമിഴ്നാടും, തെക്കുഭാഗത്ത് തമിഴ്നാടും തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് ചാലക്കുടി, ആലത്തൂര്‍ ബ്ളോക്കുകളുമാണ് നെന്മാറ ബ്ളോക്ക് പഞ്ചായത്തിന്റ അതിരുകള്‍. പാലക്കാട് ജില്ലയുടെ തെക്കുഭാഗത്താണ് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള നെന്മാറ ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. നിബിഡവനങ്ങള്‍ നിറഞ്ഞ മലനിരകളും കുന്നിന്‍ചെരിവുകളും വളക്കൂറുള്ള സമതലങ്ങള്‍ നിറഞ്ഞതുമായ ഭൂപ്രകൃതിയാണ് നെന്മാറ ബ്ളോക്കിനുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയും 400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റ് അഞ്ചു പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നെന്മാറ ബ്ളോക്ക്. പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിക്കുന്ന പോത്തുണ്ടിപ്പുഴ, ഗായത്രിപ്പുഴ, കല്‍ചാടിപ്പുഴ, രണ്ടാംപുഴ, ചിനാംപുഴ എന്നീ പുഴകള്‍ നെന്മാറ ബ്ളോക്കിലൂടെയാണ് ഒഴുകുന്നത്. വര്‍ഷകാലങ്ങളില്‍ നിറഞ്ഞൊഴുകുന്ന പുഴകള്‍ വേനലില്‍ വരണ്ടുപോകുകയാണ് പതിവ്. പാലക്കാട് ജില്ലയില്‍ പൊതുവേ അനുഭവപ്പെടുന്ന വര്‍ദ്ധിച്ച താപനില അഞ്ചു പഞ്ചായത്തുകളില്‍ അനുഭവപ്പെടുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ കാലാവസ്ഥയാണ് നെല്ലിയാമ്പതിയിലേത്. കേരളത്തിലെ ശരാശരി മഴയേക്കാള്‍ കൂടുതലളവില്‍ മഴ നെല്ലിയാമ്പതിയില്‍ ലഭിക്കുന്നു. ചെമ്മണ്ണ്, പുളിമണ്ണ്, എക്കല്‍മണ്ണ്, കരിമണ്ണ് എന്നിവയാണ് ഇവിടെ സാധാരണ കണ്ടുവരുന്ന പ്രധാന മണ്ണിനങ്ങള്‍. നെന്മാറ ബ്ളോക്കുപ്രദേശം തികച്ചും ഒരു കാര്‍ഷിക മേഖലയാണ്. നിരപ്പായ സ്ഥലങ്ങളില്‍ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, മരച്ചീനി, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, നിലക്കടല തുടങ്ങിയ വിളകളും, കുന്നിന്‍ ചെരിവുകളില്‍ കശുമാവ്, റബ്ബര്‍, കുരുമുളക് തുടങ്ങിയവയും മലമ്പ്രദേശങ്ങളില്‍ ഏലം, കാപ്പി, തേയില, ഓറഞ്ച്, നാരകം മുതലായവയും കൃഷി ചെയ്തുവരുന്നു. 1952-ല്‍ രൂപം കൊണ്ട നെന്മാറ ബ്ളോക്കില്‍ ആരംഭകാലത്ത് അയിലൂര്‍, നെന്മാറ, നെല്ലിയാമ്പതി എന്നീ പഞ്ചായത്തുകള്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്.