പഞ്ചായത്തിലൂടെ

നെടുമ്പാശ്ശേരി - 2010

എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍ പാറക്കടവ് ബ്ളോക്കിലാണ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ല്‍ രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തൃതി 23.14 ച.കി.മീ ആണ്. 15276 പുരുഷന്‍മാരും 15139 സ്ത്രീകളുമടങ്ങുന്ന 30415 ഓളം വരുന്ന ജനസംഖ്യയുടെ സാക്ഷരത നിരക്ക് 93.6% ആണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്തിന്റെ പ്രധാന വിളകള്‍ നെല്ല്, എള്ള്, തെങ്ങ്, വാഴ, റബ്ബര്‍, കുരുമുളക് തുടങ്ങിയവയാണ്. പ്രദേശത്തിന്റെ ജലസ്രോതസ്സുകളില്‍ 18 കുളങ്ങളും 66 പൊതുകിണറുകളും 8 കുഴല്‍ കിണറുകളും ഉള്‍പ്പെടുന്നു. രാത്രി ഗതാഗതം സുഗമമാക്കുന്നതിന് 1130 വഴിവിളക്കുകളും  കുടിവെള്ള വിതരണത്തിനായി 211 പൊതു കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. പഞ്ചായത്തില്‍ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം, റെയില്‍വേ സ്റ്റേഷന്‍ എന്നിവ യഥാക്രമം കൊച്ചി, അങ്കമാലി എന്നിവയാണ്. നെടുമ്പാശ്ശേരി ബസ്സ്ടെര്‍മിനല്‍, അത്താണി വി.ഐ.പി. റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പഞ്ചായത്തിലെ ബസ് ഗതാഗതം നടക്കുന്നത്. ദേശീയപാത-47, മഞ്ഞാലി-അങ്കമാലി റോഡ്, അത്താണിഎളവൂര്‍ റോഡ് തുടങ്ങി വളരെയധികം റോഡുകളുള്ള പഞ്ചായത്താണ് നെടുമ്പാശ്ശേരി. മധുരപ്പുറം പാലമാണ് വിവിധ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. മഞ്ഞാലിതോട്, പെരിയാര്‍ എന്നിവിടങ്ങളിലൂടെ പണ്ടുകാലങ്ങളില്‍ ജലഗതാഗതം നിലനിന്നിരുന്നു. മള്ളുശ്ശേരിപുഴ, കാരക്കാട്ടുചിറ, വേത്ചിറ, കുറുത്തലക്കോട്ടുചിറ, പഴഞ്ചിറ തുടങ്ങിയവയാണ് പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയങ്ങള്‍. ആവണംകോട് കനാലും, ഇടമലയാര്‍ കനാലുമാണ് പഞ്ചായത്തില്‍ കാര്‍ഷികാവശ്യത്തിനുള്ള വെള്ളം എത്തിക്കുന്നത്. കുട്ട, പനമ്പ് നെയ്ത്ത്, കളിമണ്‍പാത്ര നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം തുടങ്ങിയ ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍കോര്‍ എക്സ്ട്രാക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ബധരീസ് എന്നിവയാണ് ഇടത്തരം സംരംഭങ്ങളില്‍പെടുന്നത്. ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ക്രോംപ്റ്റണ്‍ ഗ്രീവ്സ്, കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ എന്നിവയാണ് വന്‍കിട വ്യാവസായിക സ്ഥാപനങ്ങള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഒരു പെട്രോള്‍ ബങ്ക് പഞ്ചായത്തില്‍ നിലവിലുണ്ട്. പ്രദേശത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അത്താണിയിലാണ്. മൂന്ന് ഷോപ്പിംഗ് കോംപ്ളക്സുകളും ഒരു പൊതു മാര്‍ക്കറ്റുമുള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതില്‍ അകപ്പറമ്പ് യാക്കോബായ പള്ളി, കത്തോലിക്കാ പള്ളി, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. അകപ്പറമ്പ് യാക്കോബായ പള്ളി ചുമര്‍ ചിത്രങ്ങള്‍ക്ക് പേരുകേട്ട ദേവാലയമാണ്. കുന്നിശ്ശേരി ജുമാ മസ്ജിദ് ആണ് പ്രദേശത്തുള്ള മുസ്ലീം ആരാധനാകേന്ദ്രം. അകപ്പറമ്പ് പള്ളി പെരുന്നാള്‍, ശ്രീകുറുംബക്കാവ് ഭഗവതി ക്ഷേത്രം മുടിയേറ്റ്, ആവണംകോട് നവരാത്രി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവ പരിപാടികള്‍. സാഹിത്യകാരന്‍മാരായ പ്രൊഫസര്‍ കേശവന്‍കുട്ടി, ജയപ്രകാശ് അങ്കമാലി, ശ്രീകുമാര്‍ കരിയാട് എന്നിവരും പുരോഹിത ശ്രേഷ്ഠനായ ഏലിയാസ് മാര്‍ അതനേഷ്യസ് തിരുമേനിയും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള പ്രശസ്തരായ വ്യക്തികളില്‍ പെടുന്നു. പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുംബ സംഗീതസഭ, തിരുവിലാംകുന്ന് ഫുട്ബോള്‍ അസ്സോസിയേഷന്‍, പഞ്ചായത്ത് ലൈബ്രറി, മേക്കാവ് യൂണിയന്‍ ലൈബ്രറി എന്നിവിടങ്ങളാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങള്‍. ആരോഗ്യമേഖലയില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ മൂന്ന് വിഭാഗങ്ങളിലും പഞ്ചായത്തില്‍ ചികിത്സ ലഭ്യമാണ്. അത്താണിയിലുള്ള രണ്ടു സ്വകാര്യ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രവുമാണ് അലോപ്പതി ചികിത്സ ലഭ്യമാക്കുന്നത്. ആയുര്‍വേദ ഹോമിയോ ചികിത്സയ്ക്കായി ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൃഗസംരക്ഷണത്തിനായി മേക്കാടില്‍ ഒരു മൃഗാശുപത്രിയും, പ്രജനന കേന്ദ്രവും നിലവിലുണ്ട്. മേക്കാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നെടുമ്പാശ്ശേരി, അകപ്പറമ്പ് എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്ത് പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് നിരവധി പ്രൈമറി സ്കൂളുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അകപ്പറമ്പ് എല്‍.പി.എസ്, തുരുത്തുശ്ശേരി എല്‍.പി.എസ്, മേക്കാട് എസ്.വി.എല്‍.പി.എസ് എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍. എം.എ.എച്ച്.എസ് നെടുമ്പാശ്ശേരി, സെന്റ് ഫ്രാന്‍സിസ് അസ്സീസി  സ്കൂള്‍ അത്താണി എന്നിവ സ്വകാര്യ സ്കൂളുകളാണ്. നിരാലംബരായ കുട്ടികള്‍ക്കായി മധുരപ്പുറത്ത് ജനസേവശിശുഭവന്‍ എന്ന സ്ഥാപനം നിലവിലുണ്ട്. പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശസാല്‍കൃതബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അത്താണി, സഹകരണ ബാങ്കുകളായ  നെടുമ്പാശ്ശേരി പഞ്ചായത്ത് ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അകപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് എന്നിവയാണ് പ്രധാന ബാങ്കുകള്‍. സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് അത്താണി, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. വി.എം.ജി ഹാള്‍ അത്താണി, എം.ജി.എം. ഹാള്‍ മേക്കാട്, ചെറിയ വാപ്പാലശ്ശേരി മാര്‍ ഇഗ്നേഷ്യസ് ഹാള്‍ എന്നിവയാണ് പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹാളുകള്‍. ആവണംകോട് സരസ്വതി കല്യാണമണ്ഡപമാണ് വിവാഹ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. സി.ഐ.എസ്.എഫ് കേന്ദ്രവും, പോസ്റ്റ് ഓഫീസുമാണ് നെടുമ്പാശ്ശേരിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. പോസ്റ്റ് ഓഫീസിന് അത്താണി, മേക്കാട്, വാപ്പാലശ്ശേരി എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വടക്കേക്കര സബ് ഡിവിഷന്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വില്ലേജ് ഓഫീസും, കൃഷി ഭവനും കരിയാടാണ് സ്ഥാപിതമായിരിക്കുന്നത്.