ചരിത്രം

നാവായ എന്ന വാക്കിന്റെ അര്‍ത്ഥം വേദഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന സ്ഥലമെന്നാണ്. അതുകൊണ്ടു തന്നെ ഒരുകാലത്ത് നാവായിക്കുളം അതിപ്രശ്സതമായ പൌരാണിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നുവെന്നു കരുതപ്പെടുന്നു. പുകള്‍പെറ്റ ശ്രീശങ്കരനാരായണ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. 1954-ലാണ് നാവായിക്കുളം പഞ്ചായത്ത് രൂപീകൃതമാവുന്നത്. പുരാതനകാലത്ത് നാവായിക്കുളം ഒരു കാട്ടുപ്രദേശമായിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 1439-ല്‍ നാവായിക്കുളം ക്ഷേത്രം പണികഴിപ്പിച്ചു. അക്കാലത്തെ ഭരണാധികാരിയായിരുന്ന ചേര ഉദയ മാര്‍ത്താണ്ഡവര്‍മ്മ നാവായിക്കുളം ക്ഷേത്രം പണികഴിപ്പിച്ചശേഷം ഒട്ടേറെ ബ്രഹ്മണരെ കൊണ്ടുവന്നു താമസിപ്പിക്കുകയുണ്ടായിയെന്നു ചരിത്രം പറയുന്നു. സ്വാതന്ത്ര്യ സമരത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയ പ്രദേശമായിരുന്നു നാവായിക്കുളം. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ഇവിടെനിന്നു ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. നാവോത്ഥാന നായകന്‍മാരായ എ..കെ.ജി, ഇ.ഗോപാലകൃഷ്ണന്‍, പന്തളം പി.ആര്‍.രാഘവന്‍ പിള്ള എന്നീ നേതാക്കളുടെ നിര്‍ദ്ദേക പ്രകാരം പാട്ടം, തിരുപ്പുവാരം, ജന്‍മിക്കരം തുടങ്ങിയ അനീതികള്‍ക്കെതിരെ ശക്തമായ നിരവധി പ്രക്ഷോഭങ്ങള്‍ ഈ പഞ്ചായത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അയിത്തത്തിനെതിരെയും, മിച്ചഭൂമിക്കു വേണ്ടിയും എന്‍.ഗോപാല കൃഷ്ണന്റെ നേതൃത്വത്തില്‍ അക്കാലത്ത് ധാരാളം സമരങ്ങള്‍ നടന്നിരുന്നു. 1954-ല്‍ പഞ്ചായത്തു രൂപം കൊണ്ടതിനേത്തുടര്‍ന്ന് ആദ്യ പ്രസിഡണ്ടായത് കരിമ്പുവിള നാരായണക്കുറുപ്പായിരുന്നു.