നാവായിക്കുളം

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂര്‍ ബ്ലോക്കില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും ആറ്റിങ്ങല്‍ പട്ടണത്തില്‍ നിന്നും ഏറെയൊന്നും അകലത്തല്ലാതെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 2001-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം 27703 ആണ് ഈ പഞ്ചായത്തിലെ ജനസംഖ്യ. ജനസംഖ്യയില്‍ 13084 പേര്‍ പുരുഷന്‍മാരും 14619 സ്ത്രീകളുമാണ്. നാവായിക്കുളം, കുടവൂര്‍ എന്നീ രണ്ടു വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് നാവായിക്കുളം പഞ്ചായത്ത്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലാണ് നാവായിക്കുളം ഉള്‍പ്പെടുന്നത്. തെക്കുഭാഗത്ത് കരവാരം, ഒറ്റൂര്‍, ചെമ്മരുതി എന്നീ പഞ്ചായത്തുകളും (പോങ്ങനാട്-കല്ലമ്പലം-വര്‍ക്കല റോഡ്), വടക്കുഭാഗത്ത് കല്ലുവാതുക്കല്‍, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളും (പാരിപ്പള്ളി-നിലമേല്‍ റോഡ്), കിഴക്കുഭാഗത്ത് പള്ളിക്കല്‍, മടവൂര്‍, നഗരൂര്‍ എന്നീ പഞ്ചായത്തുകളും (തോളൂര്‍-ഞാറയില്‍കോണം-സീമന്തപുരം-തലവിളമുക്ക് റോഡ്), പടിഞ്ഞാറ് ചെമ്മരുതി, ഇലകമണ്‍, കല്ലുവാതുക്കല്‍ എന്നീ പഞ്ചായത്തുകളുമാണ് (പാരിപ്പള്ളി-വര്‍ക്കല റോഡ്) നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍. 1954-ലാണ് ഈ പഞ്ചായത്ത് രൂപം കൊള്ളുന്നത്. കരിമ്പുവിള നാരായണക്കുറുപ്പായിരുന്നു ആദ്യ പ്രസിഡന്റ്. നാവായ എന്ന വാക്കിന്റെ അര്‍ത്ഥം വേദഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന സ്ഥലമെന്നാണ്. അതുകൊണ്ടു തന്നെ ഒരുകാലത്ത് നാവായിക്കുളം അതിപ്രശ്സതമായ പൌരാണിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നുവെന്നു കരുതപ്പെടുന്നു. പുകള്‍പെറ്റ ശ്രീശങ്കരനാരായണ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.