കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍ പള്ളം ബ്ളോക്കില്‍ നാട്ടകം, വേളൂര്‍ (ഭാഗികം), പനച്ചിക്കാട്(ഭാഗികം) എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് നാട്ടകം ഗ്രാമപഞ്ചായത്ത്. 25.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കോട്ടയം മുനിസിപ്പാലിറ്റി, തിരുവാര്‍പ്പ് പഞ്ചായത്ത്, തെക്ക് കുറിച്ചി, നീലംപേരൂര്‍(ആലപ്പുഴ ജില്ല) പഞ്ചായത്തുകള്‍, കിഴക്ക് പനച്ചിക്കാട് പഞ്ചായത്ത്, പടിഞ്ഞാറ് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍, കാവാലം പഞ്ചായത്തുകള്‍ എന്നിവയാണ്.1953 ജൂലൈ മാസം 27ാം തീയതി നാട്ടകം പഞ്ചായത്ത് നിലവില്‍ വന്നു. കോട്ടയം പട്ടണത്തോടു തൊട്ടുകിടക്കുന്ന ഈ പഞ്ചായത്ത്, പട്ടണത്തിന്റെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന കൊടൂരാറിനാല്‍ വേര്‍പ്പെടുത്തപ്പെടുന്നു. തെക്കുവടക്കായി കിടക്കുന്ന പഞ്ചായത്തില്‍കൂടി ചിങ്ങവനം മുതല്‍ കോടിമത വരെയുള്ള എം.സി.റോഡ് ഭാഗം കടന്നുപോകുന്നു. തിരുവിതാകൂര്‍ രാജകുടുംബത്തിന്റെ ഭരണത്തില്‍ പെട്ടിരുന്ന വിശാലമായ ഒരു ഗ്രാമപ്രദേശമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ നാട്ടകം. അതിനുമുമ്പ് തെക്കുംകൂര്‍ രാജഭരണത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം.  കോട്ടയം പട്ടണത്തിന്റെ വികസനം ഈ പഞ്ചായത്തിന്റെ നഗരവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നു. കിഴക്ക് പൊങ്ങിയും പടിഞ്ഞാറോട്ട് ചരിവുമുള്ള ഭൂപ്രദേശമാണ് നാട്ടകം. പടിഞ്ഞാറ് വേമ്പനാട്ടുകായലും അതിനോട് തൊട്ടൊരുമ്മികിടക്കുന്ന നിലങ്ങളും വെള്ളക്കെട്ടുള്ള  ചളി നിറഞ്ഞ പ്രദേശവുമാണ്. കിഴക്കോട്ട് ഉയര്‍ന്ന ഭൂമിയും ചെങ്കല്ലുനിറഞ്ഞതുമാണ്. മദ്ധ്യഭാഗം ചെങ്കല്ലും ചരലും നിറഞ്ഞഭാഗമാണ്. കരിങ്കല്‍പാറക്കെട്ടുള്ള സ്ഥലങ്ങള്‍ മുട്ടം, മറിയപ്പള്ളി, ചിങ്ങവനം എന്നിവിടങ്ങളില്‍ അവിടവിടെയായി കാണപ്പെടുന്നു. ഇവിടെ പ്രധാനകൃഷി നെല്ലുതന്നെ. പടിഞ്ഞാറ് വേമ്പനാട്ടുകായലും കിഴക്ക് ചോഴിയക്കാട്, പനച്ചിക്കാട്, പന്നിമറ്റം, കടുവാക്കുളം, മുപ്പായിക്കാട് എന്നീ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്ന കാട്ടുപ്രദേശങ്ങളും ആയിരുന്നു. കാടിനും കായലിനും മദ്ധ്യേ കിടന്നിരുന്ന സ്ഥലമായതിനാലാകാം നാട്ടിനകം  എന്ന അര്‍ത്ഥസൂചന  നല്‍കുന്ന നാട്ടകം എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. ഗാന്ധിയന്‍ ആദര്‍ശത്തില്‍ വ്യക്തിജീവിതം നയിക്കുന്ന അഭയ്ദേവ് ഈഗ്രാമത്തിന്റെ സന്താനമാണ്. മലയാളചലച്ചിത്ര രംഗത്ത് അതുല്യ സംഭാവന നല്‍കിയ പ്രതിഭാധനനാണ് അഭയദേവ്. ദിവാന്‍ സര്‍ സി.പി.രാമസ്വാമിഅയ്യരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ട്രാവന്‍കൂര്‍ സിമന്റ്സ് ഫാക്ടറിയും പള്ളം പവര്‍ഹൌസും  നാട്ടകത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച പള്ളിവാസല്‍ ഹൈഡ്രോഇലക്ട്രിക് ജലവൈദ്യുതപദ്ധതിയുടെ വിതരണകേന്ദ്രമായിരുന്നു പള്ളം പവര്‍ഹൌസ്. ട്രാവന്‍കൂര്‍ സിമന്റ്സ് ഫാക്ടറി 1949 ലാണ് നാട്ടകത്ത് സ്ഥാപിച്ചത്. വേമ്പനാട്ട് കായലില്‍ സമൃദ്ധമായുള്ള കക്കയും ചെളിയുമപയോഗിച്ച് നിര്‍മ്മിക്കുന്ന സിമന്റ് ഇന്ത്യയില്‍ തന്നെ ഏറ്റവും മേന്മയേറിയവ എന്നുകരുതപ്പെടുന്നു. നാട്ടകത്തെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ഈ വ്യവസായകേന്ദ്രം മാറി.