ചരിത്രം

സാമൂഹിക-സാംസ്കാരിക ചരിത്രം

ആദിവാസികളും ചുരുക്കം ചില കുടംബങ്ങളും ഒഴിവാക്കിയാല്‍ ജനവാസം വിരളമായിരുന്ന ഒരു വനപ്രദേശമായിരുന്നു പഴയകാലത്ത് ഈ സ്ഥലം. സമീപകാലങ്ങളിലായി കുടിയേറിയ കര്‍ഷകരും പദ്ധതിപ്രദേശങ്ങളില്‍ നിന്നും കുടിയിറക്കി പുനരധിവസിപ്പിക്കപ്പെട്ട ജനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇവിടുത്തെ ഇന്നത്തെ ജനസംഖ്യ. കാടും മലയും വെട്ടിനിരപ്പാക്കി കൃഷിഭൂമികളാക്കിയ കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ഭഗീരഥയത്നമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാനം. അടുത്തകാലത്തു വന്ന ഒന്നുരണ്ട് ചെറുകിട യൂണിറ്റുകളൊഴിച്ചാല്‍ വ്യവസായസംരംഭങ്ങള്‍ ഒന്നും തന്നെയില്ല. റബ്ബര്‍ ടാപ്പിംഗിലാണ് ഭൂരിഭാഗം തൊഴിലാളികളും ഏര്‍പ്പെട്ടിരിക്കുന്നത്. ലോഡിംഗ്, മണല്‍വാരല്‍, വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളും കുറവല്ല. സംസ്ഥാനത്തെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് ഗള്‍ഫുസ്വാധീനം വളരെകുറവാണ്. ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ അണക്കെട്ട് നിര്‍മ്മിക്കുന്നതുവരെ പമ്പാനദി വര്‍ഷം മുഴുവന്‍ പ്രൌഡഗംഭീരമായിരുന്നു. ഇന്ന് കാലവര്‍ഷക്കാലത്തുമാത്രമേ പഴയ ഗാംഭീര്യം പമ്പയ്ക്കുള്ളൂ. അധ്വാനശീലരായ കര്‍ഷകര്‍ അധിവസിക്കുന്ന നാറാണംമൂഴി പഞ്ചായത്തിന്റെ സമ്പദ്ഘടനയുടെ ആണിക്കല്ല് റബര്‍കൃഷിയാണ്. കിഴക്കന്‍ മലയോര പ്രദേശമാകയാല്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴയില്‍ അല്പം കൂടുതല്‍ ഇവിടെ കിട്ടുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംസ്കാരമുള്ള ഒരു ജനത അധിവസിച്ചിരുന്നതിന്റെ സൂചനകള്‍ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. നാറാണംമൂഴി, ചൊള്ളനാവയല്‍, കച്ചേരിത്തടം, അടിച്ചിപ്പുഴ, പൊന്നമ്പാറ, തോമ്പിക്കണ്ടം, ഇടമുറി, ശാസ്താംകണ്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്. ഒന്നിലധികം ക്ഷേത്രാവശിഷ്ടങ്ങള്‍, ശിലാവിഗ്രഹങ്ങള്‍, വീടുകളുടെ അവശിഷ്ടങ്ങള്‍, വലുതും ചെറുതുമായ കല്ലറകള്‍, കല്‍പലകകള്‍, അതിരുകയ്യാലകള്‍ എന്നീ പുരാവസ്തുക്കള്‍ കൃഷിപ്പണികളിലേര്‍പ്പെട്ടിരുന്ന ആളുകള്‍ക്ക് വിവിധ കാലയളവില്‍ ലഭിച്ചതായും ഈ സ്ഥലത്തുനിന്ന് ഒരു ശാസ്താക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുള്ളതായും സൂചനകളുണ്ട്. ഇടമുറിയിലെ ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് നടന്നിരുന്ന സ്ഥലമാണ് ആറാട്ടുമണ്ണ്. ശാസ്താകണ്ടം, ഇടമുറി, കുടമുരുട്ടി, കൊച്ചുകുളം തുടങ്ങിയ സ്ഥലങ്ങളില്‍ പഴയകാലത്ത് പാര്‍ത്തിരുന്ന ബ്രാഹ്മണരും അവര്‍ണ്ണരും തമ്മില്‍ നിരന്തരം പോരാട്ടം നടന്നിരുന്നുവത്രെ. രണ്ടാം വാര്‍ഡില്‍പ്പെട്ട മണക്കയം ഫോറസ്റ്റില്‍ ഇടക്കുന്നം എന്ന സ്ഥലത്ത് ഒരു പുരാതനക്ഷേത്രവും ക്ഷേത്രക്കുളവും ഉണ്ടായിരുന്നു. ക്ഷേത്രം നാമാവശേഷമായെങ്കിലും കുളം ഇന്നും ജലസമൃദ്ധമായി നിലകൊള്ളുന്നു. കൊച്ചുകുളം, കുടമുരുട്ടി എന്നീ പ്രദേശങ്ങള്‍ മുന്‍കാലങ്ങളില്‍ എമ്പ്രാംകുടി എന്ന് അറിയപ്പെട്ടിരുന്നു. നാറാണംമൂഴി നിലയ്ക്കല്‍ പള്ളിയുടെ ചരിത്രം വിശുദ്ധ തോമാശ്ളിഹായുടെ ആഗമനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ശബരിമലക്ഷേത്രം, പെരുനാട് ശാസ്താക്ഷേത്രം എന്നിവിടങ്ങളിലെ അടിയന്തിരാദികര്‍മ്മങ്ങളില്‍, നാറാണംമൂഴി പഞ്ചായത്തിന്റെ ഏഴാം വാര്‍ഡിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍പ്പെട്ട കൈച്ചിറ കടപ്പുഴചാണ്ടി എന്ന വ്യക്തിക്കും പിന്‍ഗാമികള്‍ക്കും അവകാശമനുവദിച്ചിട്ടുള്ള മതസൌഹാര്‍ദ്ദത്തിന്റെ പാരമ്പര്യമാണ് ഈ പഞ്ചായത്തിനുള്ളത്. ഈ പഞ്ചായത്തിലെ വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ ജാതിമതഭേദമെന്യേ എല്ലാവരും പങ്കെടുക്കാറുണ്ട്. മാര്‍ത്തോമ്മാ സഭയുടെ നേത്യത്വത്തില്‍ ആരംഭിച്ച എം.റ്റി.എല്‍.പി.സ്കൂളാണ് പഞ്ചായത്തിലെ ആദ്യ സ്കൂള്‍. 1983-ലാണ് നാറാണംമൂഴി പഞ്ചായത്ത് നിലവില്‍ വന്നത്. ആദ്യ പ്രസിഡന്റ് കെ.റ്റി.ജോര്‍ജ്ജായിരുന്നു.