നന്മണ്ട

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കിലെ ചേളന്നൂര്‍ ബ്ളോക്ക് പരിധിയില്‍ നന്മണ്ട വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് നന്മണ്ട ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 23.01 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകള്‍, കിഴക്ക് ഉണ്ണികുളം, കാക്കൂര്‍  പഞ്ചായത്തുകള്‍, തെക്ക് കാക്കൂര്‍, തലക്കുളത്തൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് തലക്കുളത്തൂര്‍, അത്തോളി പഞ്ചായത്തുകള്‍ എന്നിവയാണ്. നന്മണ്ട അംശവും ചീക്കിലോട് അംശവും സംയോജിപ്പിച്ച്  നന്മണ്ട വില്ലേജ് മാത്രം ഉള്‍ക്കൊള്ളുന്ന നന്മണ്ട പഞ്ചായത്ത് കോഴിക്കോട് താലൂക്കിന്റെ ഏറ്റവും വടക്കെ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പ് നിക്ഷേപത്തിന് പേരു കേട്ട എലിയോട് മലയോട് ചേര്‍ന്ന് കിടക്കുന്ന പുക്കുന്ന് മല നന്മണ്ട പഞ്ചായത്തിലാണ്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് ഇരുമ്പയിര് ഖനനം ചെയ്ത് ഉരുപ്പടികള്‍ നിര്‍മ്മിച്ചതിന്റെ തെളിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഐറ്റിട എന്ന സ്ഥലപ്പേര് തന്നെ അയിര് ഉള്ള ഇട എന്ന നിലയില്‍ ഇരുമ്പയിര് കുഴിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. അയിര് കുഴിച്ചെടുത്ത ഗുഹകളും ചാലുകളും ഇവിടെ കാണാം. നന്മണ്ടയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കലകളായിട്ടുള്ള തിറ, വെള്ളാട്ട്, പരിചമുട്ട്, വട്ടക്കളി, കോല്‍ക്കളി തുടങ്ങിയവ അനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും ആഘോഷിച്ചു വരുന്നു. ആയുര്‍വദ രംഗത്ത് ലോകശ്രദ്ധയാകര്‍ഷിച്ച കോട്ടാക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ വൈദ്യരത്നം പി.എസ്.വാര്യര്‍ പന്ന്യം പള്ളി വാര്യംമഠം തലമുറക്കാരനായിരുന്നു. ആതുരസേവനരംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ഭിഷഗ്വരന്മാരുടേയും നേത്രരോഗ വിദഗ്ദ്ധന്‍മാരുടേയും കര്‍മ്മങ്ങള്‍കൊണ്ട് പവിത്രമായ പുണ്യഭൂമിയാണ് നന്മണ്ട പഞ്ചായത്ത്. ഇമ്പിച്ചുണ്ണി വൈദ്യര്‍, തെക്കേടത്ത് ഉണ്ണിനായര്‍, കോട്ടയുള്ളതില്‍ ചാപ്പുണ്ണി നായര്‍, ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ അറിയപ്പെടുന്ന നാട്ടുവൈദ്യന്മാരായിരുന്നു. വിഷവൈദ്യശിരോമണി ചാപ്പോട്ടി വൈദ്യര്‍, ചെറുവോട്ട് നാരായണന്‍ നായര്‍ എന്നിവരും അവിസ്മരണീയരാണ്. 1950-കളുടെ ഉത്തരാര്‍ദ്ധത്തിലാണ് നന്മണ്ട പഞ്ചായത്ത് നിലവില്‍ വന്നത്. പ്രസിഡന്റിനെ കൈപൊക്കി തെരഞ്ഞെടുക്കുന്ന അന്നത്തെ രീതിയില്‍ ആദ്യത്തെ പ്രസിഡന്റ് കൊല്ലങ്കണ്ടി പാച്ചന്‍ ആയിരുന്നു. പിന്നീട് 1960-ലെ കേരള പഞ്ചായത്ത് നിയമപ്രകാരം നിലവില്‍ വന്ന നന്മണ്ട പഞ്ചായത്തിലേക്ക് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത് 1963-ലാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കി.മീറ്ററോളം വടക്ക് കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് നന്മണ്ട ഗ്രാമപഞ്ചായത്ത്. പൊതുവെ കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്. ഏറ്റവും ഉയരം കൂടിയ പുക്കുന്നിന് സമുദ്രനിരപ്പില്‍ നിന്ന് 170 മീറ്ററോളം ഉയരമുണ്ട്. ചെറുതും വലുതുമായ ഒട്ടനവധി കുന്നുകളും മലകളും പഞ്ചായത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുമുണ്ട്. കരിങ്കല്‍ പാറകളും ചെങ്കല്‍ പാറകളും പല ഭാഗത്തും കാണാന്‍ കഴിയും. കുന്നിന്‍ ചെരുവുകളില്‍ നീരുറവകള്‍ പലയിടത്തുമുണ്ട്. പഞ്ചായത്ത് പൂര്‍ണ്ണമായും ഒരു കാര്‍ഷിക മേഖലയാണ്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 60% കുന്നുകളും താഴ്വരകളുമാണ്. ഏറ്റവും കിഴക്കുഭാഗത്ത് പരലാട് മല സ്ഥിതി ചെയ്യുന്നു. അതിന്റെ സമീപത്തായി കണ്ടിക്കുന്ന് മല, പുരയോട്ടുകണ്ടി മല, പെരിങ്ങോട് മല ഇവയും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്ത് നിന്ന് തുടങ്ങി നീണ്ടുയര്‍ന്നു കിടക്കുന്ന ഏറ്റവും വലിയ മലയാണ് പുക്കുന്ന് അഥവാ പൊന്‍കുന്ന്. പുക്കുന്നുമലയില്‍ വറ്റാത്ത നിരവധി നീരുറവകളും നീരൊഴുക്കുകളും കണ്ടു വരുന്നു. കൈതയില്‍, വെള്ളച്ചാല്‍ എന്നീ വറ്റാത്ത നീരുറവകള്‍ പ്രകൃതിയുടെ വരദാനങ്ങള്‍ തന്നെയാണ്. ഈ മലയുടെ ഏറ്റവും ഉയര്‍ന്നഭാഗത്ത് നെല്‍കൃഷി കാണുന്നു എന്നത് രസാവഹമാണ്. എ.ഡി. ആയിരാമാണ്ട് മുതല്‍ ഇംഗ്ളീഷുകാരുടെ ആധിപത്യം വരെ ഏതാണ്ടൊരെട്ട് നൂറ്റാണ്ട് കാലത്തെ അറിയപ്പെടുന്ന പാരമ്പര്യമുള്ള കുറുമ്പ്രനാട് സ്വരൂപത്തിന്റെ ഭാഗമായിരുന്നു  നന്മണ്ട.