പഞ്ചായത്തിലൂടെ

നടുവില്‍ - 2010

1955 ഏപ്രില്‍ 1-ന് കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്ത് നിലവില്‍ വന്നു. 87.97 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആലക്കോട് പഞ്ചായത്തും, കിഴക്ക് എരുവശ്ശേരി പഞ്ചായത്തും, തെക്ക് ചെങ്ങളായി-ശ്രീകണ്ഠപുരം പഞ്ചായത്തും, പടിഞ്ഞാറ് ചപ്പാരപ്പടവ് പഞ്ചായത്തുമാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് പഞ്ചായത്തില്‍ 15767 സ്ത്രീകളും, 15580 പുരുഷന്‍മാരും ഉള്‍പ്പെടെ ആകെ ജനസംഖ്യ 31347 ആണ്. 90% ആണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. പൈതല്‍മല, തേര്‍മല, ആശാന്‍ കവല, താവുക്കുന്ന്, മലിയംപെട്ടി, പാത്തന്‍പാറ തുടങ്ങി ഒരു കൂട്ടം മലകള്‍ ഉള്‍ക്കൊളളുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. മലനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ് ഓര്‍ക്കയം പുഴ, കരുവാഞ്ചല്‍ പുഴ എന്നിവ. നോര്‍ത്തേണ്‍ മിഡ്ലാന്‍ഡ് സോണില്‍ വരുന്ന ഈ പഞ്ചായത്തില്‍ പൊതുവെ കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണാണുള്ളത്. റബ്ബര്‍, തെങ്ങ്, കമുക്, കുരുമുളക്, കാപ്പി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. പഞ്ചായത്തിലൂടെ ഒഴുകുന്ന പുഴകളും ഇരുപതിലധികം കുളങ്ങളും ജലസ്രോതസ്സായുണ്ട്. പഞ്ചായത്തില്‍ കുടിവെള്ള ഉപയോഗത്തിനായി 18 പൊതുകിണറുകളും, 10 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 127 തെരുവ് വിളക്കുകള്‍ പഞ്ചായത്ത് വീഥികളെ രാത്രികാലങ്ങളിലും യാത്രായോഗ്യമാക്കുന്നു. തളിപ്പറമ്പ്-കൂര്‍ഗ്ബോര്‍ഡര്‍റോഡ്, ഒടുവള്ളിത്തട്ട്-കുടിയാന്‍മല റോഡ്, നടുവില്‍-കൊക്കായി-ചെമ്പന്‍തൊട്ടി റോഡ് തുടങ്ങി ആറിലധികം പ്രധാന റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. കരുവഞ്ചാല്‍ പാലം പഞ്ചായത്തിന്റെ ഗതാഗതപുരോഗതിക്ക് സഹായകമായി വര്‍ത്തിക്കുന്നു. പഞ്ചായത്തിലെ റോഡ് ഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് നടുവില്‍, കരുവഞ്ചാല്‍ ബസ് സ്റ്റാന്‍ഡുകളിലാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പഞ്ചായത്തിന് അടുത്തുള്ള വിമാനത്താവളം കോഴിക്കോടും തുറമുഖം കൊച്ചിയുമാണ്. പഞ്ചായത്തിലെ കരുവഞ്ചാല്‍, നടുവില്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15 റേഷന്‍കടകളും, ഒരു നീതിസ്റ്റോറും ഒരു മാവേലി സ്റ്റോറുമാണ് പഞ്ചായത്തിന്റെ പൊതുവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കരുവഞ്ചാല്‍, നടുവില്‍, പുലിക്കുരുമ്പ എന്നീ സ്ഥലങ്ങള്‍ ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. നടുവില്‍ ശ്രീ ചുഴലി ഭഗവതി ക്ഷേത്രം, വെള്ളാട് ശിവക്ഷേത്രം, നടുവില്‍ ജുമാമസ്ജിദ്, കരുവന്‍ചാല്‍ ജുമാമസ്ജിദ്, വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ചര്‍ച്ച്, പാത്തന്‍പാറ സെന്റ് ആന്റണീസ് ചര്‍ച്ച് തുടങ്ങി വ്യത്യസ്ത മതവിഭാഗങ്ങളുടെ ഇരുപത്തിയഞ്ചാളം ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, തിരുനാള്‍, പെരുന്നാള്‍ തുടങ്ങി എല്ലാവിധ ആഘോഷങ്ങളും നാനാജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നു. തെങ്ങ്കയറ്റയന്ത്രം കണ്ടുപിടിച്ച ജോസഫ് മുതുകുളത്തില്‍ ഈ പഞ്ചായത്തിലെ പ്രശസ്തനായ വ്യക്തിയായിരുന്നു. കായികതാരം ബോബി അലോഷ്യസ് ഈ പഞ്ചായത്തില്‍ നിന്നുള്ള പ്രശസ്തനായ വ്യക്തിയാണ്. യുവജന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബ്, വായാട്ടുപറമ്പ് സ്പോട്ടിംഗ്, പി.പി. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക വായനശാല, സെന്‍ട്രല്‍ ലൈബ്രറി, വെള്ളാട് ലൈബ്രറി, പുലിക്കുരുമ്പ ലൈബ്രറി, ചെറുകാട് ലൈബ്രറി എന്നിവ പഞ്ചായത്തിലെ പ്രധാന കലാകായിക സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. നടുവില്‍ പ്രാഥമികാരോഗ്യകേന്ദ്രം, പൊട്ടന്‍പ്ളാവ്, കരുവഞ്ചാല്‍ എന്നിവിടങ്ങളിലെ ആയുര്‍വ്വേദ ഡിസ്പെന്‍സറികള്‍, കരുവഞ്ചാല്‍, നടുവില്‍ എന്നിവിടങ്ങളിലെ ഹോമിയോ ഡിസ്പെന്‍സറികള്‍ ഇവയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. പഞ്ചായത്തിലെ കരുവഞ്ചാലില്‍ നിന്നും ഒരു സ്വകാര്യ ആംബുലന്‍സ് സേവനവും ലഭ്യമാണ്. മൃഗചികിത്സയ്ക്കായി പുലിക്കുരുമ്പ, കുടിയാന്‍മല എന്നിവിടങ്ങളില്‍ മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാത്തന്‍പാറ നിര്‍മ്മലഗിരി എല്‍.പി.എസ്, നടുവില്‍ സെന്റ്മേരീസ് എച്ച്.എസ്.എസ്, കണിയാഞ്ചല്‍ ജി.എച്ച്.എസ്.എസ്, അരങ്ങ് ജി.എല്‍.പി.എസ് തുടങ്ങി പതിനഞ്ചാളം സര്‍ക്കാര്‍ സര്‍ക്കാരേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായി ഒരു കോളേജും, ഒരു ടെക്നിക്കല്‍ കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധസദനം, അഗതിമന്ദിരം, ശാരീരികവെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ഥാപനം തുടങ്ങി മൂന്നാളം സാമൂഹ്യസേവനസ്ഥാപനങ്ങളും പഞ്ചായത്തിലുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഒരു ശാഖ നടുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരുവാഞ്ചലില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കുന്നു. നടുവില്‍ സഹകരണ ബാങ്ക്, പുലിക്കുരുമ്പ സഹകരണ ബാങ്ക്, കരുവഞ്ചാല്‍ സഹകരണ ബാങ്ക്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, വനിത സര്‍വ്വീസ് സഹകരണബാങ്ക് ഇവയാണ് സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രധാന സ്ഥാപനങ്ങള്‍. പഞ്ചായത്തില്‍ വിവാഹം, പൊതുചടങ്ങുകള്‍ അതുപോലുള്ള മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും, സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കല്ല്യാണമണ്ഡപവും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. വില്ലേജ് ഓഫീസും, കൃഷി ഭവനും സ്ഥിതി ചെയ്യുന്നത് നടുവില്‍ ആണ്. നടുവില്‍, വെള്ളാട് എന്നിവിടങ്ങളില്‍ ടെലഫോണ്‍ എക്സ്ചേഞ്ചുകളുമുണ്ട്. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കുടിയാന്‍ മലയിലാണ്. നടുവില്‍, വെള്ളാട്, കരുവന്‍ചാല്‍, വായാട്ടുപറമ്പ് എന്നീ സ്ഥലങ്ങളില്‍ തപാലോഫീസുകളുമുണ്ട്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ച അക്ഷയകേന്ദ്രത്തിന്റെ രണ്ട് സെന്ററുകള്‍ പഞ്ചായത്തിലെ നടുവില്‍, കരുവന്‍ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ടൂറിസം
കേരളസംസ്ഥാനമാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് നടുവില്‍ പഞ്ചായത്തിലെ പൈതല്‍മല. പ്രാചീനകാലം മുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച് സഹ്യന്റെ നെറുകയില്‍ 4500 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല സമീപപ്രദേശത്തെ ടൂറിസ്റ്റുകളെ മാത്രമല്ല വിദേശ ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നു. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് പൈതല്‍മല. മഹിഷകവംശത്തിലെ പൈതല്‍കോന്‍മാരുടെ ആസ്ഥാനമായിരുന്നു ഈ മലയെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. അന്നിവിടെ രാജകൊട്ടാരങ്ങളും, ക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. അവയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ കാണുന്നു. ഈ മലയില്‍ ഒരു ശിവക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ ഉണ്ട്. പൈതല്‍മലയോടൊപ്പം തന്നെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള മറ്റൊരു സ്ഥലമാണ് ‘നേന്ത്രവട്ടം ഗുഹകള്‍’. നടുവില്‍ ടൌണിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഗുഹകളോടനുബന്ധിച്ച് ചെങ്കല്‍കൊണ്ടുള്ള മതില്‍ക്കെട്ടുകളും അകത്തളങ്ങളും കാണപ്പെടുന്നു.