ചരിത്രം

സാമൂഹ്യചരിത്രം

ഇന്നത്തെ മുഴക്കുന്ന് പഴയകാലത്ത് മൃദംഗശൈലനിലയമായിരുന്നു. കാലാന്തരത്തില്‍ മൃദംഗശൈലം എന്നത് മിഴാവുകുന്ന് എന്നും, തുടര്‍ന്ന് മൊഴക്കുന്ന് എന്നും ഒടുവിലായി ഇന്നത്തെ മുഴക്കുന്ന് എന്നും നാമപരിണാമം സംഭവിച്ചതായി മനസിലാക്കാം. കോട്ടയം രാജാവിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠനക്കളരിയും ഈ നാട്ടിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പ്രൌഢമായ പ്രസ്തുത കോവിലകങ്ങള്‍ ഇതിനോടകം നശിച്ചുപോയി. പ്രസിദ്ധമായ മൃദംഗശൈലേശ്വരി ക്ഷേത്രവും പിണ്ടാലിക്കളരിയും ഇന്നും അവശേഷിക്കുന്നുണ്ട്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന ഐതിഹ്യത്തിലെ 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം എന്നു പറയപ്പെടുന്നു. ശ്രീദുര്‍ഗ്ഗയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ആയോധനവിദ്യ പഠിപ്പിക്കുന്നതിന് പുരാതനകാലത്ത് സ്ഥാപിക്കപ്പെട്ട 64 കളരികളിലൊന്നാണത്രെ പിണ്ടാലിക്കളരി. ഈ കളരിയില്‍ നിന്നാണ് കോട്ടയത്തു രാജാക്കന്‍മാര്‍ ആയോധനവിദ്യ അഭ്യസിച്ചിരുന്നത്. പ്രസ്തുത കുടുംബത്തിലെ കാരണവരെ പിണ്ടാലിഗുരുക്കള്‍ എന്നു വിളിച്ചുവരുന്നു. രാജാക്കന്‍മാരെ വിദ്യ അഭ്യസിപ്പിച്ചുവന്നിരുന്ന ഓതിക്കന്‍മാര്‍ എന്ന് വിളിച്ചുവരുന്ന വൈദികന്‍മാരുടെ ഇല്ലവും ഈ ക്ഷേത്ര പരിസരത്താണ്. പുരളിമലയിലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഹരിശ്ചന്ദ്രകോട്ടയും ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പരാമര്‍ശിക്കുന്ന കുമാരധാരയും (ഇന്നത്തെ ഗുണ്ണിക) കാവുംപറമ്പിലെയും, വടുവല്‍ പൊന്നുവെച്ചപാറയിലെയും ഗുഹാകേന്ദ്രങ്ങളും, പാലയിലെ അങ്ങാടിച്ചാലും, കൂലോം(കോവിലകം) ഭാഗവും, നരഹരിക്ഷേത്രവും, അമൃതേത്തുപാറയും, ആഴ്ചചന്ത നടത്തിയിരുന്ന ആയിച്ചോത്തും, വിളക്കോടിലെ അയ്യപ്പന്‍കാവും, മഹാദേവക്ഷേത്രവും, പുരളിമലയിലെ ഒട്ടേറെ മഠപ്പുരകളും, നല്ലൂരിലെ ചുങ്കസ്ഥാനവും, വൈദികബ്രാഹ്മണന്മാരുടെ 64 ഇല്ലങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ഗ്രാമവും ഈ നാട്ടിന്റെ ഗതകാലചരിത്രത്തിന്റെ ശേഷിപ്പുകളില്‍ ചിലതാണ്. കലാസാംസ്ക്കാരിക രംഗത്തും ഈ നാടിന്റെ ചരിത്രം അഭിമാനകരമാണ്. കഥകളി സാഹിത്യകാരന്‍മാരില്‍ പ്രമുഖനായ കോട്ടയത്തു തമ്പുരാനാല്‍ രചിക്കപ്പെട്ട ബകവധം, കിര്‍മ്മീരവധം, കല്യാണസൌഗന്ധികം, നിവാതകവച കാലകേയവധം എന്നീ നാലു ആട്ടക്കഥകള്‍ രചിക്കപ്പെട്ടത് മൃദംഗശൈലേശ്വരി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ വസ്തുതയെ സാധൂകരിക്കുന്ന തെളിവായി അതോടനുബന്ധിച്ചുള്ള വന്ദനശ്ളോകം തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ശ്ളോകത്തെ പ്രസിദ്ധ ചരിത്രപണ്ഡിതന്‍മാരായ ആറ്റൂര്‍ കൃഷ്ണപിഷാരടി, ജി.രാമകൃഷ്ണപ്പിള്ള, ദേശമംഗലത്ത് രാമവാര്യര്‍ തുടങ്ങിയവര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രസ്തുത വിശകലനത്തില്‍ മുഴക്കുന്നിന്റെ ഗതകാലസംസ്കാരത്തിന്റെ പ്രാധാന്യവും വിളിച്ചറിയിക്കുന്നുണ്ട്. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ പുരളിമലയിലെ പൂമരങ്ങള്‍ എന്ന കവിതയും ഈ നാടിന്റെ സാംസ്കാരികമഹത്വം വിളിച്ചോതുന്നതാണ്. കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ വാസ കേന്ദ്രമായിരുന്നു മുഴക്കുന്ന് എന്നത് ഈ നാടിന്റെ ചരിത്രപ്രാധാന്യത്തിനു നിദര്‍ശകമാണ്. അദ്ദേഹത്തിന്റെ പടയാളികളില്‍ ആദിവാസികളുടെ, പ്രത്യേകിച്ച് കുറിച്ച്യവിഭാഗത്തിന്റെ പങ്ക് പ്രധാനപ്പെട്ടതായിരുന്നു. ഒരുകാലത്ത് കുറിച്യജനത പുരളിമലയുടെ താഴ്വരയില്‍, ഇന്നത്തെ മുടക്കോഴി ഭാഗത്ത് തിങ്ങിപാര്‍ത്തിരുന്നു. സമൂഹത്തിലെ അന്യവിഭാഗത്തില്‍ നിന്നും എപ്പോഴും മാറി നില്‍ക്കാന്‍ ആഗ്രഹിച്ച അവര്‍ താമസിച്ച പ്രദേശമായതിനാല്‍ മുടക്കുവഴി എന്നറിയപ്പെട്ട ഇവിടം, പില്‍ക്കാലത്ത് മുടക്കുവഴി എന്നത് ലോപിച്ച് മുടക്കോഴി എന്ന സ്ഥലനാമമായി മാറി. കരകൌശല ശില്പവിദ്യകളില്‍ പ്രത്യേകിച്ച് മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂര്‍ ദേശം പ്രസിദ്ധമായിരുന്നു. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കലശപൂജക്ക് ആവശ്യമായ മണ്‍പാത്രങ്ങള്‍ ഇവിടെ നിന്നാണ് പണ്ടുകാലം മുതല്‍ കൊണ്ടുപോയിരുന്നത്. ഇന്നും പ്രസ്തുത പാരമ്പര്യം നല്ലൂരന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗം നിലനിര്‍ത്തുന്നു. വാണിജ്യരംഗത്ത് മുസ്ളീം അധിനിവേശത്തോടെയാണ് ഈ നാട് ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നത്. ഏതാണ്ട് നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ പാലയിലെ അങ്ങാടിച്ചാല്‍ പ്രദേശം മികച്ച വാണിജ്യകേന്ദ്രമായിരുന്നു. മറ്റു വ്യാപാരങ്ങള്‍ക്കൊപ്പം ഇവിടം ഓട്ടുവിളക്കുകളുടെ വ്യാപാരകേന്ദ്രം കൂടിയായിരുന്നതിനാലാവാം വിളക്കോട് എന്ന സ്ഥലനാമമുണ്ടായത്. പഴയ കാലത്ത് ഇവിടെയുണ്ടായിരുന്ന എല്ലാ ഭൂമിയും കോട്ടയത്തുരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് നായര്‍ പ്രഭുക്കന്‍മാരുടെയും നമ്പൂതിരിമാരുടേതുമായി. ആദ്യകാലത്ത് വാമൊഴിയായി നീര്‍വീഴ്ത്തിക്കൊടുത്താണ് ഭൂമികൈമാറ്റങ്ങള്‍ നടത്തപ്പെട്ടത്. ബ്രിട്ടീഷ് ഭരണാരംഭത്തോടെ റവന്യൂഭരണത്തില്‍ വന്ന മാറ്റത്തിന്റെ തുടക്കമായിരുന്നു അധികാരിസ്ഥാനങ്ങള്‍ (ഇന്നത്തെ വില്ലേജ് ഓഫീസര്‍) എന്ന തസ്തിക. പ്രമുഖജന്‍മി കുടുംബങ്ങള്‍ക്കായിരുന്നു പ്രസ്തുത പദവി നല്‍കപ്പെട്ടിരുന്നത്. ദേശീയ സ്വാതന്ത്രപ്രസ്ഥാനത്തിനും കര്‍ഷകപ്രസ്ഥാനത്തിനും ഈ നാട്ടില്‍ ബീജാവാപം ചെയ്തത് അന്യദേശങ്ങളില്‍ നിന്ന് അധ്യാപകരായി വന്ന ഗുരുശ്രേഷ്ഠന്‍മാരായിരുന്നു. അവരില്‍ പേരെടുത്തു പറയേണ്ട രണ്ടു മഹത്്വ്യക്തികളായിരുന്നു ഇ.നാരായണവാര്യരും, കെ.പി.കുഞ്ഞാപ്പു മാസ്റ്ററും. കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത നേതാവായിരുന്നു കുഞ്ഞാപ്പു മാസ്റ്റ്റര്‍. 1948-ല്‍ മുനയന്‍കുന്ന് വെടിവെപ്പില്‍ രക്തസാക്ഷിത്വം വരിച്ച ആ മഹാനുഭാവന്റെ സാന്നിദ്ധ്യമായിരുന്നു ഈ ഗ്രാമത്തില്‍ ദേശീയ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. 1940 ആകുമ്പോഴേക്കും കര്‍ഷക സംഘത്തിന്റെയും സ്വാതന്ത്യ്ര പ്രസ്ഥാനത്തിന്റെയും സ്വാധീനം ഈ വില്ലേജില്‍ ശക്തമായിരുന്നു. അക്കാലത്ത് എ.കെ.ജി മുതലായവരുടെ നേതൃത്വപരമായ ഉപദേശനിര്‍ദ്ദേശങ്ങളും, ഇടയ്ക്കിടെയുള്ള സന്ദര്‍ശനങ്ങളും ഈ പ്രദേശത്തിന്റെ രാഷ്ട്രീയപ്രബുദ്ധയെ വളര്‍ത്തുന്നതിനു സഹായിച്ചു. സ്വാതന്ത്യ്രലബ്ധിയോടെ ജന്‍മിപ്രവരന്‍മാര്‍ ഭരണത്തിന്റെ നിയന്ത്രണക്കാരായി മാറി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കാരണം നാട്ടില്‍ കടുത്തക്ഷാമം അനുഭവപ്പെട്ടു. ദാരിദ്യ്രം മൂലം ജനങ്ങള്‍ വളരെ പ്രയാസത്തിലായി. ഇതിന്റെ ഫലമായി പഴയ മലബാര്‍ പ്രദേശത്താകമാനം ജനങ്ങള്‍ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും എതിരായ പ്രതൃക്ഷസമരത്തില്‍ ഭാഗഭാക്കുകളായി മാറുവാന്‍ തുടങ്ങി. ഈ സമരങ്ങളുടെ വേലിയേറ്റം മുഴക്കുന്നിലും പരിസരപ്രദേശങ്ങളിലും അലയടിച്ചു. അതിന്റെ ഫലമായാണ് പ്രസിദ്ധമായ തില്ലങ്കേരി നെല്ലെടുപ്പു സമരം നടന്നത്. മുടക്കോഴി സ്ക്കൂള്‍ അധ്യാപകനായിരുന്ന സി.അനന്തന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു പ്രസ്തുത സമരം. ഇതില്‍ പങ്കാളികളായവരില്‍ ഭൂരിഭാഗവും മുഴക്കുന്ന,് മുടക്കോഴി നിവാസികളായിരുന്നു. 1948 ഏപ്രില്‍ മാസത്തിലെ വിഷുവോടനുബന്ധിച്ചായിരുന്നു ഒരുപിടി നെല്ലിനു വേണ്ടിയുള്ള ഈ സമരം നടന്നത്. സമരത്തിന്റെ ഭാഗമായി ഏപ്രില്‍ 15-നു നടന്ന പ്രകടനത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ സി.അനന്തന്‍ മാസ്റ്ററടക്കം ഒമ്പതുപേര്‍ രക്തസാക്ഷികളായി.

സാംസ്കാരികചരിത്രം

ഒരുകാലത്ത് കുറിച്യജനത പുരളിമലയുടെ താഴ്വരയില്‍, ഇന്നത്തെ മുടക്കോഴി ഭാഗത്ത് തിങ്ങിപാര്‍ത്തിരുന്നു. സമൂഹത്തിലെ അന്യവിഭാഗത്തില്‍ നിന്നും എപ്പോഴും മാറി നില്‍ക്കാന്‍ ആഗ്രഹിച്ച അവര്‍ താമസിച്ച പ്രദേശമായതിനാല്‍ മുടക്കുവഴി എന്നറിയപ്പെട്ട ഇവിടം, പില്‍ക്കാലത്ത് മുടക്കുവഴി എന്നത് ലോപിച്ച് മുടക്കോഴി എന്ന സ്ഥലനാമമായി മാറി. കരകൌശല ശില്പവിദ്യകളില്‍ പ്രത്യേകിച്ച് മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഒരു കാലത്ത് മുഴക്കുന്നിലെ നല്ലൂര്‍ ദേശം പ്രസിദ്ധമായിരുന്നു. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കലശപൂജക്ക് ആവശ്യമായ മണ്‍പാത്രങ്ങള്‍ ഇവിടെ നിന്നാണ് പണ്ടുകാലം മുതല്‍ കൊണ്ടുപോയിരുന്നത്. ഇന്നും പ്രസ്തുത പാരമ്പര്യം നല്ലൂരന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗം നിലനിര്‍ത്തുന്നു. വാണിജ്യരംഗത്ത് മുസ്ളീം അധിനിവേശത്തോടെയാണ് ഈ നാട് ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നത്. ഏതാണ്ട് നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ പാലയിലെ അങ്ങാടിച്ചാല്‍ പ്രദേശം മികച്ച വാണിജ്യകേന്ദ്രമായിരുന്നു. മറ്റു വ്യാപാരങ്ങള്‍ക്കൊപ്പം ഇവിടം ഓട്ടുവിളക്കുകളുടെ വ്യാപാരകേന്ദ്രം കൂടിയായിരുന്നതിനാലാവാം വിളക്കോട് എന്ന സ്ഥലനാമമുണ്ടായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്കാരികപൈതൃകം ഈ നാടിനുണ്ട്. മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രവും, പാലയിലെ അങ്ങാടിച്ചാലും, ബുദ്ധവിഹാരകേന്ദ്രമായിരുന്ന അയ്യപ്പന്‍കാവും, മറ്റു കാവുപറമ്പുകളും, നല്ലൂരിലെ ചുങ്കസ്ഥാനവും വ്യാപാരകേന്ദ്രമായിരുന്ന ആയിച്ചോത്തുമെല്ലാം ഗതകാലചരിത്രത്തിന്റെ അവശിഷ്ടങ്ങളാണ്. കോട്ടയം കഥകളികള്‍ക്ക് തുടക്കം കുറിച്ചതും മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ഈ പഞ്ചായത്തില്‍ ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ എല്ലാ അവാന്തരവിഭാഗങ്ങളും ഇവിടെയുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലായിരുന്നു ഇവിടെ മുസ്ളീം ജനവിഭാഗങ്ങളുടെ കുടിയേറ്റം ആരംഭിക്കുന്നത്. 1940-കളില്‍ ക്രിസ്ത്യന്‍ കുടിയേറ്റം ആരംഭിച്ചു. ഇവിടെ പ്രചാരത്തിലുള്ള പ്രാചീന അനുഷ്ഠാനകലകളുടെ ഭാഗമായി ആടി, വേടന്‍, കോതാമൂരി തുടങ്ങിയ വേഷങ്ങള്‍ കെട്ടിപ്പാടാറുണ്ടായിരുന്നു. ജന്‍മിത്വം നിലനിന്നിരുന്ന കാലങ്ങളില്‍ വെച്ചുകാണല്‍ എന്നാരാചാരമുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന മറ്റൊരാചാരമായിരുന്നു ക്ഷേത്രങ്ങളിലെ മണ്ഡലോത്സവങ്ങളുമായി ബന്ധപ്പെട്ട്, വിളക്കു കാണിക്കുക എന്നത്. മുന്‍കാലങ്ങളില്‍ ഹൈന്ദവമതത്തിലെ ഓരോ വിഭാഗവും അവരുടെ കുലത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് കൊട്ടിയൂരമ്പലത്തിലേക്കുള്ള കലംപോക്കും, അവിലു കൊണ്ടുപോക്കും ഈ പ്രദേശത്തു മാത്രം നിലനിന്നിരുന്ന ആചാരമായിരുന്നു. പഞ്ചായത്തില്‍ 14 വായനശാലകളും 20 ക്ളബ്ബുകളും നിലവിലുണ്ട്. അതിലൊരു വായനശാല പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തിന്റെ കീഴിലും ഒരു ഗ്രന്ഥാലയം ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ കീഴിലും പ്രവര്‍ത്തിക്കുന്നു.