പഞ്ചായത്തിലൂടെ
മുഴക്കുന്ന് - 2010
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് മുഴക്കുന്ന് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1954-ല്‍ ആണ് മുഴക്കുന്ന് പഞ്ചായത്ത് രൂപീകൃതമായത്. 31.04 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പായം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പേരാവൂര്‍, മാലൂര്‍ ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആറളം പുഴയും പടിഞ്ഞാറുഭാഗത്ത് കീഴൂര്‍ ചാവശ്ശേരി, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകളുമാണ്. 21117 വരുന്ന മൊത്തം ജനസംഖ്യയില്‍ 10819 സ്ത്രീകളും 10298 പുരുഷന്മാരും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ജനതയുടെ മൊത്തം സാക്ഷരതാ നിരക്ക് 85 ശതമാനമാണ്. ഹരിശ്ചന്ദ്രകോട്ടയും മൃദംഗ ശൈലീശ്വരി ക്ഷേത്രവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്. പഞ്ചായത്തിലെ മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 21 പൊതുകിണറുകളും നിരവധി സ്വകാര്യ കിണറുകളും പഞ്ചായത്ത് നിവാസികള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 20 ഓളം പൊതുകുടിവെള്ളടാപ്പുകള് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 7 റേഷന്‍ കടകളും ഒരു മാവേലിസ്റ്റോറും പ്രവര്‍ത്തിക്കുന്നു. 70-ല്‍ അധികം തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ കുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്നു. ചെമ്പണ്ണിമല, പുരളിമല എന്നിവ ഇവിടുത്തെ പ്രധാനമലകളാണ്. പഞ്ചായത്തിലെ പ്രധാന മണ്‍തരങ്ങള്‍ വെട്ടുകല്‍മണ്ണ്, ചരല് മണ്ണ്, എക്കല്‍മണ്ണ്, പൂഴിമണ്ണ് എന്നിവയാണ്. സമതലങ്ങളില്‍ ചരല്‍മണ്ണും വയലുകളില്‍ എക്കല്‍മണ്ണുമാണ് കൂടുതലായും കാണപ്പെടുന്നത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് കടലോരത്തിനടുത്തുള്ള ഏതാനും ഭാഗത്താണ് പൂഴിമണ്ണുള്ളത്. തെങ്ങ്, റബ്ബര്‍, നെല്ല്, കശുവണ്ടി, കുരുമുളക്, വാഴ, കവുങ്ങ് എന്നിവയാണ് കൃഷിചെയ്തുവരുന്നത്. വയനാടന്‍ മലകളില്‍ നിന്ന് ഉത്ഭവിച്ച് കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍ പഞ്ചായത്തുകളില്‍കൂടി ഒഴുകിയെത്തുന്ന വളപട്ടണം പുഴയുടെ ഭാഗമായ ആറളം പുഴ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗത്തുകൂടി വടക്കോട്ടൊഴുകുന്നു. 19 പൊതുകുളങ്ങളും നിരവധി കൈത്തോടുകളും ഇവിടെയുണ്ട്. ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിടവ്യവസായങ്ങള്‍ ഇല്ലായെങ്കിലും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇടത്തരം വ്യവസായങ്ങളുടെ 4 യൂണിറ്റുകളും ചെറുകിടവ്യവസായങ്ങളുടെ 6 യൂണിറ്റുകളും പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണിത്.
വിദ്യാഭ്യാസരംഗം
1912-ല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ മുഴക്കുന്നില്‍ ആരംഭിച്ച വിദ്യാലയമാണ് പഞ്ചായത്തിലെ ആദ്യ അംഗീകൃത വിദ്യാലയം. 1976-ല്‍ പാലാ ഗവ. അപ്പര്‍ പ്രൈമറി സ്ക്കൂള് ഹൈസ്ക്കൂള് ആയി ഉയര്‍ത്തിയതോടെ എസ്.എസ്.എല്‍.സി. വരെ പഠിക്കാനുള്ള സൌകര്യം പഞ്ചായത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി. 2010-ല്‍ എത്തിനില്ക്കുമ്പോള് സര്‍ക്കാര്‍ മേഖലയില്‍ ഒരു ഹയര്‍സെക്കന്റി സ്ക്കൂളും മൂന്ന് യു.പി.സ്ക്കൂളും മൂന്ന് എല്‍.പി.സ്കൂളും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സൌകര്യം ഒരുക്കിക്കൊണ്ട് ഗവ.ഐ.ടി.ഐ.കാക്കയങ്ങാട് പ്രവര്‍ത്തിച്ചുവരുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി എടത്തൊട്ടിയില്‍ സ്ഥിതിചെയ്യുന്നു. ഐ.സി.ഡി.പി.യുടെ ഒരു സബ്സെന്റര്‍ മുഴക്കുന്നില്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഒരു ശാഖ കാക്കയങ്ങാട് സ്ഥിതിചെയ്യുന്നു. മുഴക്കുന്ന് സര്‍വ്വീസ് സഹകരണബാങ്ക്, വനിതാസഹകരണബാങ്ക് കാക്കയങ്ങാട്, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി കാക്കയങ്ങാട് എന്നിവ സഹകരണമേഖലയിലെ സ്ഥാപനങ്ങളാണ്. ഇതുകൂടാതെ പേരാവൂര്‍ അര്‍ബന്‍ ബാങ്കിന്റെ ഒരു ശാഖ കാക്കയങ്ങാട് പ്രവര്‍ത്തിച്ചുവരുന്നു. ഒരു സ്വകാര്യ കല്യാണമണ്ഡപം കാക്കയങ്ങാട് സ്ഥിതിചെയ്യുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ കാക്കയങ്ങാടില്‍ നിലകൊള്ളുന്നു. കാര്‍ഷികമേഖലയുടെ പുരോഗതിക്കായി എടത്തൊട്ടി, അമ്പലമുക്ക് എന്നിവിടങ്ങളില്‍ കൃഷിഭവന് പ്രവര്‍ത്തിച്ചു വരുന്നു. 4 പോസ്റ്റ് ഓഫീസുകള്‍ ഈ പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. കാക്കയങ്ങാടിലാണ് ടെലിഫോണ്‍ മേഖല ഓഫീസ് സ്ഥിതിചെയ്യുന്നത്.
ഗതാഗതരംഗം
1954-ല്‍ മുഴക്കുന്ന് പഞ്ചായത്ത് രൂപീകൃതമായശേഷം ഗതാഗതസൌകര്യവും റോഡുകളുടെ നിര്‍മ്മാണവും ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. ഇന്ന് പഞ്ചായത്തിന്റെ എല്ലാ ഭാഗത്തേക്കും റോഡുകളും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഗതാഗതസൌകര്യങ്ങളും നിലവിലുണ്ട്. ഉരുവച്ചാല്‍-കാക്കയങ്ങാട് റോഡ്, എടത്തൊട്ടി-പെരുമ്പുന്നറോഡ്, കാക്കയങ്ങാട്-ആറളം ഫാം റോഡ് തുടങ്ങിയവ പഞ്ചായത്തിലെ ഗതാഗതയോഗ്യമായ റോഡുകളാണ്. കരിപ്പൂര്‍ വിമാനത്താവളത്തെയാണ് പഞ്ചായത്തുനിവാസികള്‍ വിദേശയാത്രകള്‍ക്കായി ആശ്രയിക്കുന്നത്. തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ റെയില്‍വേസ്റ്റേഷനുകളാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. തുറമുഖം എന്നനിലയില്‍ മംഗലാപുരം തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലെ ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. ആറളം ഫാം പാലം, ആറളം പാലം എന്നിവ ഇവിടുത്തെ രണ്ടു പ്രധാനപാലങ്ങളാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനവ്യാപാരകേന്ദ്രങ്ങളാണ് കാക്കയങ്ങാട്, മുഴക്കുന്ന്, വിളക്കോട്, എടത്തൊട്ടി എന്നീ സ്ഥലങ്ങളിലെ വ്യാപാര സമുച്ചയങ്ങള്‍. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ്, പള്ളി ഷോപ്പിംഗ് കോംപ്ളക്സ് എന്നിവ കാക്കയങ്ങാടില്‍ സ്ഥിതിചെയ്യുന്നു. കാക്കയങ്ങാടില്‍ ഒരു മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നു.
സാംസ്കാരിക രംഗം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സാംസ്കാരിക പൈതൃകം ഈ പഞ്ചായത്തുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതിന്റെ ഉദാഹരണമാണ് മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രവും ബുദ്ധവിഹാരകേന്ദ്രമായിരുന്ന അയ്യപ്പന്‍കാവും. കോട്ടയം കഥകളികള്‍ക്ക് തുടക്കം കുറിച്ചത് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ വച്ചായിരുന്നു. ആറ് ഹൈന്ദവദേവാലയങ്ങളും എട്ട് മുസ്ളീം പള്ളികളും മൂന്ന് ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതിചെയ്യുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന തിറ, ഉത്സവം, പെരുനാള്, തിരുനാള്‍ എന്നീ വിവിധ ആഘോഷപരിപാടികള്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. അത്ലറ്റ് കായികതാരമായ ഗ്രീഷ്മ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാകായിക സാംസ്കാരിക രംഗങ്ങളിലായി 11 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പാല, മുഴക്കുന്ന് എന്നിവിടങ്ങളിലെ ഗ്രന്ഥാലയങ്ങളും പാല ഗ്രാമീണ വായനശാല, കാക്കയങ്ങാട് ജനകീയ വായനശാല, പുഴക്കര വായനശാല തുടങ്ങിയവയും ഈ പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങളാണ്.
ആരോഗ്യരംഗം
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവ. ആയുര്‍വേദ ആശുപത്രി പാല, മുഴക്കുന്ന്, കാക്കയങ്ങാട് എന്നിവിടങ്ങളിലെ ഹോമിയോ ആശുപത്രി എന്നിവ പ്രാഥമിക ചികിത്സാസൌകര്യം ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. പി.എച്ച്.സി.യുടെ രണ്ടു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുഴക്കുന്ന്, എടത്തൊട്ടി എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ഗവ. ആശുപത്രിയുടെ ആംബുലന്‍സ് സേവനം പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്. മുഴക്കുന്ന്, പെരുമ്പുന്ന എന്നിവിടങ്ങളില്‍ ഓരോ സ്വകാര്യ അഗതിമന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.