മൃദംഗശൈലേശ്വരി ക്ഷേത്രം
കണ്ണൂരിലെ പ്രസിദ്ധമായ ഒരു ദേവി ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. അസാധ്യ കാര്യങ്ങള്‍ പോലും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരു അപൂര്‍വ്വ ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മുഴക്കുന്നിലെ ഈ ദുര്‍ഗ്ഗാ ക്ഷേത്രം. പരശുരാമന് പ്രതിഷ്ഠിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. രണ്ട് ഭാവത്തിലാണ് ദേവീ സങ്കല്‍പ്പം. മൃദംഗശൈലേശ്വരിയും ശ്രീപോര്ക്കലിയും. കലാവാസനകള്‍ വളരാനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. അന്തരിച്ച സംഗീത സംവിധായകന് വി.ദക്ഷിണാ മൂര്‍ത്തി സ്വാമികള്‍ ഇവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
പഞ്ചലോഹ നിര്‍മ്മിതമായ വിഗ്രഹത്തിന് വളരെ ശക്തിയാണ് ഉള്ളത്. ഇവിടെ അഭിഷേകം ചെയ്ത തീര്‍ത്ഥം കുടിച്ചാല്‍ മാറാരോഗങ്ങള്‍ വരെ മാറും എന്ന് പറയപ്പെടുന്നു. മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം രചിക്കാന്‍ പ്രചോദനമായത് ഈ ക്ഷേത്രമാണ് എന്നും കരുതുന്നു. കവി പി കുഞ്ഞിരാമന് പഴശ്ശിരാജയെ വര്‍ണ്ണിക്കുന്ന കവിതയാണ് പുരളിമലയിലെ പൂമരങ്ങള്‍.
പുരളിമല ആസ്ഥാനമാക്കി ഹരിശ്ചന്ദ്ര പെരുമാള്‍ സ്ഥാപിച്ച രാജവംശമാണ് പില്ക്കാലത്ത് മലബാര്‍ കോട്ടയം രാജവംശമായി അറിയപ്പെട്ടിരുന്നത്. ഈ പരമ്പരയിലാണ് പഴശ്ശിരാജയും. അദ്ദേഹത്തിന്റെ കുടുംബ പരദേവതയാണ് ഈ ദേവി. യുദ്ധത്തിന് പോകും മുമ്പ് ദേവിക്ക് ഗുരുതിയും വഴിപാടുകളും നടത്തുക ഇവിടെ പതിവായിരുന്നു.
രാമനാട്ടത്തെ പരിഷികരിച്ചാണ് കഥകളി ചിട്ടപ്പെടുത്തിയത്. ലോകത്തെവിടെയും കഥകളി ആടിയാല്‍ പാടുന്ന വന്ദനശ്ലോകം ഈ ക്ഷേത്രത്തിലെ ദേവിയുടെ ധ്യാന ശ്ലോകമാണ്. ക്ഷേത്രക്കുളത്തില്‍ നിന്നും ദേവി ഉയര്‍ന്നു വന്നാണ് കഥകളിയുടെ സ്ത്രീ രൂപം രാജാവിന് മനസിലാക്കി കൊടുത്തത് എന്നാണ് ഐതിഹ്യം. ഇവിടെ അടുത്തു തന്നെയാണ് പിണ്ഡാലി കളരി ക്ഷേത്രം. പഴശ്ശിരാജ ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ കളരിയിലാണ് ആയുധ മുറകള്‍ പഠിച്ചത്. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡ വര്‍മ്മയും ഇവിടെ കളരി പഠിച്ചിരുന്നു.
ദേവിയുടെ ഉപദേവന്മാരായി മഹാഗണപതിയും ദക്ഷിണാമൂര്‍ത്തിയും അമത കലശമേന്തിയ ശാസ്താവും നാഗവുമാണ് ഉള്ളത്. നവരാത്രിയും മീനമാസത്തിലെ പൂരവും ആണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. മകരസംക്രാന്തിയും വിശേഷ ദിവസമായി ആഘോഷിക്കുന്നു.