മുഴക്കുന്ന്
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പേരാവൂര്‍ ബ്ളോക്കിലാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുഴക്കുന്ന് വില്ലേജു പരിധിയില്‍ ഉള്‍പ്പെടുന്ന മുഴക്കുന്ന് ഗ്രാമപഞ്ചായത്തിനു 31.04 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പായം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പേരാവൂര്‍, മാലൂര്‍ ഗ്രാമപഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആറളം പുഴയും പടിഞ്ഞാറുഭാഗത്ത് കീഴൂര്‍ ചാവശ്ശേരി, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകളുമാണ്. തലശ്ശേരിയില്‍ നിന്ന് 36 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തികച്ചും കാര്‍ഷിക മേഖലയായ ഗ്രാമപ്രദേശമാണ് മുഴക്കുന്ന് പഞ്ചായത്ത്. പ്രസിദ്ധമായ പുരളിമല ഈ ഗ്രാമത്തിന്റെ തെക്കു ഭാഗത്തു നിലകൊള്ളുന്നു. ബാവലിപ്പുഴയും കാഞ്ഞിരപ്പുഴയും ചേര്‍ന്നുള്ള പാലപ്പുഴ, ഈ വില്ലേജിന്റെ കിഴക്ക്, ആറളം ഫാമിനെ അതിരിട്ടൊഴുകുന്നു. വയനാടന്‍ മലകളില്‍ നിന്നുത്ഭവിച്ച് കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍ പഞ്ചായത്തുകളില്‍ കൂടി ഒഴുകിയെത്തുന്ന വളപട്ടണം പുഴയുടെ ഭാഗമായ ആറളം പുഴ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗത്തുകൂടി വടക്കോട്ടൊഴുകുന്നു. പുഴയുടെ കിഴക്കുഭാഗത്ത് ആറളം സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം വ്യാപിച്ചുകിടക്കുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്ത് പഴശ്ശിയൂടെ ചരിത്രവുമായി ഏറെ ബന്ധമുള്ള പുരളിമല ഉയര്ന്നുനില്ക്കുന്നു. കല്ലേരിമല, കുന്നത്തൂര്‍മല, പിഞ്ഞാണപ്പാറക്കുന്ന്, നല്ലൂര്ചോലക്കുന്ന്, കരുവാന്റകുന്ന്, കൂളിക്കുന്ന്, പിടാങ്ങോട് കുന്ന് എന്നിവയാണ് പഞ്ചായത്തിലെ മറ്റ് ഉയര്‍ന്ന പ്രദേശങ്ങള്‍. ഏറ്റവും ഉയരം കൂടിയ പ്രദേശം പുരളിമലയാണ്. ഇന്നത്തെ മുഴക്കുന്ന് പഴയകാലത്ത് മൃദംഗശൈലനിലയമായിരുന്നു. കാലാന്തരത്തില്‍ മൃദംഗശൈലം എന്നത് മിഴാവുകുന്ന് എന്നും, തുടര്‍ന്ന് മൊഴക്കുന്ന് എന്നും ഒടുവിലായി ഇന്നത്തെ മുഴക്കുന്ന് എന്നും നാമപരിണാമം സംഭവിച്ചതായി മനസിലാക്കാം. കോട്ടയം രാജാവിന്റെ ആദ്യകാല കോവിലകവും ക്ഷേത്രവും പഠനക്കളരിയും ഈ നാട്ടിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പ്രൌഢമായ പ്രസ്തുത കോവിലകങ്ങള്‍ ഇതിനോടകം നശിച്ചുപോയി. പ്രസിദ്ധമായ മൃദംഗശൈലേശ്വരി ക്ഷേത്രവും പിണ്ടാലിക്കളരിയും ഇന്നും അവശേഷിക്കുന്നുണ്ട്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന ഐതിഹ്യത്തിലെ 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് മൃദംഗശൈലേശ്വരി ക്ഷേത്രം എന്നു പറയപ്പെടുന്നു. ആയോധനവിദ്യ പഠിപ്പിക്കുന്നതിന് പുരാതനകാലത്ത് സ്ഥാപിക്കപ്പെട്ട 64 കളരികളിലൊന്നാണത്രെ പിണ്ടാലിക്കളരി. ഈ കളരിയില്‍ നിന്നാണ് കോട്ടയത്തു രാജാക്കന്മാര് ആയോധനവിദ്യ അഭ്യസിച്ചിരുന്നത്.