മൂവാറ്റുപുഴ

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലാണ് മുവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആവോലി, ആരക്കുഴ, വാളകം, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി എന്നീ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത്. മൂവാറ്റുപുഴ, ആരക്കുഴ, വാളകം, മുളവൂര്‍, കല്ലൂര്‍കാട്, ഏനനല്ലൂര്‍, മഞ്ഞള്ളൂര്‍, മാറാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിന് 206.07 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കൂവപ്പടി, വടവുകോട് ബ്ളോക്കുകളും, കിഴക്കുഭാഗത്ത് ഇടുക്കി ജില്ലയും കോതമംഗലം ബ്ളോക്കും, കോതമംഗലം മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് പാമ്പാക്കുട ബ്ളോക്കും, ഇടുക്കി ജില്ലയും, പടിഞ്ഞാറുഭാഗത്ത് വടവുകോട്, പാമ്പാക്കുട ബ്ളോക്കുകളുമാണ് മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 40 മീറ്റര്‍ ഉയരത്തിലാണ് ഈ ബ്ളോക്കുപ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നുഭാഗവും ഉയര്‍ന്നും, മധ്യഭാഗം താഴ്ന്ന സമതല പ്രദേശത്തോടു കൂടിയതുമായ സമ്മിശ്ര ഭൂപ്രകൃതിയാണ് ഈ ബ്ളോക്കു പഞ്ചായത്തിനുള്ളത്. 1952-ലാണ് മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. 1952-ല്‍ രൂപീകരിച്ച മൂവാറ്റുപുഴ ബ്ളോക്കില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പഴയ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. കേരളപ്പിറവിക്കു ശേഷം നടന്ന ജില്ലാ പുനര്‍വിഭജനത്തെ തുടര്‍ന്ന് ഈ പ്രദേശം എറണാകുളം ജില്ലയുടെ ഭാഗമായി മാറി. 1958-ല്‍ മുനിസിപ്പാലിറ്റി ആയിമാറിയതോടെ ബ്ളോക്കില്‍ നിന്നും മൂവാറ്റുപുഴയെ അടര്‍ത്തിമാറ്റി. എങ്കിലും ബ്ളോക്കിന്റെ ആസ്ഥാനം മൂവാറ്റുപുഴ മുനിസിപ്പല്‍ പ്രദേശത്തിനുള്ളില്‍ തന്നെ തുടര്‍ന്നു. കൊച്ചി-മധുര നാഷണല്‍ ഹൈവേ-49, സ്റ്റേറ്റ് ഹൈവേകളായ എം.സി റോഡ്, പുനലൂര്‍-മൂവാറ്റുപുഴ റോഡ് എന്നീ സുപ്രധാന ഗതാഗതപാതകള്‍ ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്.