ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

ഒന്നാം നൂറ്റാണ്ടുമുതല്‍ നിലനിന്നിരുന്ന കുട്ടനാട്ടിലെ 13 പകുതികളില്‍ 64 കരകള്‍ എന്ന ഈ ഭൂവിഭാഗവും ഉള്‍പ്പെട്ടിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. എ.ഡി.8-ാം നൂറ്റാണ്ടില്‍ ഒരു അജ്ഞാത ഗ്രന്ഥകാരന്‍ രചിച്ച പെരിപ്ളസ് ഓഫ് ദി എരിത്രിയന്‍ സീ (ചെങ്കടലിലൂടെയുള്ള ഭൂപര്യടനം) എന്ന ഗ്രന്ഥത്തിലും പ്ളിനിയുടെ മറ്റൊരു ഗ്രന്ഥത്തിലും ഒന്നാം നൂറ്റാണ്ടിലെ  കുട്ടാനാടിനെപ്പറ്റി പരാമര്‍ശമുണ്ട്. അങ്ങനെ 2000 വര്‍ഷത്തെയെങ്കിലും ചരിത്രപാരമ്പര്യമുള്ള നാടാണിതെന്ന് സുവ്യക്തം. എന്നാല്‍ എ.ഡി 8-ാം നൂറ്റാണ്ടില്‍ കുട്ടനാട് എന്ന വന്‍കാട് അഗ്നിക്കിരയാവുകയും പിന്നീടുള്ള കുറെ നൂറ്റാണ്ടുകള്‍ മരുഭൂമിയായി കിടക്കുകയും ചെയ്തു. അന്നുതൊട്ട് ചുട്ടനാടെന്നറിയപ്പെട്ടിരുന്ന ഈ ഭൂവിഭാഗം പില്‍ക്കാലത്ത് കുട്ടനാടായിത്തീര്‍ന്നു എന്ന് പറയപ്പെടുന്നു. കുട്ടനാട് പൊതുവേ കരിപ്രദേശങ്ങളായതിനു കാരണവും ഈ അഗ്നിബാധയാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരു പുരാതന ഗ്രന്ഥാവലിയില്‍ മുട്ടാറിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു. “64 ഗ്രാമങ്ങള്‍ എന്നു നിശ്ചയിച്ചതില്‍ ഒന്നായ ശ്രീവല്ലഭ ഗ്രാമാധികാരികള്‍ക്കുള്ളൊരു ദേശമെന്നു കണ്ട താങ്കള്‍ക്കുള്ള ചാത്തന്‍ കരിദേശത്തു നിന്നും പടിഞ്ഞാട്ട് ചെമ്പകശ്ശേരി ചെങ്ങന്നൂര്‍ ഗ്രാമാധികാരികള്‍ക്കുള്ള വിത്തുറക്കരിക്കും (മിത്രക്കരി) കിഴക്കേയറ്റം മുതല്‍ കരികേറിക്കിടക്കുന്നു മരുഭൂമി……” ടി ഗ്രന്ഥാവലിയില്‍ തന്ന  മറ്റൊരിടത്ത് മുട്ടാറിനെപ്പറ്റി പറയുന്നതിപ്രകാരമാണ്. ചേരിക്കലിനും കിഴക്ക് ചാത്തന്‍കരിക്കും പടിഞ്ഞാറ് ആറൊഴുകി നിന്ന മുറി മുട്ടാറ് എന്ന പേരും കല്പിച്ചു. മുട്ടാര്‍ എന്ന ഭൂപ്രദേശത്തെപ്പറ്റി വിവരിക്കുന്ന ഒരു പ്രധാനരേഖയാണ് തിരുവല്ല ചെപ്പേട്. അതില്‍ ഇപ്രകാരം പറയുന്നു. ഈ ഗ്രാമത്തിലെ പുരാതനപ്രസിദ്ധമായ ഹൈന്ദവ ആരാധനാലയമാണ് മിത്രക്കരി ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഒരു സവിശേഷത ഇവിടുത്തെ ശ്രീകോവിലില്‍ ഒരേ ദേവിയുടെ രണ്ടുപ്രതിഷ്ഠകള്‍ ഉണ്ടെന്നുള്ളതാണ്. പ്രസിദ്ധമായ കൊച്ചു കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം കൊല്ലവര്‍ഷം 899-ല്‍ സ്ഥാപിക്കപ്പെട്ടതാണ്. മനോഹരിയായ മണിമലയാറിന്റെ മണിമുറ്റത്താണ് മുട്ടാര്‍-മിത്രക്കരി ഗ്രാമങ്ങള്‍. ചെമ്പകശ്ശേരി രാജാവ് പടയോട്ടം നടത്തി വടക്കുഭാഗത്തേക്ക് നീങ്ങുമ്പോള്‍ മുത്തുപോലെ  തെളിഞ്ഞൊഴുകുന്ന പുഴ കണ്ട് മുത്താര്‍ എന്നു വിളിച്ചുവത്രെ. അത് പില്‍ക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരായി മാറി. കാലക്രമത്തില്‍ മുത്താര്‍ മുട്ടാറായിത്തീര്‍ന്നു. മിത്രന്‍ എന്ന ഗ്രാമാധിപന്റെ പ്രദേശമായിരുന്നതിനാലാവാം മിത്രക്കരി എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്. ഈ നാടിന് പൌരാണികകാലം മുതല്‍ തന്നെ ഒരു പ്രത്യേക സാംസ്കാരികപാരമ്പര്യവുമുണ്ട്. പടയണിയും, സര്‍പ്പപ്പാട്ടും, കോലം തുള്ളലും, പാണന്‍ പാട്ടും, മാര്‍ഗ്ഗംകളിയും, പരിചമുട്ടുകളിയും, ചവിട്ടുനാടകവും, കാക്കാരിശ്ശി നാടകവും, പാനപ്പാട്ടും, വഞ്ചിപ്പാട്ടും, ചക്രപ്പാട്ടും, ഞാറ്റുപാട്ടും, കഥകളിയും എല്ലാം ഈ നാട്ടിലെ  ജനജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. ക്ഷേത്രകലകളില്‍ പ്രധാനപ്പെട്ട കഥകളിക്ക് വളരെയധികം വേരോട്ടമുള്ള നാടാണ് മുട്ടാര്‍. ചുട്ടനാടെന്ന കുട്ടനാടിന്റെ കിഴക്കരികിലുള്ള മുട്ടാര്‍ പഞ്ചായത്ത് മണിമലയാറിന്റെ സാന്നിധ്യം കൊണ്ട് ജൈവസമ്പത്തിനാല്‍ അനുഗ്രഹീതമായി തീര്‍ന്നു. തിരുകൊച്ചി പ്രദേശത്ത് പഞ്ചായത്തുകള്‍ രൂപം കൊണ്ട 1950-ല്‍  തന്നെ മുട്ടാര്‍ പഞ്ചായത്തും രൂപം കൊണ്ടിരുന്നു. അന്ന് മുട്ടാര്‍ ഗ്രാമം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതുകൊണ്ട്  ആ താലൂക്കിലെ പൂവം, ളായിക്കാട്  എന്നീ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മുട്ടാര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. കുട്ടനാട് താലൂക്ക് രൂപീകൃതമായപ്പോള്‍ മുട്ടാര്‍ ആ താലൂക്കില്‍ ഉള്‍പ്പെടുത്തുകയും പൂവം, ളായിക്കാട് പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍ നിന്നും വിടര്‍ത്തിയതിനുശേഷം രാമങ്കരി പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന മിത്രക്കരി പ്രദേശം ഇതിനോടു ചേര്‍ക്കുകയും ചെയ്തു. മുട്ടാറിലെ പുരാതന പ്രസിദ്ധമായ സെന്റ് ജോര്‍ജ്ജ് ദേവാലയം കൊല്ലവര്‍ഷം 1026-ല്‍ സ്ഥാപിതമായി. മറ്റൊരിടവക ദേവാലയമായ സെന്റ് തോമസ് പള്ളി (കുമരംചിറ പള്ളി) 1909-ല്‍ സ്ഥാപിതമായി. മിത്രക്കരിയിലെ പ്രധാന കൈസ്തവദേവാലയമായ സെന്റ് സേവ്യേഴ്സ് പള്ളി ബഹുമാനപ്പെട്ട ചെമ്പുന്തറ പീലിപ്പോസച്ചന്റെ അശ്രാന്തപരിശ്രമഫലമായി 1887-ല്‍ സ്ഥാപിതമായി. ഇവിടെയുള്ള തിരുകുടുംബദേവാലയം 1896-ല്‍ സ്ഥാപിക്കപ്പെട്ട മറ്റൊരിടവകയാണ്.