മുട്ടാര്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ വെളിയനാട് ബ്ളോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്താണ് മുട്ടാര്‍. 10.48 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. പത്തനംതിട്ട, കോട്ടയം ജില്ലകളെ ഈ പഞ്ചായത്തില്‍ നിന്നും വേര്‍തിരിച്ചുകൊണ്ടു കിഴക്കുഭാഗത്തുകൂടി മണിമലയാറ് ഒഴുകുന്നു. വടക്കുഭാഗത്ത് വെളിയനാട്, രാമങ്കരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് രാമങ്കരി പഞ്ചായത്തും തെക്കുഭാഗത്ത് എടത്വ, തലവടി പഞ്ചായത്തുകളുമാണ് മുട്ടാര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ വരുന്ന പ്രദേശങ്ങള്‍. മനോഹരമായ മണിമലയാറിന്റെ മണിമുറ്റത്താണ് മുട്ടാര്‍-മിത്രക്കരി ഗ്രാമങ്ങള്‍. ചെമ്പകശ്ശേരി രാജാവ്  പടയോട്ടം നടത്തി വടക്കു ഭാഗത്തേക്ക് നീങ്ങുമ്പോള്‍ മുത്തുപോലെ തെളിഞ്ഞൊഴുകുന്ന പുഴ കണ്ട് മുത്താര്‍ എന്നു വിളിച്ചത് പില്‍ക്കാലത്ത് ഈ ഗ്രാമത്തിന്റെ പേരായിമാറിയെന്നു കേള്‍ക്കുന്നു. കാലക്രമത്തില്‍ മുത്താര്‍ മുട്ടാറായിത്തീര്‍ന്നു. മിത്രന്‍ എന്ന ഗ്രാമാധിപന്റെ പ്രദേശമായിരുന്നതിനാലാവാം മിത്രക്കരി എന്ന് ആ സ്ഥലത്തിന് പേരുണ്ടായത്. പടയണിയും, സര്‍പ്പപ്പാട്ടും, കോലംതുള്ളലും, പാണന്‍പാട്ടും, മാര്‍ഗ്ഗംകളിയും, പരിചമുട്ടുകളിയും, ചവിട്ടുനാടകവും, കാക്കാരിശ്ശി നാടകവും, പാനപ്പാട്ടും, വഞ്ചിപ്പാട്ടും, ചക്രപ്പാട്ടും, ഞാറ്റുപാട്ടും, കഥകളിയും എല്ലാം ഈ നാട്ടിലെ ജനജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരമില്ലാത്ത കരഭൂമിയും, സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നുകിടക്കുന്ന വയലുകളും, അവയെ ചുറ്റിക്കിടക്കുന്ന തോടുകളും നിറഞ്ഞ ഈ പ്രദേശം നയനമനോഹരമാണ്.