മുതുതല

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ പട്ടാമ്പി ബ്ളോക്കിലാണ് മുതുതല ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മുതുതല ഗ്രാമപഞ്ചായത്തിന് 19.95 വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊപ്പം പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പരുതൂര്‍ പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും കിഴക്കുഭാഗത്ത് പട്ടാമ്പി പഞ്ചായത്തുമാണ്. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഭൂപ്രകൃതിയുള്ള മുതുതല പഞ്ചായത്ത് കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കുന്നു. മയിലാടിക്കുന്ന്, കുളപ്പാറകുന്ന്, തമ്പുരാന്‍കുന്ന്, കോട്ടക്കുന്ന്, മുത്തശ്ശ്യാര്‍ കുന്ന്, നിലപ്പറമ്പുകുന്ന്, പാലപ്പുറംകുന്ന്, കോല്‍ക്കുന്ന് തുടങ്ങിയ ഒട്ടേറെ കുന്നുകളും അവയുടെ താഴ്വരകളും സമതലങ്ങളും ചേര്‍ന്നതാണ് മുതുതല പഞ്ചായത്ത്. രണ്ടു വലിയ തോടുകളും ഒട്ടേറെ ചെറുതോടുകളും ചോലകളുമുള്ള ഈ പ്രദേശത്ത് നീരൊഴുക്ക് കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ്. പഞ്ചായത്തില്‍ പെയ്യുന്ന വെളളത്തില്‍ ഭൂരിഭാഗവും പടിഞ്ഞാറുഭാഗത്തേക്കൊഴുകി ഭാരതപ്പുഴയില്‍ ചെന്നുചേരുന്നു. തൊഴില്‍മേഖലയില്‍ കൂടുതലും കര്‍ഷകരും കര്‍ഷകതൊഴിലാളികളുമാണ്. പഴയ കാലത്ത് പ്രചാരത്തിലിരുന്ന മൃഗബലിക്കെതിരെ ആദ്യം ശബ്ദമുയര്‍ന്നതും ഈ പ്രദേശത്തു നിന്നായിരുന്നു. ബലികര്‍മ്മത്തിന്റെ വേളയില്‍ ചായില്യത്ത് ദേവകിഅമ്മ സ്വന്തം തല ബലിക്കല്ലിലേക്ക് നീട്ടിക്കൊടുത്ത കഥ ഇവിടുത്തെ പഴമക്കാര്‍ പറയാറുണ്ട്. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ജയില്‍ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ സ്വസമുദായം ഭ്രഷ്ട് കല്പിച്ചിരുന്ന കണ്ണനൂര്‍ പിഷാരത്ത് ചക്രപാണിപിഷാരടിയെ സ്വീകരിച്ച് താമസിപ്പിക്കാനും, വിധവയെ വിവാഹം ചെയ്ത കാരണത്താല്‍ സമൂദായം ഭ്രഷ്ട് കല്പിച്ചിരുന്ന എം.ആര്‍.ഭട്ടതിരിയെയും ഭാര്യയെയും സ്വീകരിച്ച് താമസിപ്പിക്കാനും തയ്യാറായത് കൊടുമുണ്ടക്കാരാണ്.