ചരിത്രം

സാമൂഹ്യചരിത്രം

ജാതിയിലധിഷ്ഠിതമായ നാടുവാഴിത്ത സമ്പ്രദായമായിരുന്നു പണ്ടുകാലത്ത് മറ്റു പ്രദേശങ്ങളെപ്പോലെ ഇവിടെയും നിലനിന്നുപോന്നത്. ബ്രാഹ്മണാധിപത്യം ഉറപ്പിക്കുന്ന വിധത്തിലുണ്ടായിരുന്ന ജന്മിസമ്പ്രദായം, പൌരോഹിത്യ അടിസ്ഥാനത്തില്‍ ലഭ്യമായ അധീശത്വം എന്നിവ ബ്രിട്ടീഷുകാരുടെ വരവോടെ നിയമപരമായി ഉറപ്പിച്ചു എന്നു പറയാം. ക്രമേണ കാണം വാങ്ങി നമ്പൂതിരിമാരല്ലാത്തവരും ഭൂവുടമകളും ജന്മികളുമായിത്തീര്‍ന്നിട്ടുണ്ട്. ദേവസ്വം ഭൂമിയുടെ നടത്തിപ്പു ബ്രാഹ്മണര്‍ക്കു തന്നയായിരുന്നു. ബ്രാഹ്മണരല്ലാത്തവര്‍ക്ക് അയിത്തം കല്പിച്ചിരുന്നു. ജാതിക്രമമനുസരിച്ച് തട്ടുകളായി അയിത്തത്തിനും ക്രമം തീരുമാനിച്ചിരുന്നു. ജന്മിമാരുടെ ഭവനങ്ങള്‍ പ്രൌഢങ്ങളായ നാലുകെട്ടുകളായിരുന്നു. ആദ്യമാദ്യം ഓലയും വൈക്കോലും കൊണ്ടുമേഞ്ഞിരുന്ന മേല്‍ക്കൂരകള്‍ ഓടിന്റെ വരവോടെ ഓടാക്കിമാറ്റി. ഇതരജാതിക്കാരുടെ വീടുകള്‍ കുറച്ചുകൂടി മേന്മ കുറഞ്ഞതും ഹരിജനങ്ങളുടേത് ചാള എന്ന് വിളിക്കപ്പെട്ടിരുന്ന കൂരകളുമായിരുന്നു. കുടിയൊഴിപ്പിക്കല്‍ സര്‍വ്വസാധാരണമായിരുന്നു. ജന്മി ആവശ്യപ്പെടുന്നതനുസരിച്ച് കുടി ഒഴിയാന്‍ അടയാളര്‍ നിര്‍ബന്ധിതരായിരുന്നു. വിശേഷദിവസങ്ങളില്‍ ജന്മിയ്ക്ക് കാഴ്ചവസ്തുക്കള്‍ കൊടുക്കുക, കുട്ടികള്‍ക്ക് പേരിടാന്‍പോലും അവരോട് അനുവാദം ചോദിക്കുക, മറ്റുപണികള്‍ക്ക് പോകാന്‍ അനുവാദം ചോദിക്കുക തുടങ്ങിയ നിര്‍ബന്ധിത എര്‍പ്പാടുകള്‍ നിലനിന്നിരുന്നു. ജന്മികുടുംബങ്ങളില്‍ വിദ്യാഭ്യാസാഭിമുഖ്യം കുറവായിരുന്നു. നമ്പൂതിരി ഗൃഹങ്ങളില്‍ വേദപഠനങ്ങളായിരുന്നു പ്രധാനം. ഇതരജാതികളിലാകട്ടെ വിദ്യാഭ്യാസം തന്ന കുറവായിരുന്നു. പാരമ്പര്യമായ പഠനസമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. സംസ്കൃതം, മലയാളം, വൈദ്യം, ജോത്സ്യം എന്നിവയിലെ പഠനം അല്‍പാല്‍പം നടന്നിരുന്നു. പുന്നശ്ശേരി നീലകണ്ഠശര്‍മ്മ വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവ പഠിപ്പിക്കാനുണ്ടാക്കിയ സാരസ്വതോദ്യോദിനിയാണ് ആദ്യത്തെ പാഠശാല. ദക്ഷിണേന്ത്യയിലെ പലസ്ഥലത്തുനിന്നും ഇവിടേക്ക് പഠിതാക്കള്‍ എത്തിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൊന്നാനി-പട്ടാമ്പി പാത വരണ്ടുകുറ്റിക്കടവുവഴി പുഴയ്ക്കപ്പുറം പെരുമുടിയൂര്‍ വഴി നിര്‍മ്മിക്കപ്പെട്ടിരുന്നു. അക്കാലത്തുതന്ന കൊപ്പം-കടവ് റോഡും നിലവില്‍ വന്നിരുന്നതായി കരുതപ്പെടുന്നു. തൃത്താല-കൊപ്പം എന്ന പേര്‍ വന്നത് കൊപ്പത്തുനിന്നു തൃത്താലക്കുള്ള വഴി എന്ന അര്‍ത്ഥത്തിലാകണം. മുതുതല നിന്നു പള്ളിപ്പുറത്തേക്കു റോഡു വന്നത് 1957-ലാണ്. 1861 സെപ്റ്റംബര്‍ 23-ന് കുറ്റിപ്പുറം-പട്ടാമ്പി 12 നാഴിക തീവണ്ടിപ്പാത നിര്‍മ്മിച്ച് പൂര്‍ത്തിയാക്കി. ആദ്യത്തെ പ്രസ്സായ വിജ്ഞാനചിന്താമണി ഇവിടെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇതേപേരില്‍ ഒരു മാസിക ഇവിടെ പ്രകാശനം ചെയ്തിരുന്നു. 1889-ലെ പാഠശാല 1905-ല്‍ എല്‍.പി.സ്കൂളായും 1911-ല്‍ കോളേജായും രൂപാന്തരപ്പെട്ടു. മുതുതല കേന്ദ്രമുണ്ടായിരുന്ന ബോര്‍ഡ് സ്കൂള്‍ കൊടുമുണ്ടയിലേക്കു മാറ്റി സ്ഥാപിക്കേണ്ടി വന്നു. 1964-ലാണ് അമ്മന്നൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിതമായത്. കൊടുമുണ്ടയിലേക്ക് കൊണ്ടുവന്ന സ്കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഭരണകാലത്ത് യു.പി.യായും 1980-ല്‍ ഹൈസ്കൂളായും മാറി. കൊടുമുണ്ടയിലുണ്ടായിരുന്ന പ്രൈവറ്റ് സ്കൂള്‍ 1930-കളില്‍ തന്ന ഗേറ്റ് പ്രദേശത്തേക്ക് മാറ്റി. ചെറുശ്ശേരി അമ്പലത്തിനു സമീപമായി ഒരു ഹരിജന്‍ വെല്‍ഫയര്‍ സ്കൂള്‍ ഉണ്ടായിരുന്നത് കുറച്ചുകാലങ്ങള്‍ക്കു ശേഷം എസ്.എന്‍.ജി.എല്‍.പി.സ്കൂളില്‍ ലയിച്ചു. വട്ടുപറമ്പില്‍ ഒരു പഞ്ചമസ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. പില്‍ക്കാലത്ത് പ്രസ്തുത സ്ക്കൂള്‍ അക്കാലത്തുണ്ടായിരുന്ന പെരുമുടി എ.എല്‍.പി.സ്ക്കൂളില്‍ ലയിച്ചു. ഡിസ്ട്രിക്ബോര്‍ഡ് ഭരണകാലത്താണ് 8-ാം വാര്‍ഡിലെ സ്കൂള്‍ സ്ഥാപിതമായത്. സംസ്കൃതകോളേജ് പട്ടാമ്പിക്കു പോയപ്പോള്‍ ജെ.ഒ.എച്ച്.എസ്.സ്ഥാപിതമായി. സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട സംഘടിതപ്രവര്‍ത്തനം ഈ പ്രദേശത്ത് നടന്നത് കൊടുമുണ്ടയിലാണ്. ജന്മിഗൃഹങ്ങളിലാണ് പ്രവര്‍ത്തനം തുടങ്ങിയതെന്നതാണ് ഇതിന്റെ പ്രത്യേകത. അതുവരെ കീഴാളന്റെ സ്വാതന്ത്യ്രം കവര്‍ന്നടുത്തിരുന്ന മേലാളന്, ഒരു വിദേശശക്തി നാടിന്റേയും തങ്ങളുടെയും അധികാരത്തില്‍ കൈവച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ മാത്രമാണ് പാരതന്ത്യ്രത്തിന്റെ ഭീകരതയും സ്വാതന്ത്യ്രത്തിന്റെ വിലയും മനസിലായത്. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാരംഭിച്ച നമ്പൂതിരി സമുദായ പരിഷ്കരണ പ്രവര്‍ത്തനത്തില്‍ കൊടുമുണ്ടയിലെ നമ്പൂതിരിയുവാക്കള്‍ രംഗത്തു വന്നത് ക്രമേണ സ്വാതന്ത്യ്രസമരപ്രസ്ഥാനമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 1921-ലെ മലബാര്‍ കലാപത്തിന്റെ തീഷ്ണത കുറയാനും ഇത് ഇടയാക്കിയിട്ടുണ്ട്. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ജയില്‍ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ സ്വസമുദായം ഭ്രഷ്ട് കല്പിച്ചിരുന്ന കണ്ണനൂര്‍ പിഷാരത്ത് ചക്രപാണിപിഷാരടിയെ സ്വീകരിച്ച് താമസിപ്പിക്കാനും, വിധവയെ വിവാഹം ചെയ്ത കാരണത്താല്‍ സമൂദായം ഭ്രഷ്ട് കല്പിച്ചിരുന്ന എം.ആര്‍.ഭട്ടതിരിയെയും ഭാര്യയെയും സ്വീകരിച്ച് താമസിപ്പിക്കാനും ഉതകുന്ന തരത്തില്‍ കൊടുമുണ്ടയിലെ രാഷ്ട്രീയാന്തരീക്ഷം 1930-നു ശേഷം പക്വതയാര്‍ജ്ജിച്ചിരുന്നു. ടി.കെ.മേനോന്റെയും പയ്യൂര്‍ പങ്കുനായരുടെയും നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ഇവിടെ നടന്നിട്ടുണ്ട്. സി.ആര്‍.നാണപ്പ ജയില്‍വാസമനുഭവിക്കുകയും ഹിന്ദിപ്രചാരകനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിത്തന്നയാണ് ഉല്‍പതിഷ്ണുക്കളുടെ പിന്തുണയോടെ മുത്തശ്ശിയാര്‍കോവിലിലെ മൃഗബലി അവസാനിപ്പിക്കാന്‍ വേണ്ടി കഴുത്തുനീട്ടികൊടുക്കുവാന്‍ സി.ആര്‍.ദേവകിഅമ്മ തയ്യാറായത്. കൊടുമുണ്ടയിലെ പരിഷ്കരണപ്രവര്‍ത്തനങ്ങളുടെ നേതൃത്വം കാഞ്ഞൂര് രാമന്‍ ഭട്ടതിരിപ്പാട്, നാരായണന്‍ ഭട്ടതിരിപ്പാട്, തടം പരമേശ്വരന്‍ ഭട്ടതിരിപ്പാട്, രാമന്‍ നായര്‍, രാവുണ്ണിനായര്‍, വി.ടി.ശങ്കരന്‍ എന്നിവര്‍ക്കായിരുന്നു. കൊടുമുണ്ടയില്‍ സ്ഥാപിച്ച കോളനിയില്‍ നിന്നും ഉദ്ബുദ്ധകേരളം പ്രസിദ്ധീകരിച്ചിരുന്നു. കുഞ്ഞന്‍നായരുടെ നേതൃത്വത്തിലാരംഭിച്ച വിവിധോദ്ദേശ്യസഹകരണസംഘം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ്. ഇതു പിന്നീട് പട്ടാമ്പി സര്‍വ്വീസ്-സഹകരണ ബാങ്കില്‍ ലയിപ്പിക്കുകയുണ്ടായി. തോട്ടുപുറത്തു അക്കാലത്ത് വൈദ്യശാലയുണ്ടായിരുന്നതുകൊണ്ട് അവിടെ ഒരു പോസ്റ്റാഫീസും ആരംഭിക്കാന്‍ കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പറക്കാട് പട്ടാളക്യാമ്പ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ അതിന്റെ പണി നിര്‍ത്തിവയ്ക്കുകയും ഭൂമി തിരിച്ചു ലേലം ചെയ്തു കൊടുക്കുകയും ചെയ്തു. കരിങ്കല്‍ത്തറകള്‍, സിമന്റിലുള്ള ചുവര്‍, കോണ്‍ക്രീറ്റുവാര്‍പ്പ് തുടങ്ങിയ സൈനികരീതിയിലുള്ള നിര്‍മ്മാണമാതൃകകള്‍ ഇവിടെ ഇന്നും കാണാം. വിളയൂരില്‍ നിന്നും വെള്ളം പമ്പുചെയ്തു കൊപ്പം ആശുപത്രിക്കു സമീപമുള്ള ടാങ്കില്‍ ശേഖരിച്ചു പറക്കാട് പ്രദേശത്ത് വിതരണം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. 1970-നു ശേഷം മിച്ചഭൂമിക്കു വേണ്ടിയുള്ള സമരം നടന്നു.

സാംസ്കാരികചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയ്ക്കുമുമ്പ് ജീവിച്ചിരുന്ന പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ്മ സര്‍വ്വാദരണീയനായ സംസ്കൃതപണ്ഡിതനായിരുന്നു. ഇന്നത്തെ മുതുതല പഞ്ചായത്തില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഒരു ഓറിയന്റല്‍ ഹൈസ്കൂളും, തൊട്ടടുത്ത് പട്ടാമ്പി പഞ്ചായത്തില്‍ ആരംഭിച്ച കോളേജും പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായിരുന്ന മഹാകവി പി.കുഞ്ഞിരാമന്‍നായര്‍, കുട്ടികൃഷ്ണമാരാര്‍, ഡോ.കെ.എന്‍.എഴുത്തച്ഛന്‍, കെ.എസ്.എഴുത്തച്ഛന്‍, വിദ്വാന്‍ സി.എസ്.നായര്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായര്‍ എന്നിങ്ങനെ മണ്‍മറഞ്ഞ നിരവധി മഹത്വ്യക്തികള്‍ ഈ പ്രദേശത്തുകാരായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരായുള്ള പോരാട്ടമെന്ന നിലയില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തിയ പുന്നശ്ശേരി നമ്പിക്കുശേഷം കെ.പി.ഭരതപിഷാരടി തുടങ്ങിയവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പരാമര്‍ശയോഗ്യമാണ്. നമ്പൂതിരിയെ മനുഷ്യനാക്കിയ സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ പ്രവര്‍ത്തനമണ്ഡലങ്ങളിലൊന്ന് ഈ പഞ്ചായത്തിലെ കൊടുമുണ്ട പ്രദേശമായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി കാഞ്ഞൂര്‍ നാരായണന്‍ ഭട്ടതിരിപ്പാട്, വി.ടി.ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ സ്വന്തം വസതി കേന്ദ്രീകരിച്ച് ഉദ്ബുദ്ധകേരളം എന്നാരു പത്രം ആറുമാസക്കാലം പ്രസിദ്ധീകരിച്ചിരുന്നു. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയായ ഭാരതപ്പുഴ നാലു വാര്‍ഡുകളെ സ്പര്‍ശിച്ചൊഴുകുന്നു. ഈ നദി ഈ ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വറ്റാത്ത ഉറവ കൂടിയാണ്. തനിമയേയും സംസ്കാരത്തേയും വിളിച്ചറിയിക്കുന്ന ദേവാലയവാസ്തുശില്പത്തിന്റെ മാതൃകകളായിട്ടുള്ള ആരാധനാലയങ്ങള്‍ വിവിധമതക്കാരുടേതായി ഇവിടെ നിരവധിയുണ്ട്. ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് പഞ്ചായത്തിലെ പ്രധാനമതവിഭാഗങ്ങള്‍. കൊല്ലത്തില്‍ നാലു പ്രാവശ്യം താലപ്പൊലി നടത്തപ്പെടുന്ന മുത്തശ്ശ്യാര്‍ കാവ് ഇവിടുത്തെ പ്രധാന ക്ഷേത്രമാണ്. മുതുതല, കൊഴിക്കോട്ടിരി, കൊടുമുണ്ട, പെരുമുടിയൂര്‍ എന്നിങ്ങനെ മുതുതല പഞ്ചായത്തിലെ നാലു ദേശവും പട്ടാമ്പി പഞ്ചായത്തിലെ വള്ളൂര്‍ ദേശവും ഉള്‍പ്പെട്ടതാണ് ഭഗവതിയുടെ തട്ടകം. അക്കാലത്ത് പ്രചാരത്തിലിരുന്ന മൃഗബലിക്കെതിരെ ആദ്യം ശബ്ദമുയര്‍ന്നതും ഈ പ്രദേശത്തു നിന്നായിരുന്നു. ബലികര്‍മ്മത്തിന്റെ വേളയില്‍ ചായില്യത്ത് ദേവകിഅമ്മ സ്വന്തം തല ബലിക്കല്ലിലേക്ക് നീട്ടിക്കൊടുത്ത കഥ ഇവിടത്തെ പഴമക്കാര്‍ പറയാറുണ്ട്. യാതൊരു മതവിവേചനവുമില്ലാതെ നേര്‍ച്ചയും പെരുനാളും താലപ്പൊലിയും പൂരവുമൊക്കെ ഇവിടുത്തെ ജനത ഒരുപോലെ കാണുന്നു. കൊടുമുണ്ടയിലെ മുസ്ളിം പള്ളിക്കുള്ള സ്ഥലം ഹൈന്ദവമതത്തില്‍പ്പെട്ടൊരാള്‍ സംഭാവനയായി നല്‍കുകയായിരുന്നു. ജാതിവ്യവസ്ഥക്കും മറ്റു അനാചാരങ്ങള്‍ക്കുമെതിരെ സവര്‍ണ്ണരുടെ നേതൃത്വത്തില്‍ തന്ന ശക്തമായ പോരാട്ടങ്ങള്‍ നടന്ന സ്ഥലമാണ് മുതതല പഞ്ചായത്ത്. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ജയില്‍ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ സ്വസമുദായം ഭ്രഷ്ട് കല്പിച്ചിരുന്ന കണ്ണനൂര്‍ പിഷാരത്ത് ചക്രപാണിപിഷാരടിയെ സ്വീകരിച്ച് താമസിപ്പിക്കാനും, വിധവയെ വിവഹം ചെയ്ത കാരണത്താല്‍ സമൂദായം ഭ്രഷ്ട് കല്പിച്ചിരുന്ന എം.ആര്‍.ഭട്ടതിരിയെയും ഭാര്യയെയും സ്വീകരിച്ച് താമസിപ്പിക്കാനും തയ്യാറായത് കൊടുമുണ്ടക്കാരാണ് എന്നത് സ്മരണീയമാണ്. കുടുംബവിലക്കുകളെ മറികടന്ന് കൊടുമണ്ടയില്‍ വെച്ച് നടത്തപ്പെട്ട പിഷാരടിയുടെ വിവാഹവും ഏറെ വിവാദമായി. പന്തിഭോജനം (വിവിധ ജാതിക്കാര്‍ ഒരേപന്തിയിലിരുന്ന് ഭക്ഷണ് കഴിക്കുക) എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച വ്യക്തിയാണ് കാഞ്ഞുര്‍ രാമന്‍ ഭട്ടതിരിപ്പാട്, ഭാര്യ കാളി അന്തര്‍ജ്ജനം, മുതുതല തോട്ടുപുറത്ത് കുഞ്ചുണ്ണി മേനോന്‍ എന്നിവര്‍. പന്തിഭോജനത്തിനു പുറമേ ഹരിജന്‍ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്ന കല്ലുംമാലധരിക്കല്‍, സവര്‍ണ്ണരെപ്പോലെ വസ്ത്രധാരണം ചെയ്യാന്‍ താഴ്ന്ന ജാതിക്കാരെ അനുവദിക്കാതിരിക്കല്‍ എന്നിവയെയൊക്കെ എതിര്‍ത്ത വ്യക്തിയായിരുന്നു കുഞ്ചുണ്ണി മേനോന്‍. സവര്‍ണ്ണനേതൃത്വത്തെ വെല്ലുവിളിച്ച് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ മുതുതല മഹാഗണപതി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പ്രേരിപ്പിച്ച ബാലന്‍ എന്ന പുരോഗമനാശയക്കാരന് ശക്തമായ എതിര്‍പ്പുകള്‍ മൂലം നാടുവിടേണ്ടിവന്ന കഥയും മറക്കാനാവുന്നതല്ല. ജാതീയമായ ഇത്തരം ചേരിതിരിവുകള്‍ക്കനുബന്ധമായി സമ്പത്തിന്റെ അന്തരം മൂലമുള്ള പ്രശ്നങ്ങളും സമൂഹത്തില്‍ അക്കാലത്തു പ്രകടമായിരുന്നു. പഞ്ചായത്തില്‍ നാല് ഗ്രന്ഥശാലകളുണ്ട്. മുതുതലയില്‍ പ്രവര്‍ത്തിക്കുന്ന യുവജനസമാജം വായനശാലയും കുഞ്ഞന്‍ നായര്‍ സ്മാരക വായനശാലയും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കുഞ്ഞന്‍നായര്‍ സ്മാരക വായനശാലയും പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ചില നാടന്‍ കലാരൂപങ്ങള്‍ വശമുള്ള പഴയ തലമുറയുടെ ചില കണ്ണികള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ച് തിറ, പൂതന്‍ തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടാറുണ്ട്. രാഷ്ട്രീയ പ്രബുദ്ധതയുടെ കാര്യത്തിലും മുതുതല പഞ്ചായത്ത് ഒട്ടുംപിന്നിലല്ല. കര്‍ഷകസമരങ്ങളുടെ വള്ളുവനാട്ടിലെ ശക്തികേന്ദ്രമായിരുന്നു മുതുതല. ഈ പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരാണ് മുതുതലക്കാര്‍. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവഗണിക്കാനാവാത്ത സ്വാധീനമുള്ള പ്രദേശമാണിത്.