പഞ്ചായത്തിലൂടെ

മുതുതല - 2010

19.95 ച. കി. മീ വിസ്തൃതിയുള്ള മുതുതല ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് ഉള്‍പ്പെടുന്നത്. മുത്തശ്ശ്യാര്‍ കുന്ന് ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിലെ നീരൊഴുക്ക് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്. പെയ്യുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും പഞ്ചായത്തിന്റെ തെക്കെ അതിരായി ഒഴുകുന്ന ഭാരതപ്പുഴയിലാണ് ചെന്നുചേരുന്നത്. ഭാരതപ്പുഴയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇഷ്ടികയും മണ്‍പാത്രങ്ങളും നിര്‍മ്മിക്കാന്‍ അനുയോജ്യമായ കളിമണ്ണ് ധാരാളമുണ്ട്. കുന്നുംപ്രദേശങ്ങളും താഴ്വാരങ്ങളും സമതലങ്ങളും ഒക്കെ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ മുഖ്യകൃഷി നെല്ല് തന്നയാണ്. കൂടാതെ എള്ള്,തെങ്ങ്, കവുങ്ങ്, വാഴ വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ മുഖ്യ ജലസേചന സ്രോതസ് കുളങ്ങളും മമ്മിപടി കനാലുകളുമാണ്. 35 കുളങ്ങളാണ് പഞ്ചായത്തില്‍ ജലസ്രോതസായി ഉപയോഗിക്കുന്നത്. 1956-ലാണ് ഈ പഞ്ചായത്ത് നിലവില്‍ വന്നത്. 19.95 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊപ്പം തിരുവേഗപ്പുറം പഞ്ചായത്തും കിഴക്കുഭാഗത്ത്  പട്ടാമ്പി പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും പടിഞ്ഞാറുഭാഗത്ത് പരുതൂര്‍ ഗ്രാമപഞ്ചായത്തുമാണ്. 2001 ലെ സെന്‍സസ് അനുസരിച്ച് പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 21496 ആണ്. ഇതില്‍ പുരുഷന്‍മാര്‍ 10318 ഉം സ്ത്രീകള്‍ 11178 ഉം ആണ്. സാക്ഷരതയില്‍ ഗ്രാമം വളരെയധികം മുന്‍പന്തിയിലാണെന്നതാണ് സാക്ഷരതാനിരക്കുകള്‍ കാണിക്കുന്നത്. 98% ആണ് ഇവിടുത്തെ സാക്ഷരത. പഞ്ചായത്തിലെ ജനനനിരക്ക് 70% മരണനിരക്ക് 75 ശതമാനവുമാണ്. പഞ്ചായത്തിലെ പൊതുവിതരണ രംഗത്ത് 4 റേഷന്‍കടകളും ഒരു മാവേലി സ്റോറും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ് കിണറുകളും പൊതു കുടിവെള്ള ടാപ്പുകളുമാണ്. പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി പതിനഞ്ചാളം തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പഞ്ചായത്തിന്റെ പുരോഗതി തെളിയിക്കുന്നതാണ് 98% വരുന്ന ഇവിടുത്തെ സാക്ഷരതാ നിരക്ക്. 1889 ല്‍ ആരംഭിച്ച സംസ്കൃതവിദ്യാലയത്തോടെയാണ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 2 ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ഉള്‍പ്പെടെ 15 സ്കൂളുകളും സ്വകാര്യമേഖലയില്‍ 5 സ്ക്കൂളുകളും ഒരു കോളേജും ഈ പഞ്ചായത്തിലുണ്ട്. വന്‍കിട വ്യവസായങ്ങള്‍ എടുത്തു പറയത്തക്കതായി ഒന്നും തന്ന പഞ്ചായത്തില്‍ ഇല്ല.  ഇഷ്ടിക കമ്പനി, ഓട്ടുകമ്പനി, മരമില്ല്, കൊപ്ര, നൂല്‍നൂല്‍പ്പ് തുടങ്ങി നിരവധി ചെറുകിട വ്യവസായ സംരംഭങ്ങള്‍ പഞ്ചായത്തില്‍ ധാരാളമായുണ്ട്. ഇടത്തരം വ്യവസായങ്ങളായി പപ്പട നിര്‍മ്മാണവും ബേക്കറി വ്യവസായവും നിലവിലുണ്ട്. വളരെ സജീവമായ വ്യാപാര കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. മുതുതല, കാരക്കുത്ത്, കൊടുമണ്ട, പെരുമുടിയൂര്‍ എന്നിവ ഇവിടുത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്. കൂടാതെ രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ ഒരു ദേശസാല്‍കൃത ബാങ്കും, സഹകരണ ബാങ്കുമുണ്ട്. പഞ്ചായത്തിലെ മുതുമലയിലാണ് വൈദ്യുതബോര്‍ഡ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍ ഇവ സ്ഥിതി ചെയ്യുന്നത്. കൂടാതെ 4 പോസ്റ് ഓഫീസുകളും, ഒരു കൊറിയര്‍ ഓഫീസും, ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു നൂല്‍നൂല്‍പ്പ് കേന്ദ്രവും ഇവിടെയുണ്ട്.  സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് കല്ല്യാണമണ്ഡപങ്ങളും പഞ്ചായത്തിലുണ്ട്. മൃഗചികിത്സയ്ക്കായി ഒരു മൃഗാശുപത്രിയും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് കുറച്ചുകൂടെ മെച്ചപ്പെട്ട ഒരു ഗതാഗതസൌകര്യം ആവശ്യമാണ്. പള്ളിപ്പുറം - പട്ടാമ്പി റോഡാണ് നിലവില്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡ്. പട്ടാമ്പിയാണ് പഞ്ചായത്തിനടുത്തുള്ള ബസ് സ്റ്റാന്‍ഡ്. പുതുപ്പാലം ഇവിടുത്തെ ഗതാഗതവികസനത്തിന് ഒരു തെളിവായ് പറയാം. കരിപ്പൂര്‍ ആണ് മുതുമല പഞ്ചായത്തിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. കൊടുമുണ്ട റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഭാരതപ്പുഴയാണ് ഇവിടുത്തെ പ്രധാന ജലഗതാഗത മാര്‍ഗ്ഗം. മുസ്ളീങ്ങളും ഹിന്ദുക്കളുമാണ് പഞ്ചായത്തിലെ പ്രധാന മതവിഭാഗങ്ങള്‍. ഇവരുടെ നിരവധി ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. മുത്തശ്ശിയാര്‍ക്കാവ്, ഈഹാപുഹേശ്വരി ക്ഷേത്രം, ചെറുശ്ശേരി ക്ഷേത്രം, കൊടുമുണ്ട പള്ളി, തറപ്പള്ളി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. മുത്തശ്ശിയാര്‍ക്കാവ് പൂരവും, കൊടുമുണ്ട പള്ളിയിലെ നേര്‍ച്ചയുമാണ് പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങള്‍. ജാതിമത വിവേചനമില്ലാതെ എല്ലാവരും ഈ ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ചില നാടന്‍കലാരൂപങ്ങളും പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന തിറ,പൂതന്‍ തുടങ്ങിയ അനുഷ്ടാനകലകള്‍ ഇതിനുദാഹരണങ്ങളാണ്. സംസ്കൃത പണ്ഡിതനായിരുന്ന പുന്നശ്ശേരി തമ്പി, പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന തടം പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ജാതിവിവേചനത്തിനെതിരായുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച കാഞ്ഞൂര്‍ രാമന്‍ ഭട്ടതിരിപ്പാട,് ഭാര്യ കാളി അന്തര്‍ജ്ജനം എന്നിവരൊക്കെ ഈ നാടിനെ സാംസ്ക്കാരിക പുരോഗതിയിലേക്ക് നയിച്ചവരാണ്. നിരവധി കലാകായിക സാംസ്ക്കാരിക സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. യുവതരംഗം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്, യുവധ്വനി എന്നീ ക്ളബുകളും കൊടുമുണ്ട, മുതുതല, നാലങ്ങാടി എന്നിവിടങ്ങളിലെ വായനാശാലകളും പഞ്ചായത്തിന്റെ കലാസാംസ്ക്കാരിക രംഗത്തെ മുതല്‍ക്കൂട്ടാണ്. നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് മുതുതല പഞ്ചായത്തിലുള്ളത്. കൂടാതെ ഒരു ഹോമിയോ ആശുപത്രി, ഒരു ആയുര്‍വേദാശുപത്രി, ഒരു ഡിസ്പെന്‍സറി എന്നിവയും ഇവിടെയുണ്ട്. പഞ്ചായത്തിന് തൊട്ടടുത്ത് ആംബുലന്‍സ് സേവനം ലഭ്യമാകുന്നത് പട്ടാമ്പിയിലാണ്.