ചരിത്രം
സാമൂഹ്യ-സാംസ്കാരികചരിത്രം
മുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യകലവറ ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് മുത്തുക്കുളം എന്ന പേര് ലഭിച്ചതെന്ന് കേള്‍ക്കുന്നു. മുത്തുക്കുളം നൂറ്റാണ്ടുകളിലൂടെ മുതുകുളം ആയി മാറി. ഇതിലെ നിജസ്ഥിതി അതെന്തുതന്നെയായാലും ഇന്നലെകളിലെ കാര്‍ഷികസമൃദ്ധിയുടെ അടയാളമാണ് ഈ പേരെന്ന് കരുതാം. പാണ്ഡവര്‍ അജ്ഞാതവാസകാലത്ത് കുറെക്കാലം ഇവിടെ താമസിച്ചതായി ഐതിഹ്യമുണ്ട്. പാണ്ഡവമാതാവ് കുന്തി താന്‍ പ്രതിഷ്ഠിച്ച് പൂജിച്ചുവന്ന ദേവതയെ ഗ്രാമീണരുടെ ഐശ്വര്യത്തിനായി ഇവിടെ തന്നെ പ്രതിഷ്ഠിച്ചിട്ടാണ് പോയതത്രേ. പാണ്ഡവര്‍ക്കാവ് ക്ഷേത്രം ഇവിടെ സ്ഥാപിതമായത് ഇങ്ങനെയാണെന്നാണ് ഐതിഹ്യം. പ്രസിദ്ധങ്ങളായ ഈരയില്‍, മായിക്കല്‍, കുറുംബകരയില്, കൊല്ലകല്‍, ഇലങ്കം, കരുണാമുറ്റം, വെട്ടിക്കുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളും നിരവധി ക്രൈസ്തവ-മുസ്ളീം ദേവാലയങ്ങളും മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ അവിസ്മരണീയമായ ചില സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മുതുകുളത്തിന് കഴിഞ്ഞിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെ മുതുകുളം പ്രഖ്യാപനം വളരെ പ്രശസ്തമാണ്. അനശ്വരനാടകാചാര്യനും വിപ്ളവകാരിയുമായിരുന്ന തോപ്പില്‍ ഭാസി, ശങ്കരനാരായണന് തമ്പി, പുതുപ്പള്ളി രാഘവന്, എം.എന്‍.ഗോവിന്ദന് നായര്‍ എന്നിവരുടെ ഒളിവുകാലജീവിതമാണ് മുതുകുളത്തുകാരുടെ മറ്റൊരു ഓര്‍മ്മ. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരം സ്കൂളാണ് മുതുകുളത്തെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. കലാസാഹിത്യ രംഗത്ത് ഒരു സുവര്‍ണ്ണചരിത്രം തന്നെ മുതുകുളത്തിനുണ്ട്. ഇന്ന് മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള കുത്തിയോട്ടപാട്ടുകള് എഴുതിയ മീനത്തേരില്‍ കേശവപിള്ളയാണ് ഈ ഗ്രാമത്തിലെ ആദ്യകവി. സ്വാതന്ത്ര്യസമര സേനാനി കൂടിയായ മുതുകുളം പാര്‍വ്വതി അമ്മയാണ് ആദ്യത്തെ കവയിത്രി. നാടകാചാര്യന്മാരായ അക്ബര്‍ ശങ്കരപിള്ള, അനാര്‍ക്കലി വാസുദേവ്, മുതുകുളം കാര്ത്തികേയന് നായര്‍, മുതുകുളം എന്‍.കെ.ആചാരി, ആര്‍ട്ടിസ്റ്റ് കെ.കേശവപിള്ള, സ്വാതന്ത്ര്യസമരത്തിന് ആവേശം പകര്‍ന്ന് കവിതകള്‍ ആലപിച്ചതിന് മദ്രാസ് ഗവണ്മെന്റില് നിന്നും യാതനാ വേതനം ലഭിച്ച എസ് വി വാസുദേവന്‍ നായര്‍, ആര്‍ട്ടിസ്റ്റ് കുമാര്‍ തുടങ്ങിയ പ്രതിഭാശാലികളായ കലാകാരന്മാര് പഞ്ചായത്തിന്റെ സാംസ്കാരികസമ്പത്തിന് മുതല്‍ക്കൂട്ടാണ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന് എന്ന സിനിമയിലെ കഥ, സംഭാഷണം, ഗാനങ്ങള്‍, അഭിനയം തുടങ്ങിയ സമസ്തമേഖലകളിലും തനതുസംഭാവന നല്കിയ മുതുകുളം രാഘവന് പിള്ള, ആധുനിക ചലച്ചിത്രരംഗത്തെ വിശ്വപ്രതിഭയായിരുന്ന പി.പത്മരാജന് എന്നിവര്‍ ഈ ഗ്രാമത്തിന്റെ സംഭാവനയായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഈ ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട്. കല്‍ക്കട്ടയില്‍ പോയി ഹോമിയോ സയന്‍സില്‍ ബിരുദം നേടിയ കുറ്റിശ്ശേരില്‍ ഡോക്ടര്‍, മര്‍മ്മ ചികിത്സാ വിദഗ്ധന്മാരായ തഴയശ്ശേരില്‍ വൈദ്യന്മാര് എന്നിവരെല്ലാം മുതുകുളത്തിന്റെ പൂര്വ്വസ്വത്തുക്കളാണ്. ശ്രീനാരായണദര്‍ശനങ്ങള്‍ക്ക് നന്നെ വേരോട്ടമുള്ള സ്ഥലമാണ് മുതുകുളം.