പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

ആലപ്പുഴ ജില്ലയുടെ തെക്കുപടിഞ്ഞാറ് കായംകുളം കായലിന് 5കി.മീ.കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് രണ്ടായി വിഭജിക്കുന്നു. ഈ റോഡിന് പടിഞ്ഞാറുഭാഗത്ത് 7 വാര്‍ഡുകളും കിഴക്കുഭാഗത്ത് 3 വാര്‍ഡുകളുമുള്ള ഈ പഞ്ചായത്ത് ഓണാട്ടുകര കാര്‍ഷികമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ സമതലപ്രദേശത്ത് മണല്‍മണ്ണാണ് കാണപ്പെടുന്നത്. കിഴക്കന്‍പ്രദേശം കൂടുതല്‍ സമതല പുരയിടവും, പടിഞ്ഞാറന്‍ പ്രദേശം ഏറിയ പങ്കും നിലവുമാണ്. റോഡിന് പടിഞ്ഞാറ് ഭാഗത്ത് വളക്കൂറുള്ള കറുത്ത മണ്ണാണ് കാണപ്പെടുന്നത്. ഇവിടെ നെല്ല് നന്നായി കൃഷി ചെയ്യപ്പെടുന്ന വയലുകളാണ്. ഈ പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലും, തെങ്ങുമാണ്. ഇടവിളകളായി കിഴങ്ങുവര്‍ഗ്ഗങ്ങളും, പച്ചക്കറികളും, വാഴ, കുരുമുളക്, കമുക് തുടങ്ങിയവയും കൃഷി ചെയ്യുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറ് ആറാട്ടുപ്പുഴ പഞ്ചായത്തും, കിഴക്ക് പത്തിയൂര്‍, ചേപ്പാട് പഞ്ചായത്തുകളും, തെക്ക് കണ്ടല്ലൂര്‍ പഞ്ചായത്തും, വടക്ക് ചിങ്ങോലി പഞ്ചായത്തുമാണ്. പഞ്ചായത്തിലെ ഭൂപ്രദേശങ്ങളുടെ ഉയരം സമുദ്രനിരപ്പില്‍ നിന്നും 8 മീറ്ററാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വയലുകളും തീരദേശങ്ങളുമാണ്. വയലുകളും തീരദേശങ്ങളും 475.2 ഹെക്ടര്‍ വരും. പൊതുവെ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ താഴ്ചയുള്ളവയാണ്. പഞ്ചായത്തിലെ എല്ലാ തോടുകളും കായംകുളം കായലുമായി ബന്ധപ്പെട്ടുകിടക്കുന്നു.

അടിസ്ഥാനമേഖലകള്‍

സ്വാതന്ത്ര്യലബ്ധിക്ക് വളരെ മുമ്പുതന്നെ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. ആശാന്‍ പള്ളിക്കൂടങ്ങള്‍ ഈ ഗ്രാമത്തില്‍ പലയിടങ്ങളിലും കാണാം. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരം സ്കൂളാണ് മുതുകുളത്തെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനം. 1916-ല്‍ ആരംഭിച്ച ഈ സ്കൂളില്‍ സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ണ്ണ വിഭാഗങ്ങള്‍ക്കായി ഒരു സ്കൂള്‍ കൂടി മഹാരാജാവ് അനുവദിച്ചു. ഇതിനാവശ്യമായ സ്ഥലം വാരണപ്പള്ളി കുടുംബക്കാര്‍ സംഭാവന നല്‍കി. കൊട്ടാരം സ്കൂള്‍ പിന്നീട് എല്‍.പി.ജി.എസ് എന്നും വാരണപ്പള്ളി സ്കൂള്‍ എല്‍.പി.ബി.എസ് എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു. അനാചാരങ്ങള്‍ക്കെതിരെയുള്ള മുതുകുളത്തെ ജനാവലിയുടെ ആദ്യ പ്രതിഷേധമായിരുന്നു ഇത്. ഹൈസ്കൂള്‍ സമാജത്തിന്റെ നേതൃത്വത്തില്‍ 1951-ല്‍ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ സ്ഥാപിച്ചു. അറയ്ക്കല്‍ വൈദ്യന്മാര്‍, കോളത്ത് ഗോവിന്ദപിള്ള വൈദ്യന്‍, ശ്രീവിലാസത്ത് സുകുമാര പിള്ള വൈദ്യന്‍ എന്നിവര്‍ ആയുര്‍വ്വേദ രംഗത്തും, തഴശ്ശേരി വൈദ്യന്മാര്‍ മര്‍മ്മ ചികിത്സാ രംഗത്തും പ്രസിദ്ധരായിരുന്നു. കുറ്റിശ്ശേരില്‍ മാനേജര്‍ എന്നറിയപ്പെടുന്ന പ്രഗത്ഭനായ ഒരു ഹോമിയോ ഡോക്ടറും ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ആധുനിക ചികിത്സാ സൌകര്യം ഈ ഗ്രാമത്തില്‍ ആരംഭിച്ചത് 1955-ലാണ്. ഗവണ്‍മെന്റില്‍ നിന്നും പഞ്ചായത്തിലേക്ക് അനുവദിച്ച മുതുകുളം ഗവ.ഡിസ്പെന്‍സറി നമ്പാട്ട് മുന്നിലെ കരയോഗം വക കെട്ടിടത്തിലാണ് ആരംഭിച്ചത്.