മുതുകുളം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മുതുകുളം. മുതുകുളം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 11.58 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുപടിഞ്ഞാറ് കായംകുളം കായലിന് 5 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആറാട്ടുപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തിയൂര്‍, ചേപ്പാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കണ്ടല്ലൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് ചിങ്ങോലി പഞ്ചായത്തും മുതുകുളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നു. പഞ്ചായത്തിലെ ഭൂപ്രദേശങ്ങളുടെ ശരാശരി ഉയരം സമുദ്രനിരപ്പില്‍ നിന്നും 8 മീറ്ററാണ്. 1953-ലാണ് മുതുകുളം പഞ്ചായത്ത് നിലവില്‍ വരുന്നത്. കരിയാഞ്ചിയില്‍ ഇ.കെ.മാധവന്‍പിള്ളയായിരുന്നു ആദ്യ പഞ്ചായത്തു കമ്മിറ്റിയുടെ പ്രസിഡന്റ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന്‍ -ന്റെ കഥ, സംഭാഷണം, ഗാനങ്ങള്‍, അഭിനയം തുടങ്ങിയ സമസ്തമേഖലകളിലും തനതുസംഭാവന നല്‍കിയ മുതുകുളം രാഘവന്‍പിള്ളയുടേയും മലയാളസിനിമയിലെ ഒരേയൊരു ഗന്ധര്‍വ്വനായിരുന്ന പി.പത്മരാജന്റേയും സ്വദേശമെന്ന നിലയിലാണ് മുതുകുളത്തെ പുറംലോകം ആദ്യം അറിയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുത്തുക്കുളം എന്നായിരുന്നുവത്രെ ഈ പ്രദേശത്തിന്റെ പേര്. മുത്തുക്കുളം നൂറ്റാണ്ടുകളിലൂടെ മുതുകുളം ആയി മാറി. ഇന്നലെകളിലെ കാര്‍ഷികസമൃദ്ധിയുടെ ധന്യദീപ്തിയാണ് ഈ നാമധേയത്തിന് പിന്നിലുള്ളതെന്ന് കരുതാം. മന്നത്ത് പത്മനാഭന്റെ മുതുകുളം പ്രഖ്യാപനം വളരെ പ്രശസ്തമാണ്.