മുതലമട

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കിലാണ് മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുതലമട ഒന്ന്, മുതലമട രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 66.76 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് തമിഴ്നാടും, വടക്കുഭാഗത്ത് പട്ടഞ്ചരി, വടവന്നൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് നെന്മാറ,നെല്ലിയാമ്പതി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കൊല്ലങ്കോട് പഞ്ചായത്തുമാണ്. കൊല്ലങ്കോട് രാജാവിന്റെ ഭരണത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഇവിടെയുണ്ടായിരുന്ന കോട്ട. അക്കാലത്താണ് ഈ കോട്ടയ്ക്ക് മുതലക്കോട്ട എന്ന പേര് വന്നത്. ഈ പ്രദേശങ്ങളില്‍ ചതുപ്പുനിലങ്ങളായിരുന്നു അധികവും. ഇവിടെ ധാരാളം മുതലകള്‍ ഉണ്ടായിരുന്നതാവാം ഈ പേരു വരാനുണ്ടായ കാരണമെന്ന് പറയപ്പെടുന്നു. പിന്നീട് ഈ പേരു ലോപിച്ച് മുതലമട എന്നായിട്ടുണ്ടാവാം. ഈ പ്രദേശത്തെ സ്ഥലനാമങ്ങളെല്ലാം തന്നെ ജന്തുനാമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആനമാറി, കുതിരമുളി, പോത്തമ്പാടം, നിപ്പാറചള്ള എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. പാലക്കാട് ചുരത്തില്‍ തെക്കുഭാഗത്തായി തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്ത്, ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ്. ദശാബ്ദങ്ങള്‍ക്കു മുമ്പ് ഈ പഞ്ചായത്തിന്റെ മുക്കാല്‍ഭാഗവും വനപ്രദേശമായിരുന്നുവത്രെ. പഞ്ചായത്തിന്റെ തെക്കുഭാഗം മുഴുവനായി കാണുന്ന മലനിര വനപ്രദേശമാണ്. ലോകപ്രസിദ്ധമായ പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം ഈ പഞ്ചായത്തിലാണ്. ഈ വനപ്രദേശത്ത് ആന, കടുവ, പുലി, കരടി, കാട്ടുപോത്ത്, വിവിധയിനം മാനുകള്‍ എന്നിവയുണ്ട്. അപൂര്‍വ്വയിനം പക്ഷികളും ഇവിടെ കാണപ്പെടുന്നു. സുപ്രസിദ്ധ പക്ഷിശാസ്ത്രജ്ഞനായിരുന്ന ഡോ.സലിംഅലി പല പ്രാവശ്യം നിരീക്ഷണത്തിനു തങ്ങിയ പക്ഷിസങ്കേതം കൂടിയാണിത്. ഏഷ്യയിലെ ഏറ്റവും വലുത് എന്നറിയപ്പെടുന്ന കന്നിമാരി തേക്ക് ഇവിടെയാണ്. ഭൂപ്രകൃതിയനുസരിച്ച് മുതലമടയെ മലമ്പ്രദേശം, താഴ്വാരം, കുന്നിന്‍പ്രദേശം, സമതലം എന്നീ നാലുമേഖലകളായി തിരിക്കാം. പഞ്ചായത്തിന്റെ തെക്കുഭാഗത്തായി നീണ്ടുകിടക്കുന്ന, തെന്മല നിര പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. അതിനു താഴെയായി താഴ്വാരവും പഞ്ചായത്തിന്റെ വടക്കുഭാഗത്തായി സമതലപ്രദേശവും സ്ഥിതിചെയ്യുന്നു. സമതലത്തിനും താഴ്വാരത്തിനും ഇടയിലാണ് കുന്നിന്‍പ്രദേശം. അതാകട്ടെ കിഴക്കുപടിഞ്ഞാറ് ഒരു നിരയായി കാണപ്പെടുന്നു. ഫോറസ്സ് സോയില്‍, എക്കല്‍ കലര്‍ന്ന കരിമണ്ണ്, ചെമണ്ണ്, ചുക്കാന്‍മണ്ണ്(പ്രധാനമായും ക്ഷാരഗുണമുള്ള മണ്ണ്) എന്നിവയാണ് പ്രധാന മണ്ണിനങ്ങള്‍.

muthalamada-panchayath1