ചരിത്രം

സാമൂഹ്യചരിത്രം

 
മുതലമട പ്രദേശം മുന്‍കാലത്ത് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തനതുചരിത്രം 200 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആരംഭിക്കുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് പാറക്കല്‍ചള്ളയുടെ പടിഞ്ഞാറുഭാഗത്ത് തച്ചന്‍കുളമ്പില്‍ നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്രമാറ്റങ്ങളെ നിശബ്ദമായി നോക്കി പന്തലിച്ചുനില്‍ക്കുന്ന പേരാല്‍മരവും പനങ്കൂട്ടവും കാലഘട്ടത്തിന്റെ പഴക്കത്തെ നമുക്ക് അറിയിച്ചുതരുന്ന ചരിത്രസ്മാരകങ്ങളാണ്. ടിപ്പുസുല്‍ത്താന്‍ പടയോട്ടകാലത്ത് പാലക്കാട് കോട്ട സ്ഥാപിച്ചതിനു ശേഷം ഇവിടെയും ഒരു കോട്ട സ്ഥാപിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഈ കോട്ടയിലെ കല്ലുകള്‍ പാലക്കാട്ടെ കോട്ടയുടെ അതേ അളവിലും വലിപ്പത്തിലുമാണ്. ഈ കോട്ടയുടെ സംരക്ഷണത്തിന് പന്ത്രണ്ട് പഠാണികുടുംബങ്ങളെ ഇതിന്റെ പരിസരങ്ങളില്‍ താമസിപ്പിച്ചിരുന്നു. ഉറുദു സംസാരിക്കുന്ന ഇവരുടെ സന്തതിപരമ്പരകള്‍ ഇന്നും മുതലമടയിലെ പല സ്ഥലങ്ങളിലും കാണാം. ബ്രീട്ടീഷ്ഭരണകാലത്ത് ഈ കോട്ട കച്ചേരിയായിമാറി. കൊല്ലങ്കോട് രാജാവിന്റെ ഭരണത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഈ കോട്ട. അക്കാലത്താണ് ഈ കോട്ടയ്ക്ക് മുതലക്കോട്ട എന്ന പേര് വന്നത്. ഏകദേശം മുക്കാല്‍ഭാഗം പഴയ മലബാറിലും വടക്കുഭാഗത്തുളള കാല്‍ഭാഗം തിരുകൊച്ചിയിലും ഉള്‍പ്പെട്ടിരുന്ന സ്ഥലമാണ് മുതലമട പഞ്ചായത്ത്. ഈ പ്രദേശങ്ങളില്‍ ചതുപ്പുനിലങ്ങളായിരുന്നു അധികവും. ഇവിടെ ധാരാളം മുതലകള്‍ ഉണ്ടായിരുന്നതാവാം ഈ പേരു വരാനുണ്ടായ കാരണമെന്ന് പറയപ്പെടുന്നു. പിന്നീട് ഈ പേരു ലോപിച്ച് മുതലമട എന്നായിട്ടുണ്ടാവാം. ഈ പ്രദേശത്തെ സ്ഥലനാമങ്ങളെല്ലാം തന്നെ ജന്തുനാമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആനമാറി, കുതിരമുളി, പോത്തമ്പാടം, നിപ്പാറചള്ള എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. പോയ കാലത്ത് സവര്‍ണ്ണമേധാവിത്വം മുതലമടയില്‍ ശക്തമായിരുന്നു. അവരുടെ ശിങ്കിടികളും ഇത് ശക്തമായി നിലനിര്‍ത്താന്‍ ശ്രമിച്ചു. താഴ്ന്ന ജതിക്കാരുടെ വിവാഹത്തിന് കറുത്ത വസ്ത്രം ധരിക്കണമെന്നും, ഹരിജനസ്ത്രീകള്‍ പിച്ചളവളകള്‍ ധരിക്കണമെന്നും, മാറു മറയ്ക്കാന്‍ പാടില്ലായെന്നും, ചായക്കടകളില്‍ കീഴാളര്‍ക്കായി പ്രത്യേക പാത്രങ്ങള്‍ വക്കണമെന്നും നിര്‍ബന്ധമായിരുന്നു. തൊഴിലാളികളെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. കുടിവെള്ളം, കുളം, വഴി എന്നിവ ഓരോ ജാതിക്കും വേറെവേറെയായിരുന്നു. തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി-തൃശ്ശൂര്‍ റോഡും, പൊള്ളാച്ചി-പാലക്കാട് റെയില്‍ഗതാഗതപാതയും മുതലമടയില്‍ തമിഴുസംസ്ക്കാരത്തിന്റെ സ്വാധീനം കടന്നുവരാന്‍ ഇടയാക്കി. കിഴക്കന്‍ പ്രദേശത്തെ വെങ്ങുനാട് കോവിലകംഭൂമി വെട്ടിത്തെളിയിക്കാനായാണ് തമിഴ് വംശജര്‍ വന്നു ചേര്‍ന്നത്. മൈലുകള്‍ക്കപ്പുറത്തുവെച്ച് കുപ്പായം ഊരി ചുരുട്ടിപ്പിടിപ്പിച്ചാണ് പഴയകാലത്ത് കുടിയാന്‍ ജന്മിയെ കാണാന്‍ പോവുക. കുപ്പായം ഊരിയില്ലെങ്കില്‍ മര്‍ദ്ദിക്കപ്പെടും. കടയില്‍ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ കിണറ്റില്‍ നിന്ന് കുടിവെള്ളം എടുക്കാനോ അനുവദിക്കാതെ മാറ്റിനിര്‍ത്തപ്പെട്ട ദുഃഖിതവര്‍ഗ്ഗം ഇവിടെ ഉണ്ടായിരുന്നു. മര്‍ദ്ദിച്ചനുസരിപ്പിച്ച് ജോലിചെയ്യിപ്പിക്കുന്ന ക്രൂരതയും ഇവിടെ ഉണ്ടായിരുന്നു. പശുപെറ്റാല്‍ ജന്മിയുടെ കാര്യസ്ഥന്മാര്‍ വന്ന് പ്രതിഫലം നല്‍കാതെ ഭീഷണിപ്പെടുത്തി പശുവിനെ ജന്മിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന അനീതിക്കെതിരായി പുളിയന്തോണിയിലെ 50-ഓളംപേര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയുണ്ടായി. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ ഇവിടെയുള്ള വിദ്യാസമ്പന്നര്‍ അതില്‍ ആകൃഷ്ടരായി. 1932-ല്‍ ആയിരുന്നു സവര്‍ണ്ണമേധാവിത്വത്തിനെതിരെ ആദ്യമായുണ്ടായ പ്രതിഷേധം. ഒരു സവര്‍ണ്ണമേധാവിയുടെ കുട എറിഞ്ഞുപൊളിച്ചതിലൂടെ നിലവിലുള്ള സമ്പ്രദായത്തിനു നേരെയുള്ള പ്രതിഷേധമായിരുന്നു വെളിപ്പെടുത്തപ്പെട്ടത്. 1942-ല്‍ സര്‍വ്വ ജാതിക്കാരും പങ്കെടുത്ത പന്തിഭോജനം നടന്നു. ഇതില്‍ പാറക്കല്‍ ചിദംബരമേനോന്‍, വിശ്വനാഥമേനോന്‍, മായന്‍, പി.സി.നാരായണന്‍, പി.എന്‍.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ദേശീയ സ്വാതന്ത്യ്രസമരം ഇന്ത്യയിലെങ്ങും ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചപ്പോള്‍ മുതലമടയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. വിദ്യാസമ്പന്നരായ കുടിയാന്മാരില്‍ ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ഇതില്‍ ബന്ധപ്പെട്ടു. സ്വാതന്ത്യ്രസമരത്തിന്റെ സമരാഗ്നി മുതലമടയില്‍ ജ്വലിപ്പിച്ചതില്‍ പാറക്കല്‍ വാസുമേനോനുള്ള പങ്ക് പ്രധാനമാണ്. 1942-ല്‍ ഗാന്ധിജിയെ അറസ്റ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇവിടെ ജാഥ നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത ചെന്താമരാക്ഷന്‍, പ്രകാശമേനോന്‍, വെള്ളപ്പറാവുത്തര്‍ എന്നിവരെ വിദ്യാലയത്തില്‍ നിന്ന് ഒരാഴ്ച്ചക്കാലം സസ്പെന്‍ഡ് ചെയ്തിരുന്നു. വിദേശവസ്തുക്കളുടെ ബഹിഷ്ക്കരണം, ഖാദി വസ്ത്രധാരണം, അയിത്തോച്ചാടനം എന്നീ ആശയങ്ങള്‍ ശക്തമാവുകയും പി.എന്‍.കൃഷ്ണനെപ്പോലെയുള്ള വിദ്യാസമ്പന്നര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ മുതലമടയില്‍ സംഘടിപ്പിച്ചതിന്റെ പിന്നിലെ മുഖ്യ പ്രേരകശക്തി നാരായണന്‍കുട്ടി മേനോനായിരുന്നു. ബീഡിതൊഴിലാളികളുടെ സംഘടനായാണ് ഇവിടെ ആദ്യം രൂപീകൃതമായത്. ഈ രംഗത്ത് എ.എം.ഇബ്രാഹിം, പി.എ.ഷെയ്ക്ക് മുഹമ്മദ്, എന്‍.എ.റഹ്മാന്‍, പി.എ.ഷാഹുല്‍ഹമീദ് എന്നിവരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. അന്ന് നിലവിലുണ്ടായിരുന്ന കൂലി പുരുഷന് നാലണയും സ്ത്രീകള്‍ക്ക് 2.5 അണയുമായിരുന്നു. സമൂഹത്തില്‍ കര്‍ഷകരും, തൊഴിലാളികളും അനുഭവിച്ച യാതനകള്‍ക്കും കുറഞ്ഞ കൂലിനിരക്കിനുമെതിരേ ഉണ്ടായ അമര്‍ഷം തൊഴിലാളികളെ സംഘബോധത്തിലേക്ക് നയിച്ചു. 1950-കളില്‍ പുതിയ സംഘങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങി. 1952-ല്‍ ആദ്യമായി തൊഴിലാളികളും കര്‍ഷകരും ചേര്‍ന്നു കര്‍ഷകസംഘം സ്ഥാപിച്ചു. മായന്‍, പി.സി.നാരായണന്‍, മാധവന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു സജീവപ്രവര്‍ത്തകര്‍. പിന്നീട് തദ്ദേശീയരായ ടി.ചാത്തു, കെ.പി.പിള്ള, എം.വാസു, എ.ചെല്ലപ്പന്‍ എന്നിവര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നു. ജന്മിയുടെ ആജ്ഞയെ ധിക്കരിച്ചതിന്റെ പേരില്‍ കുടിയാന്റെ കൂളന്‍കുട്ടിയെ ആട്ടിക്കൊണ്ടുപോയ ജന്മിക്കെതിരെ പൊതുജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പ് തെളിയിച്ച ആദ്യസംഭവമാണ് കൂളന്‍കുട്ടി സമരം. നിലവിലുള്ള ജന്മിത്വത്തിന്റെ മര്‍ദ്ദനവാഴ്ചയ്ക്കെതിരെ കീഴാളന് തിരിച്ചടിക്കാന്‍ കഴിയുമെന്നും അതിനുള്ള ശക്തിയുണ്ടെന്നും ഇത് തെളിയിച്ചു. തുടര്‍ന്ന് നിരവധി സമരങ്ങളിലൂടെയും ചെറുത്തുനില്‍പ്പുകളിലൂടെയും ജനകീയനിര കെട്ടിപ്പടുക്കാന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞു. മദിരാശിനിയമസഭയില്‍ കെ.പി.ആര്‍.ഗോപാലന്റെ നേതൃത്വത്തില്‍ അതിക്രമിച്ചുകയറിയ നാല്‍പതുപേര്‍ പാട്ടം നിജപ്പെടുത്താന്‍ കൃഷി, കുടിയിരിപ്പ് സ്ഥിരമാക്കല്‍ എന്നിവയ്ക്കുവേണ്ടി മുദ്രാവാക്യം മുഴക്കി. 1954-ല്‍ മലബാര്‍ ടെനന്‍സി ആക്ട് പാസാക്കിയതിനെ തുടര്‍ന്ന് പാട്ടം നിജപ്പെടുത്തുകയും കുടിയാന്മാരെ സ്ഥിരപ്പെടുത്തുകയും മറ്റും ഉണ്ടായി. മുതലമടയിലെ പാട്ടകുടിയാന്മാരായിരുന്ന കര്‍ഷകര്‍ അനുഭവിച്ച യാതനകള്‍ വര്‍ണ്ണനാതീതമായിരുന്നു. രാവും പകലും വര്‍ഷം മുഴുവന്‍ പാടത്തും പറമ്പിലും ജോലി ചെയ്തുണ്ടാക്കിയ വിളവു മുഴുവന്‍, ജന്മി പാട്ടം അളന്ന് വാങ്ങിയെടുക്കുന്നതോടെ ഒഴിഞ്ഞ കയ്യോടെ മടങ്ങുന്ന കര്‍ഷകന്റെ രക്ഷയ്ക്കായി 1970-ലാണ് കേരളത്തില്‍ ഭൂപരിഷ്കരണനിയമം നിലവില്‍ വന്നത്. അതോടെ മണ്ണില്‍ പണിയെടുക്കുന്നവന് മണ്ണ് സ്വന്തമായി. ഭൂവുടമാസമ്പ്രദായം അടിമുടി മാറി. ജന്മി-കുടിയാന്‍ വ്യവസ്ഥിതിയ്ക്ക് വിപ്ളവകരമായ മാറ്റം വന്നു. കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണത്തിലും ഗുണപരമായ മാറ്റം വന്നു. മുതലമടയിലാകെ സാമൂഹ്യമായും സാമ്പത്തികമായും പുത്തന്‍ ഉണര്‍വ് ഇതോടെ നിലവില്‍ വന്നു. 1910-ലാണ് വിദ്യാഭ്യാസകേന്ദ്രങ്ങള്‍ മുതലമടയില്‍ ആരംഭിച്ചത്. അനൌപചാരിക എഴുത്തുപള്ളികളും എഴുത്താശ്ശാന്‍മാരും ഓലയിലെഴുതി പഠിക്കുന്ന രീതിയും തുടങ്ങിയത് ഇക്കാലത്താണ്. വലിയചള്ള, ആനമാറി, ചേനപ്പന്തോട്ടം, ഗോവിന്ദാപുരം എന്നിവിടങ്ങളില്‍ എഴുത്തുപള്ളികളുണ്ടായിരുന്നു. ആദ്യ അനൌപചാരികസ്ഥാപനം വലിയചള്ളയിലായിരുന്നു. പി.നാഗുമണി മാസ്റ്ററായിരുന്നു മുതലമടയിലെ ആദ്യത്തെ അധ്യാപകന്‍. 1919-ലാണ് ആദ്യമായി ഔപചാരിക വിദ്യാലയം നിലവില്‍ വന്നത്. 1957-ലായിരുന്നു മുതലമട ഹൈസ്ക്കുള്‍ നിലവില്‍ വന്നത്. അതോടെ ഉന്നതവിദ്യാഭ്യാസത്തിന് സൌകര്യം ഉണ്ടായി. ആദ്യമായി പഞ്ചായത്ത് രൂപികരിക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നത് 1954-ലായിരുന്നു. കൈപൊക്കി വോട്ട് ചെയ്യലായിരുന്നു രീതി. ആദ്യപ്രസിഡണ്ട് പി.നാഗുമണി മാസ്റ്ററായിരുന്നു. ആദ്യകാലത്ത് പഞ്ചായത്തോഫീസ് കാമ്പ്രത്ത്ചള്ളയിലായിരുന്നു. 1969-ലാണ് ഇന്നത്തെ ഓഫീസ് നിലവില്‍ വന്നത്. കല്ലുവപ്പന്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് സര്‍ക്കാര്‍ കെട്ടിടം നിര്‍മ്മിച്ചു. 1977-ലെ തുലാവര്‍ഷക്കാലത്ത് തെന്മലയുടെ താഴ്വരയില്‍ മൊണ്ടിപ്പതി, ചേപ്പക്കാട് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍  മുതലമടയെയെന്നല്ല, കേരളത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇതില്‍ 33 പേരാണ് മരിച്ചത്. ചുള്ളിയാര്‍ ഡാമിലേക്ക് ഒലിച്ചുവന്ന വന്യമൃഗങ്ങളും പശുക്കളും നിരവധിയാണ്.

സാംസ്കാരികചരിത്രം

ഇടതൂര്‍ന്ന വനപ്രദേശങ്ങളും വെള്ളംകെട്ടി നില്‍ക്കുന്ന കുഴികളും നിറഞ്ഞതായിരുന്നു ഈ പ്രദേശം. മുതലകളുടെ ആവാസ കേന്ദ്രമായതിനാല്‍ മുതലമട എന്ന പേരിലറിയപ്പെട്ടു. വൈവിധ്യമാര്‍ന്ന പ്രദേശിക സ്ഥലനാമങ്ങളാണ് മുതലമടക്കുള്ളത്. മൃഗങ്ങളുടെ പേരു ചേര്‍ത്ത് ആനക്കുഴിക്കാട്, പോത്തമ്പാടം, നരിപ്പാറചള്ള തുടങ്ങിയ സ്ഥലനാമങ്ങളുണ്ടായി. കൂട്ടായ കൃഷിനിലങ്ങള്‍ക്ക് ചള്ള എന്ന പേര് ചേര്‍ത്ത് കാമ്പ്രത്ത്ചള്ള, വടക്കേചള്ള, വലിയചള്ള എന്നിങ്ങനെ സ്ഥലനാമങ്ങളുമുണ്ടായി. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ചിറ എന്ന പേരിലറിയപ്പെട്ടതിനാല്‍ പത്തിച്ചിറയും മേച്ചിറയും സ്ഥലനാമങ്ങളായി. സ്ഥലവാസികളായ പ്രധാനികളുടെ പേരിന്റെ കൂടെ പതി ചേര്‍ത്ത് രൂപപ്പെട്ടതാണ് ആട്ടയാംപതിയും ചുക്കന്‍പതിയും മൊണ്ടിപ്പതിയും. മൂന്ന് ഉലകുമരം നിന്ന സ്ഥലം മുവുലകുപുതൂര്‍ ആയി. താഴ്ന്ന പ്രദേശം പള്ളം ആയി. ഇതിനുദാഹരണമാണ് പള്ളവും, ഒന്നുര്‍പള്ളവും. ചക്കക്കാട്, തെക്കേക്കാട്, കാട്ടുപാടം എന്നിവയൊക്കെ ഈ പ്രദേശത്തുണ്ടായിരുന്ന കാടിനെയും പാടത്തെയും സൂചിപ്പിക്കുന്നു. തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി-തൃശ്ശൂര്‍ റോഡും, പൊള്ളാച്ചി-പാലക്കാട് റെയില്‍ഗതാഗതപാതയും മുതലമടയില്‍ തമിഴുസംസ്ക്കാരത്തിന്റെ സ്വാധീനം കടന്നുവരാന്‍ ഇടയാക്കി. കിഴക്കന്‍ പ്രദേശത്തെ വെങ്ങുനാട് കോവിലകം ഭൂമി വെട്ടിത്തെളിയിക്കാനായാണ് തമിഴ് വംശജര്‍ വന്നു ചേര്‍ന്നത്. മൈലുകള്‍ക്കപ്പുറത്തുവെച്ച് കുപ്പായം ഊരി ചുരുട്ടിപ്പിടിപ്പിച്ചാണ് പഴയകാലത്ത് കുടിയാന്‍ ജന്മിയെ കാണാന്‍ പോവുക. കുപ്പായം ഊരിയില്ലെങ്കില്‍ മര്‍ദ്ദിക്കപ്പെടും. കടയില്‍ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ കിണറ്റില്‍ നിന്ന് കുടിവെള്ളം എടുക്കാനോ അനുവദിക്കാതെ മാറ്റിനിര്‍ത്തപ്പെട്ട ദുഃഖിതവര്‍ഗ്ഗം ഇവിടെ ഉണ്ടായിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്തിനുശേഷം ആനമാറിപളളി നിര്‍മ്മിക്കപ്പെട്ടു. അതിനോടനുബന്ധിച്ച് പഠാണികുടുംബങ്ങളും അവിടെ താമസം തുടങ്ങി. ജനപ്പെരുപ്പത്തിന് അനുസൃതമായി വിവിധ പ്രദേശങ്ങളില്‍ മുസ്ളീംപളളികളും അമ്പലങ്ങളും മറ്റ് ആരാധനാകേന്ദ്രങ്ങളും ഉയര്‍ന്നുവന്നു. ആദ്യകാലം മുതല്‍ നടന്നുവരുന്ന ഒരു ഉത്സവമാണ് പുളിയന്തോണി മാരിയമ്മന്‍ പൊങ്കല്‍. സമീപവാസികളായ എല്ലാവരും വാദ്യഘോഷങ്ങളോടും ദീപങ്ങളോടുംകൂടി ഇതില്‍ പങ്കുചേരുന്നു. ഭക്തിപൂര്‍വ്വം തീക്കുണ്ഠത്തില്‍ നടക്കുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. കിഴക്കന്‍പ്രദേശത്തുള്ള മീങ്കിരയിലെ ഭദ്രകാളിയമ്മന്‍ കോവിലും കുടുതല്‍ പഴക്കമുള്ള ആരാധനാസ്ഥലമാണ്. ഉത്സവകാലങ്ങളില്‍ പോത്ത്, ആട്, തുടങ്ങിയവയെ ബലി നടത്താറുണ്ടായിരുന്നു. നിയമതടസ്സം വന്നതോടുകൂടി മൃഗബലി നിര്‍ത്തലാക്കി. വര്‍ഷംതോറും നടത്തുന്ന ഉത്സവത്തില്‍ ഭൂരിഭാഗം തമിഴ് സംസാരിക്കുന്ന ജനങ്ങളും സമീപവാസികളും ഐക്യത്തോടെ പങ്കുചേരുന്നു. തമിഴ്നാട്ടിന്റെ ഉത്സവങ്ങളായ തൈപൊങ്കല്‍, ദീപാവലി എന്നിവയും തമിഴ് വംശജര്‍ ആഘോഷിക്കുന്നു. പ്രാദേശികമായി അതാതു സ്ഥലങ്ങളില്‍ പൊങ്കല്‍, അയ്യപ്പന്‍വിളക്ക് എന്നിവകളും വിപുലമായി ആഘോഷിച്ചുവരുന്നു. ഉത്സവങ്ങളില്‍ രാത്രി കലാപരിപാടികള്‍ നടത്തുക പതിവാണ്. മുന്‍കാലങ്ങളില്‍ സാധാരണക്കാര്‍ ആസ്വാദിച്ചിരുന്ന കാലാവിഭവമാണ് പൊറാട്ടുക്കളി. ഒഴിഞ്ഞ വയല്‍ഭാഗങ്ങളിലോ, പൊതുസ്ഥലങ്ങളിലോ പൊറാട്ടുക്കളി നടത്തും. കാര്യമായ രംഗസംവിധാനങ്ങളൊന്നുമില്ലാതെ മേല്‍ഭാഗം പന്തലിട്ടും മൂന്നു ഭാഗവും തുറന്നിട്ടതുമായ അരങ്ങിലാണ് ചെണ്ട തുടങ്ങി വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെ ഇത് കളിക്കുക. കുറവന്‍-കുറത്തി, മണ്ണാന്‍-മണ്ണാത്തി തുടങ്ങിയ ജാതിപ്പേരോടുകൂടി പാടിആടിക്കളിക്കും. പാട്ടിനാണ് പ്രാധാന്യം. സമകാലീന രാഷ്ട്രീയ സമുദായമാറ്റങ്ങളെ പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. രാഷ്ട്രീയബോധം സാധാരണക്കാരില്‍ വളര്‍ത്താന്‍ പാലംതോണി വേലായുധന്റെ പൊറാട്ടുകളി പ്രയോജനപ്പെട്ടിരുന്നു. ഇതിനു പുറമെ ആര്യമാല, പവളക്കൊടി, ഹരിശ്ചന്ദ്ര, നല്ലതങ്കാള്‍, സത്യവാന്‍ സാവിത്രി എന്നീ നാടകങ്ങളും അവതരിപ്പിക്കാറുണ്ടായിരുന്നു. ഇതിനായി തമിഴ്നാട്ടിലെ നാടകട്രൂപ്പുകളെ കൊണ്ടുവരാറുണ്ടായിരുന്നു. പ്രദേശികമായി പള്ളം, തെക്കേക്കാട്, പോത്തമ്പാടം എന്നീ ഭാഗങ്ങളില്‍ ചിലര്‍ നാടകം രൂപപ്പെടുത്തി അവതരിപ്പിച്ചിരുന്നു. 1956-ല്‍ തന്നെ ഓന്നൂര്‍പള്ളം സത്രം കേന്ദ്രമാക്കി നവകേരള കലാസമിതി നിലവില്‍ വന്നു. ജീവിതം ഒരു കൊടുങ്കാറ്റ് എന്ന നാടകം പലയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പ്രസിദ്ധ ചെണ്ടമേളക്കാരായ സി.ചെല്ലന്‍, കുഞ്ചുമണി, മസയന്‍ എന്നിവര്‍ ഓന്നൂര്‍ പള്ളത്തുകാരായിരുന്നു. കൊയ്ത്തുകാലത്ത് നെല്‍കതിര്‍ ചുരുട്ടിക്കൂട്ടി കൂടയാക്കി പ്രത്യേക ആരാധനാസ്ഥലങ്ങളില്‍ കൂട്ടമായി ചെന്ന് ആചാരപരമായി നടത്താറുള്ള കതിര്‍ ഉത്സവം കാലാന്തരത്തില്‍ ഇല്ലാതായി എന്നുവേണം പറയാന്‍. എരണിക്കാവിലായിരുന്നു കതിര്‍ ഉത്സവം ആഘോഷിച്ചിരുന്നത്. നല്ലന്‍കിഴായയുടെ വടക്കുഭാഗത്ത് കൂട്ടമായി താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ വര്‍ഷംതോറും കവറ ആറാട്ട് നടത്താറുണ്ട്. നെറ്റിപട്ടം കിട്ടിയ ആനകളെ ചെണ്ടമേളത്തോടുകൂടി എഴുന്നള്ളിക്കുന്നത്  ഒരു പ്രത്യേക ചടങ്ങാണ്. പുള്ളുവന്‍പാട്ട് ഇപ്പോള്‍ പ്രചാരം കുറഞ്ഞ കലയാണ്. ഉടുക്ക് കൊട്ടിപ്പാട്ട് ഉത്സവകാലങ്ങളിലുള്ള ഒരു ചടങ്ങാണ്. പാട്ടുപാടി ഭരണിക്ക് പോകുന്നതും ശബരിമലയ്ക്കു പോകുന്നതും ഇവിടുത്തെ സംസ്ക്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. കാളവണ്ടികളില്‍ തെരുവത്ത്പളളിയിലേക്കും തിരുമൂര്‍ത്തിമലയിലേക്കും പോകുന്നത് ഒരു അഭീഷ്ടസിദ്ധി കൈവരിക്കാനുള്ള ആചാരമായി കണക്കാക്കുന്നു. പട്ടികവര്‍ഗ്ഗക്കാര്‍ സംസാരിക്കുന്ന ഭാഷയായ കറിവിനാളുവിന്  ലിപി ഇല്ല. പതി എന്ന് വിളിക്കുന്ന ഓലമേഞ്ഞ വീടുകളില്‍ താമസിക്കുന്ന ഇവര്‍ പരിസരം വൃത്തിയാക്കി സുക്ഷിക്കുന്നു. നിസാര കാരണങ്ങള്‍ക്കു പോലും വിവാഹബന്ധം വിഛേദിക്കപ്പെടുന്നു. പുനര്‍വിവാഹം സാധാരണമാണ്. പച്ചിലമരുന്നുകളിലും മന്ത്രവാദത്തിലും കൂടുതല്‍ വിശ്വസിക്കുന്നു. കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ അയാള്‍ ഉപയോഗിച്ച എല്ലാസാധനങ്ങളും അടക്കംചെയ്ത സ്ഥലത്ത് നിക്ഷേപിച്ച് താമസം കൂട്ടത്തോടെ പുതിയ സ്ഥലത്തേയ്ക്ക് മാറുന്നു. അമ്പും വില്ലും ആചാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ജനനം, വിവാഹം, ഉത്സവങ്ങള്‍ മുതലായവയ്ക്ക് അന്തംവിട്ട് ആടിപാടുന്നു. മുമ്പുണ്ടായിരുന്ന കുലംനോക്കി വിവാഹം ചെയ്യല്‍ ഇപ്പോഴില്ല. മറ്റുവര്‍ഗ്ഗക്കാരുമായി ഇണങ്ങാതെ തനതായ രീതിയില്‍ ഒറ്റപ്പെട്ടുജീവിക്കാനാണ് ഇവര്‍ക്കു താല്‍പര്യം. എറവാള സ്ത്രീകള്‍ കല്ലുമാല ഉപയോഗിച്ചാണ് മാറു മറച്ചിരുന്നത്. ആഹാരത്തിന് ഞണ്ട് ഉപയോഗിക്കാറുണ്ട്. വര്‍ഗ്ഗപരമായ ഗാനങ്ങള്‍ പാടുന്നതില്‍ പ്രവീണ്യമുള്ളവരാണ് സ്ത്രീകളും പുരുഷന്‍മാരില്‍ മിക്കവരും. ഇവരുടെ പതികളില്‍ വെളിച്ചപ്പാടുകള്‍ക്ക് പ്രധാന്യം നല്‍കുന്നു. പിശാചുബാധ നീക്കല്‍, കൂടോത്രം ചെയ്യല്‍, മന്ത്രവാദം നടത്തല്‍, രോഗചികിത്സ ചെയ്യല്‍ എന്നിവയ്ക്കെല്ലാം വെളിച്ചപ്പാട് പ്രാപ്തനാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. വിവാഹത്തിന് കൊലവുചെണ്ട, പ്രഞ്ചിമറം തുടങ്ങിയ വാദ്യഘോഷങ്ങള്‍ മുഴക്കി പാടി ആടും.