പഞ്ചായത്തിലൂടെ
മുതലമട - 2010
ഭൂപ്രകൃതിയനുസരിച്ച് മുതലമടയെ മലനാട്, താഴ്വര, കുന്നിന്‍പ്രദേശം, സമതലം എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗം മുഴുവനായി വനപ്രദേശമാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം അപൂര്‍വ്വയിനം പക്ഷി മൃഗാദികളാല്‍ സമൃദ്ധമാണ്. പ്രധാനമായും ജലലഭ്യതയ്ക്കു മഴയെ ആശ്രയിക്കുന്ന മുതലമടയില്‍ ചെറുതും വലുതുമായ ഏകദേശം 260 കുളങ്ങള്‍ ഉണ്ട്. ഭാരതപ്പുഴയുടെ കൈവഴിയായ ഗായത്രിപുഴയാണ് പഞ്ചായത്തിലെ പ്രധാന പുഴ. കരടിക്കുന്ന്, നിച്ചിപ്പാറക്കുന്ന്, കിളിമലക്കുന്ന് എന്നീ കുന്നുകളും തെന്മല, ആനമല, കരിമല തുടങ്ങിയ മലകളും പഞ്ചായത്തിലെ ഭൂപ്രകൃതി സവിശേഷതകളാണ്. തികച്ചും ഒരു കാര്‍ഷികഗ്രാമമായ മുതലമടയില്‍ ജലസേചനത്തിന്റെ ആവശ്യകത ഏറെയാണ്. ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഉള്ള പഞ്ചായത്ത് എന്ന നിലയില്‍ പേരുകേട്ട മുതലമടയില്‍ അതുകൊണ്ടുതന്ന കൃഷിമേഖലയില്‍ വളരെയധികം പുരോഗതി നേടിയതായി കാണാം. മീന്‍കര, ചൂള്ളിയാര് ഡാം, പെരുവാരിപ്പള്ളം, പറമ്പിക്കുളം ഡാം, തൂണക്കടവ് ഡാം എന്നിവിടങ്ങളില്‍ നിന്നുല്ഭവിക്കുന്ന കനാലുകള്‍ പഞ്ചായത്തിന്റെ ജലസേചനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ നെല്ലായിരുന്നു പ്രധാന കൃഷിയെങ്കിലും ഇപ്പോള്‍ ആ സ്ഥാനം മാമ്പഴകൃഷി കൈയ്യടക്കിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും മുതലമടയില്‍ നിന്നാണ്. തെങ്ങും ഒരു പ്രധാന കൃഷിയാണ്. കൂടാതെ പയറുവര്‍ഗ്ഗങ്ങള്‍, വാഴ, അടക്ക, നിലക്കടല, ഇഞ്ചി, കുരുമുളക്, മഞ്ഞള്‍, കൂര്‍ക്ക, മരച്ചീനി, കശുവണ്ടി, പച്ചക്കറികള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകളാണ്. മൃഗങ്ങള്‍ക്ക് ചികിത്സാസൌകര്യം പ്രദാനം ചെയ്യുന്നതിനായി മുതലമടയില്‍ ഒരു വെറ്റിനറി ആശുപത്രിയും, പോത്തന്പാടത്തും, മൂച്ചന്കുണ്ടിലുമായി രണ്ട് ഐ.സി.ഡി.പി സബ്സെന്ററുകളും പ്രവര്‍ത്തിക്കുന്നു. 1969 ജൂണ്‍ 22-ാം തീയതിയാണ് മുതലമട ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 20 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 66.76 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാടും, പടിഞ്ഞാറ് കൊല്ലങ്കോടുപഞ്ചായത്തും, തെക്ക് നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകളും, വടക്ക് പട്ടഞ്ചരി, വടവന്നൂര്‍ പഞ്ചായത്തുകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 28.5 ചതുരശ്ര കിലോമീറ്ററോളം വനമേഖലയാണ്. പഞ്ചായത്തിലെ മൊത്തം ജനസംഖ്യയായ 34,167 ല്‍ 2001-ലെ സെന്‍സസ് പ്രകാരം 17,316 പേര് സ്ത്രീകളും 16,851 പേര് പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാനിരക്ക് 67.2 ശതമാനം ആണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് കിണറുകളെയാണ്. ഏകദേശം 50 പൊതുകിണറുകളും 140 പൊതു കുടിവെള്ളടാപ്പുകളും പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. മുതലമടയില്‍ ടൂറിസ്റുകളെ ആകര്‍ഷിക്കാന്‍ പോന്ന ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്. പറമ്പിക്കുളം വന്യജീവി സങ്കേതം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഉള്ള പഞ്ചായത്ത് മുതലമടയാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴ ഉത്പാദനവും കയറ്റുമതിയും ചെയ്യുന്ന പ്രദേശവും ഇതു തന്നയാണ്. 250-ഓളം വരുന്ന തെരുവുവിളക്കുകള്‍ രാത്രികാലങ്ങളില്‍ നിരത്തുകള്‍ക്ക് വെളിച്ചം നല്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 18 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോത്തന്പാടത്താണ് ആകെയുള്ള ഒരു കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാത 200-ഓളം കൊല്ലം പഴക്കമുള്ള റോഡാണ്. കൊല്ലങ്കോടുനിന്നും ആനമാറിപള്ളം, തച്ചന്കൊളുമ്പ്, പാറക്കന്ചള്ള, മത്തിരംപള്ളം വഴി ഗോവിന്ദപുരത്ത് അവസാനിക്കുന്ന ഈ റോഡാണ് പൊള്ളാച്ചി നഗരത്തിലേക്കുള്ള പ്രധാന സഞ്ചാരമാര്‍ഗ്ഗം. പിന്നീട് വന്ന മക്കാര്വട്ടിറോഡ് ഒരു പ്രധാന പാതയാണ്. മാക്കാര്‍ റാവുത്തര്‍ എന്നു പേരുള്ള ഒരാളാണ് ഈ വഴി ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുത്തത്. നാട്ടുകാരേയും വിദ്യാര്‍ത്ഥികളേയും സംഘടിപ്പിച്ചുകൊണ്ട് തികച്ചും ജനകീയ പങ്കാളിത്തത്തോടെ ഈ പഞ്ചായത്തില്‍ സ്ഥാപിച്ച ആദ്യത്തെ റോഡാണിത്. അന്തര്‍സംസ്ഥാന ഗതാഗതമാര്‍ഗ്ഗമായ തൃശൂര്‍-ഗോവിന്ദപുരം റോഡാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു റോഡ്. ഇതിന്റെ കിഴക്കേ അറ്റമായ ഗോവിന്ദപുരം കേരള സംസ്ഥാനത്തിന്റെ അതിര്‍ത്തിയാണ്. അന്തര്‍സംസ്ഥാന ബസുകള്‍ ഇവിടേക്കു സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ പഞ്ചായത്തിലെ പ്രധാന കേന്ദ്രം കാമ്പ്രത്ത്ചള്ളയാണ്. പഞ്ചായത്തിനകത്ത് റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന കൊല്ലങ്കോട് ബസ് സ്റാന്റിലാണ്.പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം കോയമ്പത്തൂരും അടുത്ത റെയില്‍വേ സ്റേഷന് മുതലമടയും തുറമുഖം കൊച്ചിയുമാണ്. ഗായത്രിപുഴയാണ് പഞ്ചായത്തിനകത്തുള്ള ഏകപുഴ. എന്നാല്‍ അതിലൂടെ ഗതാഗത സൌകര്യങ്ങള്‍ ഒന്നും തന്നയില്ല. മുന്പുണ്ടായിരുന്നതായും തെളിവുകളൊന്നുമില്ല. വ്യവസായരംഗത്ത് മുന്നറിയ തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്താണിതെങ്കിലും പറയത്തക്ക വ്യവസായ സംരംഭങ്ങള്‍ ഇവിടെ കുറവാണ്. 1984-85 കാലത്ത് തുടക്കം കുറിച്ച കുന്നത്ത് പേപ്പര്‍ മില്‍സ് മുതലമടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വന്‍കിട വ്യവസായ സ്ഥാപനമാണ്. പാലക്കാട് ഡിസ്റല്ലറീസ് (ഇംപീരിയല്‍ സ്പരിറ്റ്സ് ലിമിറ്റഡ് ഗോവിന്ദപുരം) എന്ന സ്ഥാപനവും വന്‍കിട വ്യവസായ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. പഞ്ചായത്തില്‍ നിലവിലുള്ള ഒരു ഇടത്തരം വ്യവസായകേന്ദ്രമാണ് വര്‍ഷ ഫ്രഷ മീറ്റ് പ്രോഡക്റ്റ്. കാമ്പ്രത്ത്ചള്ള, നണ്ടല്കീഴായ എന്നീ സ്ഥലങ്ങളിലാണ് ഈ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1919-ല്‍ നണ്ടല്കീഴായയില് ആരംഭിച്ച ജി.എല്‍.പി.എസ് മുതലമടയാണ് പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സ്ഥാപനം. കുടിപള്ളിക്കൂടങ്ങളും എഴുത്തുപള്ളിക്കൂടങ്ങളുമായിരുന്നു അതിനുമുമ്പ് അനൌപചാരിക വിദ്യാലയങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുപോന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 1957-ലാണ് ഇവിടെ ഒരു ഹൈസ്കൂള്‍ സ്ഥാപിതമാകുന്നത്. ഇന്ന് സര്‍ക്കാര്‍-സ്വകാര്യമേഖലകളിലായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആറ് എല്‍.പി സ്കൂളുകളും രണ്ട് ഹൈസ്കൂളുകളും എയ്ഡഡ് മേഖലയില്‍ നാല് എല്‍.പിസ്കൂളുകളുമാണ് ഈ പഞ്ചായത്തിലുള്ളത്. ഇതുകൂടാതെ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നാല് വിദ്യാലയങ്ങളും ഇവിടെയുണ്ട്. അറ്റിയാമ്പതിയിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ സ്നേഹ കോളേജ് ഓഫ് ടീച്ചര്‍ ട്രെയിനിംഗും അവിടെ തന്ന സ്ഥിതി ചെയ്യുന്ന പിസാറ്റ് ടെക്നിക്കല്‍ കോളേജുമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതി ഈ പഞ്ചായത്തിലെ ആരോഗ്യരംഗത്തും പ്രതിഫലിച്ചതായി കാണാം. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ചികിത്സാകേന്ദ്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കുരിയാംകുറ്റിയിലും മുതലമടയിലുമായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ആയൂര്‍വദ ഡിസ്പെന്‍സറികളും, പോത്തന്പാടത്തുള്ള ഹോമിയോ ഡിസ്പെന്‍സറിയും ചികിത്സാരംഗത്തെ പ്രമുഖ സ്ഥാപനങ്ങളാണ്. മുതലമട, സുങ്കം, പറമ്പിക്കുളം എന്നിവിടങ്ങളിലായി മൂന്ന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. കൂടാതെ കുറ്റിപ്പാടം, മല്ലന്കൊളുമ്പ്, പള്ളം, പറയന്‍പള്ളം, ചെമ്മണാംപതി, നാവിളുംതോട് എന്നിവിടങ്ങളിലായി ആറ് ഐ.പി.പി കേന്ദ്രങ്ങളും പുതൂരില്‍ ഒരു ഫാമിലി വെല്‍ഫയര്‍ സെന്ററും ഈ പഞ്ചായത്ത് പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ കാമ്പ്രത്ത്ചള്ളയിലും ഫെഡറല്‍ ബാങ്കിന്റെയും സൌത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെയും ഓരോ ശാഖകളും ഒരു സര്‍വ്വീസ് സഹകരണബാങ്കും മുതലമടയിലും പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിലെ തപാല്‍ ഓഫീസ് മുതലമടയിലും 4 ബ്രാഞ്ചുകള്‍ വിവിധ ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. മുതലമടയിലും മൂച്ചന്കുണ്ടിലും പറമ്പിക്കുളത്തുമായി മൂന്ന് ടെലിഫോണ്‍ ഏക്സ്ചേഞ്ചുകളാണ് ഈ പഞ്ചായത്തിലുള്ളത്. മുതലമട ഒന്ന്, രണ്ട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസുകളുടെ പരിധിയിലാണ് മുതലമട ഗ്രാമപഞ്ചായത്തുപ്രദേശം. ഇവിടുത്തെ കര്‍ഷകരുടെ ആശാകേന്ദ്രമായി മുതലമടയിലും കുറ്റിപ്പാടത്തുമായി രണ്ട് കൃഷിഭവനുകളുണ്ട്. പറമ്പിക്കുളത്താണ് പഞ്ചായത്തിലെ പോലീസ് സ്റേഷന് സ്ഥിതി ചെയ്യുന്നത്. ഏകദേശം 32-ഓളം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും 10-ഓളം സ്വകാര്യസ്ഥാപനങ്ങളും ഇവിടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതലമട ഗ്രാമപഞ്ചായത്ത് ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രദേശമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധവുമായത് പറമ്പിക്കുളം വന്യജീവിസംരക്ഷണകേന്ദ്രമാണ്. അപൂര്‍വ്വയിനം പക്ഷിമൃഗാദികളുടെ സങ്കേതമായ പറമ്പിക്കുളം പാലക്കാട് നിന്നും 110 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. തൂണക്കടവ് ഡാം, തേക്കിന്ചില എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേക ആകര്‍ഷണങ്ങളാണ്. ബോട്ടുസവാരിക്കും ഇവിടെ സൌകര്യമുണ്ട്. തൂണക്കടവ്, തെളിക്കല്‍, ആനപ്പാടി എന്നിവിടങ്ങളില്‍ വനംവകുപ്പ് ഗസ്റ്റ് ഹൌസും ഉണ്ട്. കരടിക്കുന്ന്, ചുള്ളിയാര്‍ ഡാമിന്റെ സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ കിളിമലക്കുന്ന്, നിച്ചിപാറക്കുന്ന് എന്നിവയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളാണ്. വനമേഖലയായ പലകപ്പാണ്ടിയിലൂടെ നെല്ലിയാമ്പതിക്കുന്നുകളില് നിന്ന് ഉല്‍ഭവിക്കുന്ന നീരൊഴുക്ക് തെന്മലയുടെ പടിഞ്ഞാറു ഭാഗത്തെത്തി വലിയ ഒരു വെള്ളച്ചാട്ടമായി മാറുന്നു നയനമനോഹരമായ കാഴ്ചയാണ് ഇത് പ്രദാനം ചെയ്യുന്നത്. മീന്‍കര ഡാം ഈ പഞ്ചായത്തിലെ അഞ്ച് ജലസേചനപദ്ധതികള്‍ ഒന്നാണ്. ചുള്ളിയാര്‍ ഡാം, തൂണക്കടവ്, പറമ്പിക്കുളം ഡാം, പെരുവാരിപള്ളം എന്നിവയാണ് മറ്റു പ്രധാന ജലസേചനപദ്ധതികള്‍. ഈ പ്രദേശങ്ങളെല്ലാം തന്നെ പ്രകൃതിരമണീയത കൊണ്ടു ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇതില്‍ മീന്കരയില് മത്സ്യകൃഷിയും ചെയ്തുവരുന്നു. ആദ്യകാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മുതലമട സാംസ്കാരികമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന പ്രദേശമാണ്. വ്യത്യസ്ത മതവിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഭദ്രകാളിയമ്മന്‍ കോവില്‍, വിനായകന്കോവില് തുടങ്ങി ക്ഷേത്രങ്ങളും ആനമാറിപള്ളിയെന്ന മുസ്ളീം ആരാധനാലയവും, വട്ടേക്കാട് പള്ളിയെന്ന ക്രിസ്ത്യന്‍ ദേവലായവും ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പുളിയന്തോണി പൊങ്കല്‍, മാഞ്ചിറ അയ്യപ്പന്‍വിളക്ക്, കവറ ആറാട്ട് എന്നിവ ഇവിടുത്തെ പ്രാദേശിക ഉത്സവങ്ങളാണ്. കാമ്പ്രത്ത്ചള്ളയില്‍ സ്ഥിതി ചെയ്യുന്ന ദേശീയകലാസമിതി കലാകായികസാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. മുതലമടയിലും കോന്നൂര്പള്ളിയിലുമായി രണ്ട് ഗ്രന്ഥശാലകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 8 വായനശാലകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അതെല്ലാം പ്രവര്‍ത്തനരഹിതമാണ്.