ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ആയിരത്തിലേറെ വര്‍ഷത്തെ പ്രാചീനത ഈ ഗ്രാമത്തിന് അവകാശപ്പെടാന്‍ കഴിയും. ‘ഉണ്ണുനീലി സന്ദേശ’ത്തില്‍ ഉണ്ണുനീലിക്ക് വഴി നിര്‍ദ്ദേശിക്കുമ്പോള്‍ പരുമണ്‍ അമ്പലത്തിന് സമീപം ഉളള ഒറ്റക്കല്‍വഴി പളളിയാതുരുത്ത് ക്ഷേത്രത്തിലെത്തി അതുവഴി കുതിര മുനമ്പ് ശിങ്കാരപ്പളളി വഴി അതിര്‍ത്തിയില്‍ പുന്നയ്ക്കല്‍ കിഴക്കുവശത്തു കൂടി ത്രേസ്യാമ്മ പളളി കടന്ന് വടക്കോട്ട് പോകുന്നതിന് നിര്‍ദ്ദേശിച്ചതായി താളിയോല ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മണ്‍റോതുരുത്ത് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നതിന്റെ വടക്കുവശത്തുളള രണ്ടാമത്തെ പുരയിടത്തിന് പള്ളിപ്പുരയിടം എന്ന് ഇപ്പോഴും പറയുന്നതു തന്നെ ത്രേസ്യാമ്മ പളളിയുടെ ചരിത്ര പശ്ചാത്തലം വെളിപ്പെടുത്തുന്നു. കല്ലടയാറിന്റേയും അഷ്ടമുടിക്കായലിന്റേയും നടുവില്‍ ചെറിയ ദ്വീപുകളായി കണ്ടിരുന്ന ഈ ഭൂവിഭാഗത്തെ അതിര്‍ത്തിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പി പൊതുവെ ജനങ്ങള്‍ക്ക് അപ്രിയനായിരുന്നതിനാല്‍ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി ഉമ്മിണിതമ്പിയെ ഉദ്യോഗത്തില്‍ നിന്നും നീക്കുകയും ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയെ 1810-ല്‍ ദിവാനായി നിയമിക്കുകയും ചെയ്തു. കേണല്‍ മണ്‍റോ തന്റെ ഗവണ്‍മെന്റ് നിലവില്‍ വന്നതോടെ മതപഠന ശാലകള്‍ ഏര്‍പ്പെടുത്തുവാനുളള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അഷ്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേയുളള തുരുത്ത് കോട്ടയത്തെ ചര്‍ച്ച് സൊസൈറ്റിയ്ക്ക് മത പ്രചരണത്തിനായി വിട്ടുകൊടുത്തു. സൊസൈറ്റി ഈ തുരുത്തിന് മണ്‍റോയുടെ പേരു നല്‍കി. അങ്ങനെയാണ് മണ്‍റോതുരുത്തിന് ഈ പേര് ലഭിച്ചത്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് തിരുവിതാംകൂറിന് ഏറെ നേട്ടങ്ങള്‍ കൈവരിക്കാനായി. അടിമക്കച്ചവടം നിര്‍ത്തലാക്കിയതും സര്‍ക്കാര്‍ ധനം കട്ടുമുടിക്കുന്നത് തടയാന്‍ ഓഡിറ്റും അക്കൌണ്ടും ഏര്‍പ്പെടുത്തിയതും ദേവസ്വങ്ങളുടെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതും മണ്‍റോയുടെ കാലത്താണ്. കല്ലടയാറില്‍ മുതിരപ്പറമ്പില്‍ നിന്നും വഴിപിരിഞ്ഞ് ഇടിയക്കടവുവഴി തെക്കോട്ട് പോകുന്ന പുത്തനാറ് വെട്ടിയുണ്ടാക്കി മണക്കടവിലെ കൃഷി സൌകര്യം അഭിവൃദ്ധിപ്പെടുത്തുന്നതിനുളള നടപടിയുണ്ടായതും മണ്‍റോയുടെ കാലത്താണ്. ഈ പുത്തനാറ് വെട്ടുന്നുതിന് മുന്‍പ് കിഴക്കേ കല്ലടയുടെ ഭാഗമായി കൊടുവിളയുമായി ചേര്‍ന്നിരുന്നതാണ് ഈ ഗ്രാമാംശം. ഈ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വില്ലിമംഗലം ഇപ്പോഴും കിഴക്കേകരയിലുളള മതിരപ്പറമ്പും ചാലപ്പുറവും ചേര്‍ന്നതാണ്. കോട്ടയം ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് വിട്ടുകിട്ടിയ മണ്‍റോതുരുത്തിനെ അവര്‍ ചെറുഭൂമികളായി തിരിച്ച് കൃഷിക്കാര്‍ക്ക് പാട്ടത്തിന് നല്‍കി വന്‍ ആദായം കൈപ്പറ്റിക്കൊണ്ടിരുന്നു. കൃഷിക്കാര്‍ തങ്ങളുടെ കൃഷിഭൂമി ഇടയ്ക്കിടെ കൈമാറ്റം ചെയ്തിരുന്നതിനാല്‍ സൊസൈറ്റിക്ക് പാട്ടം ഈടാക്കുവാന്‍ കൂടുതല്‍ കാലതാമസം നേരിടുകയും മിക്കപ്പോഴും കോടതിയുടെ സഹായം ആവശ്യമായിത്തീരുകയും ചെയ്തു. ഈ രീതി സൊസൈറ്റിയ്ക്കും കൃഷിക്കാര്‍ക്കും ഒരു പോലെ ക്ളേശകരമാകുകയും ചെയ്തു. ഇതു മനസ്സിലാക്കിയ റാണി സേതുലക്ഷ്മീഭായി 1930-ല്‍ മണ്‍റോതുരുത്തിനെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയില്‍ നിന്നും തിരിച്ചെടുക്കുകയും കൊല്ലം താലൂക്കിലെ ഒരു പകുതി (വില്ലേജ്) ആക്കുകയും ചെയ്തു. മാത്രമല്ല സര്‍ക്കാര്‍ പ്രതിവര്‍ഷം 5,000 രൂപ സൊസൈറ്റിക്ക് കൊടുത്തുകൊളളണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ കപ്പം 1962-ല്‍ ലോകസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ ഫലമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു നിര്‍ത്തലാക്കുകയും ചെയ്തു. 1952-ല്‍ തിരുകൊച്ചി സംസ്ഥാനത്ത് പഞ്ചായത്തുകള്‍ രൂപീകൃതമായി. 1953-ല്‍ തന്നെ മണ്‍റോതുരുത്ത് പഞ്ചായത്ത് നിലവില്‍ വന്നു. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകളും അന്നത്തെ വകുപ്പു മന്ത്രിയായിരുന്ന സി.കേശവന്റെ പ്രത്യേക താല്‍പര്യവുമാണ്, ജനസംഖ്യയില്‍ കുറവായിട്ടുകൂടി ഈ പ്രദേശത്തെ ഒരു പഞ്ചായത്തായി രൂപീകരിക്കുവാന്‍ കാരണമായത്. തെങ്ങില്‍ നിന്നും കളള് ചെത്തി എടുക്കല്‍ ഇവിടെ വളരെ മുന്‍പുതന്നെ നില നിന്നിരുന്നു. ഇതിനുവേണ്ടി വിദഗ്ദ്ധരായ ചെത്തുകാര്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഇവിടെ വന്ന് സ്ഥിര താമസമാക്കിയിരുന്നു. നാഗര്‍കോവിലിലെ തക്കലയില്‍ നിന്നും ചാരുസ്വാമിയെന്ന ഒരാളും സംഘവും പെരുങ്ങാലം ചിറയില്‍ ഭാഗത്ത് താമസിക്കുകയും കളളില്‍ നിന്നും പഞ്ചസാര ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ പഞ്ചസാര ആയൂര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ആവശ്യം വേണ്ട ഒന്നായിരുന്നു. മരച്ചീനി, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ഇവയാണ് മുന്‍പ് കൃഷി ചെയ്തിരുന്നത്. പ്രധാനമായും ഇത് വിറ്റഴിച്ചിരുന്നത് ശാസ്താംകോട്ട ചന്തയിലായിരുന്നു. അതുപോലെ തന്നെ ഇവിടെ നിര്‍മ്മിച്ചിരുന്ന പ്രത്യേകതരം കയറായ കോട്ടോകയര്‍ ഈ ചന്തയില്‍ കൊണ്ടുപോയി വിറ്റഴിച്ച് ഉപജീവന മാര്‍ഗ്ഗം തേടിയിരുന്നവരും ഉണ്ടായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകനായ ശ്രീനാരായണ ഗുരു കൊല്ലവര്‍ഷം 1089-ാംമാണ്ടില്‍ ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. അതുപോലെ തന്നെ അധസ്ഥിതരുടെ മോചകനായ അയ്യന്‍കാളിയും ഇവിടെ വരുകയും ഒരു യോഗത്തില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടുവളളങ്ങളും അതുമായി ബന്ധപ്പെട്ട ഒരു ചരിത്രവും മണ്‍റോതുരുത്തിനുണ്ട്. കയര്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ വിപണന ഉല്‍പ്പന്നങ്ങള്‍ പുറംനാടില്‍ എത്തിച്ചിരുന്നത് ഈ വള്ളങ്ങള്‍ വഴിയാണ്. കൂടാതെ കുടുംബ സമേതമുളള തീര്‍ത്ഥയാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളില്‍ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവിടെനിന്നും കൊടുങ്ങല്ലൂര്‍ പൂരം കാണുവാന്‍ ആളുകള്‍ കുടുംബ സമേതം കെട്ടുവള്ളങ്ങളില്‍ പോകുന്ന പതിവുണ്ടായിരുന്നു. സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉള്‍പ്പെടുന്ന ഒരു സംഘം ആളുകള്‍ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണസാധനങ്ങലും മറ്റ് ജീവിതാവശ്യവസ്തുക്കളും ശേഖരിച്ച് കൊണ്ട് കെട്ടുവളളത്തില്‍ അഷ്ടമുടി-കായംകുളം കായലുകള്‍ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോള്‍ ബോട്ടുജട്ടിയായിത്തീര്‍ന്ന കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തുന്നു. കോട്ടപ്പുറം ക്ഷേത്രകടവില്‍നിന്നും കാല്‍നടയായി പൂരം നടക്കുന്ന ക്ഷേത്രത്തില്‍ എത്തുകയും ഉല്‍സവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു. കൊല്ലവര്‍ഷം 1118-ല്‍ റീസെറ്റില്‍മെന്റ് വന്നു. ചുറ്റുമുളള കരകളുമായി ബന്ധപ്പെടാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ദ്വീപിനെ ഈ പ്രദേശത്തിന്റെ കിഴക്കുഭാഗത്ത് ഇടിയെക്കടവില്‍ ഒരു പാലം നിര്‍മ്മിച്ച് മറ്റൊരു കരയുമായി ബന്ധിപ്പിച്ചത് യശ്ശ:ശരീരനായ റ്റി.കെ.ദിവാകരന്റെ പ്രത്യേക താല്പര്യം മൂലമാണ്. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ദ്വീപ് നിവാസികളായിരുന്നങ്കിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും സൌകര്യങ്ങളിലും വളരെ ശ്രദ്ധേയമായ സ്ഥാനവും ചരിത്രവും ഉളള ഒരു പ്രദേശമായിരുന്നു ഇത്.