മണ്‍റോതുരുത്ത്‌

കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ളോക്കില്‍ മണ്‍റോതുരുത്ത് വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശമാണ്  മണ്‍റോതുരുത്ത്‌ ഗ്രാമപഞ്ചായത്ത്. 1953-ല്‍ തന്നെ മണ്‍റോതുരുത്ത് പഞ്ചായത്ത് നിലവില്‍ വന്നു.  13.37 ച.കി.മി വിസ്തീര്‍ണ്ണമുള്ള മണ്‍റോതുരുത്ത്‌ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുകിഴക്കു ഭാഗത്ത് കിഴക്കേക്കല്ലട പഞ്ചായത്തും കിഴക്കുഭാഗത്ത് പേരയം പഞ്ചായത്തും, തെക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത്  തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമാണ്.  ഉമ്മിണിതമ്പിയ്ക്കു ശേഷം തിരുവിതാംകൂര്‍ ദിവാനായി നിയമിതനായ ബ്രിട്ടീഷ് റസിഡന്റ് കേണല്‍ ജോണ്‍ മണ്‍റോയുടെ നാമധേയത്തിലാണ് ഈ പഞ്ചായത്ത് അറിയപ്പെടുന്നത്. കെട്ടുവളളങ്ങളും അതുമായി ബന്ധപ്പെട്ട ഒരു ചരിത്രവും മണ്‍റോതുരുത്തിനുണ്ട്. കയര്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ വിപണന ഉല്‍പ്പന്നങ്ങള്‍ പുറംനാടില്‍ എത്തിച്ചിരുന്നതും കുടുംബ സമേതമുളള തീര്‍ത്ഥ യാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളില്‍ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവിടെനിന്നും കൊടുങ്ങല്ലൂര്‍ പൂരം കാണുവാന്‍ ആളുകള്‍ കുടുംബ സമേതം കെട്ടുവള്ളങ്ങളില്‍ പോകുന്ന പതിവുണ്ടായിരുന്നു. സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉള്‍പ്പെടുന്ന ഒരു സംഘം ആളുകള്‍ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് ജീവിതാവശ്യ വസ്തുക്കളും ശേഖരിച്ചുകൊണ്ട് കെട്ടുവളളത്തില്‍ അഷ്ടമുടി-കായംകുളം കായലുകള്‍ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോള്‍ ബോട്ടുജട്ടിയായിത്തീര്‍ന്ന കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തി കോട്ടപ്പുറം ക്ഷേത്രകടവില്‍ നിന്നും കാല്‍നടയായി പൂരം നടക്കുന്ന ക്ഷേത്രത്തില്‍ എത്തുകയും ഉല്‍സവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു. കൊല്ലവര്‍ഷം 1118-ല്‍ റീസെറ്റില്‍മെന്റ് വന്നു. ചുറ്റുമുളള കരകളുമായി ബന്ധപ്പെടാതെ ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ ദ്വീപിനെ ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്ത് ഇടിയെക്കടവില്‍ ഒരു പാലം നിര്‍മ്മിച്ച് മറ്റൊരു കരയുമായി ബന്ധിപ്പിച്ചു. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ദ്വീപ് നിവാസികളായിരുന്നെങ്കിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ വളരെ ശ്രദ്ധേയമായ സ്ഥാനവും ചരിത്രവുളള പ്രദേശമായിരുന്നു ഇത്. 1953 ല്‍ നടന്ന ഒന്നാമത് തെരഞ്ഞെടുപ്പിലൂടെ ഗോപാല പിളള ഈ പഞ്ചായത്തിലെ ഒന്നാമത്തെ പ്രസിഡന്റായി.