ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

1962-ല്‍ നിലവില്‍ വന്ന മുണ്ടൂര്‍ പഞ്ചായത്തില്‍ മുണ്ടൂര്, പൂനൂര്, എഴക്കാട്, കാഞ്ഞിക്കുളം എന്നീ അംശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഴയകാലം മുതല്‍ ഇവിടെ ഒരു വിഭാഗം ജനങ്ങളുടെ തൊഴില്‍ നെയ്ത്തായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ നെയ്യുന്ന വസ്ത്രങ്ങള്‍ അയല്‍ ഗ്രാമങ്ങളില്‍ വില്‍ക്കുകയും അയല്‍ഗ്രാമക്കാര്‍ വസ്ത്രങ്ങള്‍ക്കായി മാത്രം ഇവിടെ വരികയും ചെയ്തിരുന്നു. ഈ സ്ഥിതിവിശേഷമാവാം ഇങ്ങനെയൊരു സ്ഥലനാമം ഉണ്ടാവാന്‍ കാരണം. മുണ്ടൂരിലെ വേലിക്കാടിനടുത്ത് വടക്കന്റെ കാട് എന്ന സ്ഥലത്തുനിന്നും പോയവരാണ് വടക്കന്തറയില്‍ സ്ഥിരതാമസമാക്കിയ ജൈനര്‍ എന്ന് പറയപ്പെടുന്നു. വടക്കന്റെ കാട്ടില്‍ വ്യാപകമായി നന്നങ്ങാടികള്‍ കാണപ്പെടുന്നത് പുരാതനകാലത്ത് മുണ്ടൂരിലുണ്ടായിരുന്ന ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനമാണ് സൂചിപ്പിക്കുന്നത്. മുണ്ടൂരിലെ പുരാതന ദേവാലയങ്ങളാണ് പുളിയങ്കോട് മുസ്ളീംപള്ളിയും, കോവില്‍ പറമ്പിലെ ക്രിസ്തീയ ദേവാലയവും. പുരാതനകാലം മുതലേ കഥകളി തുടങ്ങിയ ക്ഷേത്രകലകള്‍ക്ക് മുണ്ടൂരില്‍ നല്ല പ്രചാരമുണ്ടാായിരുന്നു. മുണ്ടൂരംശത്തെ അതിപ്രധാനമായ ഒരു വേലയാണ് കുമ്മാട്ടി. മുണ്ടൂരിലെ സാംസ്കാരിക സമന്വയത്തിനും കൂട്ടായ്മക്കും അന്തര്‍ധാരയായി നിലകൊള്ളുന്ന സവിശേഷത കൂടിയാണിത്. പ്രശസ്തരായ നാട്ടുവൈദ്യന്‍മാര്‍ മുണ്ടൂരിന്റെ അനുഗ്രഹമായിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ മുണ്ടൂരില്‍ ആയുര്‍വ്വേദ ആസ്പത്രി പ്രവര്‍ത്തിച്ചിരുന്നു. വളരെ പണ്ട് മുതല്‍തന്നെ സാംസ്കാരികമായ ഒരു അടിത്തറയും ഐക്യവും മുണ്ടൂരിലെ ജനജീവിതത്തില്‍ തെളിഞ്ഞുകാണാം. വ്യത്യസ്ത വിശ്വാസാചാരങ്ങളുടെ സമന്വയത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ജീവിതശൈലിയാണിതിനു കാരണമെന്നു കാണാം. മുണ്ടൂരില്‍ പണ്ടുമുതല്‍ ജീവിച്ചിരുന്ന ജനങ്ങള്‍ പ്രധാനമായും ഹൈന്ദവ-ക്രൈസ്തവ-മുസ്ളീം വിഭാഗങ്ങളില്‍പെട്ടവരായിരുന്നുവെന്നു കാണാം. ഉത്സവങ്ങള്‍ മുണ്ടൂരിലെ സാംസ്കാരിക സമന്വയത്തിന്റെയും മതമൈത്രിയുടെയും പ്രതീകങ്ങള്‍ കൂടിയാണ്. ഗത്രംകാവ്, കയറംകാവ്, പാലക്കീഴ്കാവ്, എഴക്കാട്, കുന്നപ്പുള്ളികാവ് എന്നിവിടങ്ങളില്‍ പാട്ടുതാലപ്പൊലിയും, കയറംകാവ്, മേപ്പനാട്ടുകാവ്, മന്ദത്തുകാവ്, ശ്രീകുറുമ്പകാവ്, പൂതനൂര്‍, ചെറിയ കുന്നംപുള്ളികാവ് എന്നിവിടങ്ങളില്‍ വിളക്ക് താലപ്പൊലിയും നടക്കുന്നു. എഴക്കാട്, പൂതനൂര്‍, പാലക്കീഴ് കാവുകളില്‍ തോല്‍ പാവക്കൂത്ത് നടത്തിവരുന്നു. കയറംകാവിലെ കയറനൂട്ട് പ്രസിദ്ധമാണ്. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങള്‍ പങ്കെടുക്കുന്ന മാത്തൂരിലെ തെരുവത്ത് പള്ളിനേര്‍ച്ച വളരെ പ്രസിദ്ധമാണ്. പണ്ടുമുതലേ മുണ്ടൂരിലെ സാമ്പത്തികഘടനയുടെ അടിത്തറ നെല്‍കൃഷിയായിരുന്നു. നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഏറെയും ഈഴവ സമുദായക്കാരായിരുന്നു. 1950-കളില്‍ മുണ്ടൂരില്‍ നല്ലനിലയില്‍ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിവേകാനന്ദ വായനശാല, ജയ്ഹിന്ദ് വായനശാല എന്നിവ അക്കാലത്തെ പ്രമുഖ ഗ്രന്ഥശാലകളായിരുന്നു. സാംസ്കാരികരംഗത്ത് നാടകപ്രസ്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ചെറുകാട്, കെ.ദാമോദരന്‍, കെ.ടി.മുഹമ്മദ്, ഉറൂബ്, വി.ടി.ഭട്ടതിരി, ഇടശ്ശേരി എന്നിവരുടെ നാടകങ്ങള്‍ വര്‍ഷംതോറും അവതരിപ്പിക്കുന്നതില്‍ പ്രസ്തുത ഗ്രന്ഥാലയങ്ങള്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. ചെറുകാട് അവാര്‍ഡ് നേടിയ മുണ്ടൂര്‍കൃഷ്ണന്‍കുട്ടിയും, മുണ്ടശ്ശേരി അവാര്‍ഡ് നേടിയ മുണ്ടൂര്‍ സേതുമാധവനും അവരുടെ സാഹിത്യസപര്യയിലൂടെ അവര്‍ ഈ ഗ്രാമത്തിന്റെ കീര്‍ത്തി നാടെങ്ങും എത്തിക്കുകയായിരുന്നു.