മുണ്ടേരി

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കില്‍ മുണ്ടേരി, കാഞ്ഞിരോട് എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മുണ്ടേരി ഗ്രാമപഞ്ചായത്ത്. 20.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത്, വടക്ക്-പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്ത്, പടിഞ്ഞാറ് ചേലോറ പഞ്ചായത്ത്, തെക്ക് -പടിഞ്ഞാറ് ചെമ്പിലോട് പഞ്ചായത്ത്, തെക്ക്-കിഴക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത്, കിഴക്ക് കൂടാളി പഞ്ചായത്ത് എന്നിവയാണ്. 1955 നവംബര്‍ 17-ന് പഴയ മലബാര്‍ ജില്ലയില്‍ ചിറക്കല്‍ താലൂക്കില്‍ മുണ്ടേരി പഞ്ചായത്ത് നിലവില്‍ വന്നു. 1961-ഡിസംബര്‍ 20-ന് പഞ്ചായത്തുകളുടെ പുന:സംഘടനയുടെ ഭാഗമായി ഇരിക്കൂര്‍ ബ്ളോക്കിലുള്ള കാഞ്ഞിരോട് പഞ്ചായത്തും എടക്കാട് ബ്ളോക്കിലുള്ള മുണ്ടേരി പഞ്ചായത്തും സംയോജിപ്പിച്ച് ഇന്നത്തെ മുണ്ടേരി പഞ്ചായത്ത് രൂപം കൊണ്ടു. ജനസംഖ്യാടിസ്ഥാനത്തില്‍ അന്നത്തെ മുണ്ടേരി പഞ്ചായത്തിനായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നത്. അതുകൊണ്ടാണ് പുതിയ പഞ്ചായത്തിന് മുണ്ടേരി  എന്ന പേര്‍ ലഭ്യമായത്. പഞ്ചായത്തിന്റെ വ്യവസായ ചരിത്രം തുടങ്ങുന്നത് ഇന്നത്തെ കൈത്തറിയുടെ പഴയരൂപമായ കുഴിത്തറിയില്‍ കൂടിയാണ്. കാഞ്ഞിരോട് കേന്ദ്രീകരിച്ചാണ് കൈത്തറി തുണികളുടെ ഉല്പാദനം ആരംഭിച്ചത്.. ഹരിതാഭമായ നെല്‍പാടങ്ങളും എങ്ങും നിറഞ്ഞുനില്‍ക്കുന്ന കേരവൃക്ഷങ്ങളും ചെറുതോടുകളും കുന്നുകളും താഴ്വരകളും കൊണ്ട് അനുഗ്രഹീതമായ മുണ്ടേരി പഞ്ചായത്തിന് എന്നും ഒരു കേരളത്തനിമയുണ്ട്. പണ്ടുകാലത്ത് മത്സ്യസമൃദ്ധമായ മുണ്ടേരിപുഴയായിരുന്നു പഞ്ചായത്തിന്റെ വടക്കേയറ്റം. പുഴയോരത്തുള്ള കൈപ്പാടുകള്‍ കനകം വിളയുന്ന മുണ്ടകന്‍ പാടങ്ങളായിരുന്നു. മുണ്ടയും കൈതയും നിറഞ്ഞുനിന്ന പുഴയോരം പായമെടഞ്ഞ് ഉപജീവനം കഴിക്കുന്നവരുടെ കേന്ദ്രമായിരുന്നു. ഈ സ്ഥലത്ത് മണ്‍പാത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ കളിമണ്ണ് സുലഭമായിരുന്നു. അതുകൊണ്ടു തന്നെ മുണ്ടേരി കലം  പണ്ട് മുതലേ പ്രശസ്തമായിരുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം അയ്യപ്പന്‍മലയാണ്. കേരളത്തിന്റെ പ്രകൃതിഭംഗി എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്.