ചരിത്രം

മുണ്ടക്കയത്തിന്റെ ചരിത്രം ഒന്നര നൂറ്റാണ്ട് മുമ്പാണാരംഭിക്കുന്നത്. വന്‍മരങ്ങളും വന്യജീവികളും ഉള്ള ഈ പ്രദേശത്തിന്റെ തെക്കേക്കരയില്‍ ആദിവാസികള്‍ പാര്‍ത്തിരുന്നു. കോട്ടയത്തും സമീപ പ്രദേശങ്ങളിലും ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഇംഗ്ളീഷുകാരായ സി.എം.എസ് മിഷനറിമാരില്‍ ഒരാളായിരുന്ന റവ.ഹെന്റി ബേക്കര്‍ (ജൂനിയര്‍) 1845-ല്‍ ഇവിടെ എത്തിയിരുന്നു. അക്കാലത്ത് വനങ്ങളിലൂടെ കുതിരപ്പുറത്താണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. മരത്തിന്റെ ശിഖരത്തില്‍ ഏറുമാടം കെട്ടി അദ്ദേഹം താമസിച്ചു. ആദിവാസികളെ ക്രിസ്തുമതാനുയായികളാക്കുവാന്‍ അദ്ദേഹം പരമാവധി യത്നിച്ചു. അതോടൊപ്പംതന്നെ പള്ളിയും പള്ളിക്കൂടവും നിര്‍മ്മിക്കുകയും അതിലേക്ക് ആശാന്‍മാരെയും ഉപദേശകരെയും കൊണ്ടു വരികയും ചെയ്തു. ആശാന്‍ പള്ളിക്കൂടങ്ങളും തുടര്‍ന്ന് 1849-ല്‍ സി.എം.എസ്. എല്‍.പി.സ്കൂള്‍ മുതലുള്ള വിദ്യാലയങ്ങളും സ്ഥാപിതമായി. ഒരു സംഘം യൂറോപ്യന്‍മാരുടെ കൂട്ടായ ശ്രമഫലമായി പെരിയാര്‍ സിന്‍ഡിക്കേറ്റ് എന്ന പ്രസ്ഥാനം രൂപം കൊള്ളുകയും 1902-ല്‍ ആലുവാപ്പുഴയുടെ തീരത്ത് പെരിയാര്‍ എസ്റ്റേറ്റ് എന്ന പേരില്‍ റബ്ബര്‍ കൃഷിക്ക് ആരംഭം കുറിച്ചു. 1903 മുതല്‍ 1914 വരെയുള്ള കാലഘട്ടങ്ങളില്‍ മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും ആസൂത്രിതമായും ശാസ്ത്രീയമായും റബ്ബര്‍ കൃഷി തുടങ്ങി വരികയും വിപുലീകരണത്തിലൂടെയും വികസനത്തിലൂടെയും വന്‍ പുരോഗതി കൈവരിക്കുകയും ചെയ്തതോടെ മുണ്ടക്കയവും കാര്‍ഷിക വ്യാവസായിക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. അക്കാലത്ത് കോട്ടയം മുതല്‍ കുമളി വരെ നീളുന്ന ഒരു നടപ്പാതയുണ്ടായിരുന്നു. മിഷനറി സായിപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോ 1870-ല്‍ കാളവണ്ടിക്ക് പോകാവുന്ന ഒരു ഗ്രാമീണ പാതയായി പരിഷ്കരിച്ചു. ഇതാണ് ഇന്നത്തെ കെ.കെ റോഡായി തീര്‍ന്നിട്ടുള്ളത്. കെ.കെ റോഡില്‍ പുല്ലകയാറിന്റെ ഇരുകരകളുമായി ബന്ധിപ്പിച്ച് പാറക്കമുകളില്‍ ഇടത്തൂണുകളില്ലാതെ ഇരുമ്പ് ഗാര്‍ഡറുകള്‍കൊണ്ട് മാത്രം 1887-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പാലമാണ് കല്ലേപ്പാലമെന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് 1962-ല്‍ ഒരു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കപ്പെട്ടു. 1900-ല്‍ മുണ്ടക്കയത്തെത്തിയ അയര്‍ലണ്ടുകാരനായ ജോണ്‍ ജോസഫ് മര്‍ഫി 1904-ല്‍ പൂഞ്ഞാര്‍, വഞ്ഞിപ്പുഴ തമ്പുരാക്കന്‍മാരില്‍നിന്നും ഭൂമി വിലക്ക് വാങ്ങി ഒരു റബ്ബര്‍ തോട്ടത്തിന് ആരംഭം കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപാസിയുടെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ തലവനായിരുന്ന എ.ആസ്ഫാള്‍ട്ട് മുണ്ടക്കയം മൈക്കോളയില്‍ വികസിപ്പിച്ചെടുത്ത ബോര്‍ഡോ മിശ്രിതം എന്ന കുമിള്‍ നാശിനി സസ്യസംരക്ഷണ മേഖലയിലെ കുമിള്‍ രംഗത്തുള്ള ഒരു സര്‍വ്വരോഗ സംഹാരിയായി ഇന്നും പ്രയോഗത്തിലുണ്ട്.