മുല്ലശ്ശേരി

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ മുല്ലശ്ശേരി ബ്ലോക്കിലാണ് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുല്ലശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകള്‍ അന്നകര, മുല്ലശ്ശേരി എന്നിവയാണ്. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 17.7 ചതുരശ്രകിലോമീറ്റര്‍ ആണ്. വടക്ക് തോളൂര്‍, എളവള്ളി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് തോളൂര്‍ ഗ്രാമപഞ്ചായത്ത്, തെക്ക് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് വെങ്കിടങ്ങ്, പാവറട്ടി ഗ്രാമപഞ്ചായത്ത് എന്നിവ ചേര്‍ന്ന് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് പ്രദേശമാണ് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, മരച്ചീനി, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു, റബ്ബര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. കടാംതോട്, പരപ്പുഴ, വെമ്പേനാട് പുഴ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. മധുക്കര തെക്ക് കനാല്‍, മധുക്കര പടിഞ്ഞാറ് കനാല്‍, കൂമ്പുള്ളി കനാല്‍, ചെമ്മീന്‍ ചാല്‍, മണല്‍പ്പുഴ എന്നിവ പഞ്ചായത്തിലെ ജലസേചനത്തിനായി ഉപയോഗിച്ചു വരുന്ന പ്രധാന കനാലുകളാണ്. മാനിനകുന്ന്, പറമ്പതുള്ളികുന്ന്, പേതകംകുന്ന്, ഊരകം കുന്ന്, എലവത്തൂര്‍ കുന്ന് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കുന്നുകള്‍. മാനിനകുന്ന് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണ്. പാലക്കാട്-തൃശ്ശൂര്‍ നാഷണല്‍ ഹൈവേ-47 ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. പാവറട്ടിയാണ് പഞ്ചായത്തിന് തൊട്ടടുത്തുള്ള ബസ്സ്റ്റാന്റ്. ഇമ്പുള്ളി പാലം, പരപ്പുഴ, കടാംതോട്, മാടക്കാക്കില്‍, ഊരകം, മുട്ടിക്കല്‍ എന്നീ ഈ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. പുളിക്കകടവ്, ഏനാമാക്കല്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ജലഗതാഗതകേന്ദ്രങ്ങളാണ്. മുല്ലശ്ശേരി മീന്‍ചന്ത ആദ്യകാലം മുതല്‍ക്കേ പ്രശസ്തിയാര്‍ജ്ജിച്ച പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റാണ്. സാംസ്കാരിക പൈതൃകത്തിന്റെ അടയാളമായി വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഊരകം, പെരുവല്ലൂര്‍, തിരുനെല്ലൂര്‍, മുല്ലശ്ശേരി ബ്ലോക്ക്, എലവത്തൂര്‍ എന്നിവിടങ്ങളില്‍ പഞ്ചായത്തിലെ പ്രധാന മുസ്ലീം പള്ളികള്‍ സ്ഥിതി ചെയ്യുന്നു. പെരുവല്ലൂര്‍, മുല്ലശ്ശേരി, വടക്കന്‍ പുതുക്കാട് എന്നിവിടങ്ങില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിലവിലുണ്ട്. തിരുനെല്ലൂര്‍, പെരുവല്ലൂര്‍, കോട്ടക്കറുമ്പ- വേട്ടയ്ക്ക് ഒരു മകന്‍, അന്നകര, തൃക്കുലശേഖരപുരം, ചിറയ്ക്കപുരം, ചിറയ്ക്കല്‍, എലവത്തൂര്‍, അയ്യപ്പന്‍കാവ്, ഊരകം-പനിയാര്‍ കുളങ്ങര, മധുക്കര, മുല്ലശ്ശേരി-താണവീഥി അയ്യപ്പന്‍ സ്വാമി, പറമ്പതള്ളി ശിവക്ഷേത്രം, ഹനുമാന്‍കാവ് ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളാണ്. പെരുവല്ലൂര്‍ പള്ളി പെരുന്നാള്‍, വടക്കന്‍ പുതുക്കാട് പള്ളി പെരുന്നാള്‍, ഷഷ്ഠി, മുല്ലശ്ശേരി ശിവരാത്രി, ചിറയ്ക്കല്‍ പൂരം, കോടുക്കുറുമ്പ ഭരണി എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. പ്രശസ്ത സിനിമാ-സംഗീത സംവിധായകനായ മോഹന്‍ സിത്താര ഈ പഞ്ചായത്തില്‍ നിന്നുള്ള വ്യക്തിയാണ്. ഈ പഞ്ചായത്തില്‍ ഒരു കലാപഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യരംഗത്ത് ഊരകത്ത് അന്നകര ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഊരകത്തും, മുല്ലശ്ശേരിയിലും ഓരോ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുല്ലശ്ശേരിയില്‍ ഒരു ആയുര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍-മുല്ലശ്ശേരി പഞ്ചായത്തിലെ ജനങ്ങള്‍ക്കായി ആംബുലന്‍സ് സേവനം നല്‍കി വരുന്നു. മൃഗസംരക്ഷണരംഗത്ത് മുല്ലശ്ശേരിയില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. എലവത്തൂരില്‍ ഇതിന്റെ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നു.