മുല്ലശ്ശേരി

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എളവള്ളി, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. എലവള്ളി, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് 63.64 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. തൃശ്ശൂര്‍ ജില്ലയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബ്ളോക്കാണ് മുല്ലശ്ശേരി. വടക്കുഭാഗത്ത് തൈക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് കണ്ടാണശ്ശേരി, തോളൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏനാമാവ് കായലും, കോള്‍പ്പാടങ്ങളും, പടിഞ്ഞാറുഭാഗത്ത് കനോലിക്കനാലുമാണ് മുല്ലശ്ശേരി ബ്ളോക്കിന്റെ അതിരുകള്‍. വെള്ളക്കെട്ടുകളും, കുന്നുകളും, കോള്‍നിലങ്ങളും, സമതലങ്ങളും നിറഞ്ഞതാണ് മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തു പ്രദേശം. ചെങ്കല്ല്, മണല്‍മണ്ണ്, മണല്‍ കലര്‍ന്ന കളിമണ്ണ് എന്നിവയാണ് ഇവിടുത്തെ പ്രധാന മണ്ണിനങ്ങള്‍. തെക്കുകിഴക്കുഭാഗങ്ങളില്‍ കോള്‍പാടങ്ങളും, പടിഞ്ഞാറു ഭാഗത്തുള്ള വെള്ളക്കെട്ടുള്ള പ്രദേശങ്ങളും, നിബിഡമായ തെങ്ങിന്‍ തോട്ടങ്ങളും, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ മാനന കുന്നുകളും, എളവള്ളി ഗ്രാമപഞ്ചായത്തിലെ ചേലൂര്‍ കുന്നുകളും കണ്ടാല്‍ ഈ പ്രദേശം ഇടനാടിന്റെ പ്രതീതി ജനിപ്പിക്കുന്നു. ഏനാമാക്കല്‍ കായലിന്റേയും, കനോലികനാലിന്റേയും സാമീപ്യം ഉള്ളതു കാരണം ഈ ബ്ളോക്ക് ഒരു തീരദേശബ്ളോക്കായി ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്ത്, നാട്ട്കല്ല് ഭാഗം ഒഴികെയുള്ള പ്രദേശങ്ങള്‍ മിക്കവാറും സമതലസ്വഭാവമാണ്. മുല്ലശ്ശേരിയുടെ കിഴക്കുഭാഗം കുന്നാണെങ്കിലും പടിഞ്ഞാറുഭാഗം സമതലമാണ്. പാവറട്ടി പഞ്ചായത്ത് പൂര്‍ണ്ണമായും സമതലമാണ്. എളവള്ളി പഞ്ചായത്തിന്റെ കിഴക്കുതെക്കായി കുന്നിന്‍പ്രദേശമാണെങ്കിലും പടിഞ്ഞാറുഭാഗം എത്തുമ്പോള്‍ തീരപ്രദേശങ്ങളാണ്. അമ്പതുകളുടെ അവസാനം വരെ വന്‍കിട ജന്മികളുടെയും ദേവസ്വത്തിന്റേയും അധീനതയിലായിരുന്നു കൃഷി ഭൂമി. ഭൂപരിഷ്കരണത്തിന്റെ ഫലമായി ചെറുകിടകര്‍ഷകരും കര്‍ഷകതൊഴിലാളികളും ഭൂവുടമകളായി മാറി. മത്സ്യസമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് വെങ്കിടങ്ങ്, ഏനാമാവ് പുഴ, കനോലികനാല്‍, ഇടിയന്‍ചിറ പുഴ എന്നീ പുഴകളുടെ നല്ലൊരു ഭാഗം പഞ്ചായത്തിന്റെ ഭാഗമാണ്. ചെറുതും വലുതുമായ ധാരാളം തോടുകളും ഈ പുഴകളില്‍ വന്നുചേരുന്നു. ചെമ്മീന്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പടിഞ്ഞാറന്‍ തീരത്തെ കായലോരങ്ങള്‍.