മുളന്തുരുത്തി

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കിലാണ് മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉദയംപേരൂര്‍, മുളംന്തുരുത്തി, തിരുവാങ്കുളം, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത്. മണക്കുന്നം, മുളന്തുരുത്തി, തിരുവാങ്കുളം, കൂരിക്കാട്, കണയന്നൂര്‍, എടയ്ക്കാട്ടുവയല്‍, കൈപ്പട്ടൂര്‍, ആമ്പല്ലൂര്‍, കീച്ചേരി, കുലയറ്റിക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തിന് 118.38 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, ഇടപ്പള്ളി ബ്ളോക്കും, കിഴക്കുഭാഗത്ത് വടവുകോട്, പാമ്പാക്കുട, കടുത്തുരുത്തി (കോട്ടയം ജില്ല) ബ്ളോക്കുകളും, തെക്കുഭാഗത്ത് പാമ്പാക്കുട, കടുത്തുരുത്തി (കോട്ടയം ജില്ല) ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടുകായലുമാണ് മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ സമതലപ്രദേശം, നിമ്നോന്നതപ്രദേശം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. മുളന്തുരുത്തി, ആമ്പല്ലൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുക്കളുടെ പടിഞ്ഞാറന്‍ ഭാഗവും, ഉദയംപേരൂര്‍, തിരുവാങ്കുളം പഞ്ചായത്തുകളുമാണ് സമതലപ്രദേശത്തിലുള്‍പ്പെടുന്നത്. എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തടക്കം ബ്ളോക്കിന്റെ ബാക്കി പ്രദേശങ്ങള്‍ നിമ്നോന്നതങ്ങളാണ്. സമതല പ്രദേശങ്ങളില്‍ പ്രധാനമായും തെങ്ങും, കരിനിലങ്ങളും മുഖ്യവിളകളായി കൃഷി ചെയ്യപ്പെടുന്നു. പണ്ടു മുതലേ കൊച്ചീരാജ്യത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന തോട്ടറപുഞ്ച ഈ ബ്ളോക്കിലാണ് ഉള്‍പ്പെടുന്നത്. വാഴ, കശുമാവ്, പൈനാപ്പിള്‍, മരച്ചീനി, പച്ചക്കറികള്‍, മാവ്, പ്ളാവ് എന്നിവ ഇടവിളകളായി കൃഷി ഇവിടെ ചെയ്യപ്പെടുന്നു. ഉദയംപേരൂര്‍, തിരുവാങ്കുളം, ആമ്പല്ലൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട കരിനിലങ്ങള്‍ അധികവും ഇപ്പോള്‍ ചതുപ്പു പ്രദേശങ്ങളായി പാഴായി കിടക്കുന്നു. സമതല പ്രദേശങ്ങളില്‍ മണല്‍മണ്ണുള്ളപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ ചുവന്ന ചെങ്കല്‍ കലര്‍ന്ന മണ്ണാണ് കാണപ്പെടുന്നത്. മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ പ്രദേശങ്ങളില്‍ വെട്ടുകല്ലും, തിരുവാങ്കുളം പഞ്ചായത്തിന്റെ ചില പ്രദേശങ്ങളില്‍ കരിങ്കല്ലും കണ്ടുവരുന്നു. ചെറുതോടുകളാലും നീര്‍ച്ചാലുകളാലും സമ്പന്നമാണ് മുളന്തുരുത്തി ബ്ളോക്ക്. ഉദയംപേരൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗം വിശാലമായ വേമ്പനാട്ടുകായലാണ്. മൂവാറ്റുപുഴയാറിന്റെ തടപ്രദേശമാണ് ഈ ബ്ളോക്ക്. ഇവിടെ ശരാശരി 3550 മില്ലീമീറ്റര്‍ മഴ വര്‍ഷത്തില്‍ ലഭിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 8 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ഉയരമുളള ഇടനാടന്‍ പ്രദേശങ്ങളും 8 മീറ്ററിലും താഴെ ഉയരമുള്ള പ്രദേശങ്ങളും ഈ ബ്ളോക്കിലുണ്ട്. 1961 ഒക്ടോബര്‍ മാസത്തിലാണ് തുടക്കത്തില്‍ 7 പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്ന മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് നിലവില്‍ വന്നത്. ഈ ബ്ളോക്കിലെ തൃപ്പൂണിത്തുറ പഞ്ചായത്ത് 1978 ആഗസ്റ് 15-ന് മുനിസിപ്പാലിറ്റി ആയി മാറിയതിനെ തുടര്‍ന്ന്, ഇപ്പോള്‍ 6 പഞ്ചായത്തുകളാണ് ഈ ബ്ളോക്കുപരിധിയിലുളളത്.