ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ ക്ഷേത്രാചാരങ്ങളും ക്ഷേത്രസംസ്കാരങ്ങളോടു ചേര്‍ന്നുള്ള ഒരു സാമൂഹ്യ വ്യവസ്ഥയുമാണ് ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളുടെ പഴമ പേറുന്ന തിരൂര്‍ ശ്രീവടകുറുമ്പകാവ് അമ്പലവും അതിനോടനുബന്ധിച്ച് നിലനിന്നിരുന്ന മുളകുന്നത്തുകാവ്, തിരൂര്‍  എന്നിവ ചേര്‍ന്നുള്ള ഒരു ദേശവും, കോലഴി, പോട്ടോര്‍, എന്നിവ ചേര്‍ന്നുള്ള മറ്റൊരു ദേശവും ഉള്‍പ്പെട്ടതായിരുന്നു മേല്‍പറഞ്ഞ സാംസ്കാരികപ്രകൃതിയുടെ പ്രഭവകേന്ദ്രം. കൊച്ചി രാജവംശത്തിന്റെ അധീനതയിലായിരുന്നു മുളകുന്നത്തുകാവ് ദേശം. മലയാളമാണ്ട് 993-ല്‍ കോഴിക്കോട് സാമൂതിരി രാജാവ് കൊച്ചിയെ ആക്രമിച്ച് കീഴടക്കിയതിനുശേഷം സാമൂതിരിയുടെ ആധിപത്യം 5 വര്‍ഷക്കാലം ഇവിടെ നിലനിന്നിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. ശ്രീവടകുറുമ്പ ക്ഷേത്രത്തിന് നേരെ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലിയുടെ നേതൃത്വത്തില്‍ ഏ.ഡി.1776-ല്‍ ആക്രമണം നടന്നതായി വടക്കുനാഥക്ഷേത്ര ഗ്രന്ഥവരിയില്‍ കാണുന്നു. ഈ ആക്രമണത്തെയാണ് ചിലര്‍ ടിപ്പുവിന്റെ പടയോട്ടമായി ചിത്രീകരിക്കുന്നത്. ദേശത്തെ ഭൂമി ഒട്ടുമുക്കാലും ദേവസ്വം വകയായിരുന്നു. ജന്മി-നാടുവാഴിവ്യവസ്ഥ നിലനിന്നിരുന്ന പണ്ടത്തെ ഭരണ സമ്പ്രദായപ്രകാരം ക്രമസമാധാനപാലനത്തിനും നാടുവാഴികള്‍ക്കാണ് അധികാരം ഉണ്ടായിരുന്നത്. മേലെവീട്ടില്‍ നമ്പിടിമാര്‍ ആയിരുന്നു അന്നത്തെ നാടുവാഴികള്‍. തര്‍ക്കങ്ങളും മറ്റും പറഞ്ഞുതീര്‍ക്കുന്ന നീതിന്യായസഭകള്‍ ക്ഷേത്ര ആല്‍ത്തറയില്‍ നാടുവാഴിയുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്നിരുന്നതായി പറയപ്പെടുന്നു. അക്കാലത്ത് ആയോധനകലകള്‍ക്ക് പ്രോത്സാഹനവും പരിരക്ഷയും കിട്ടിയിരുന്നതായി, തിരൂര്‍ ക്ഷേത്രമൈതാനിയില്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്ന, ദേശംതിരിഞ്ഞുള്ള പടക്കളി(ആയുധം അണിഞ്ഞുള്ള പോരാട്ടം) വ്യക്തമാക്കുന്നു. നാടുവാഴിയുടെ സാന്നിധ്യത്തില്‍ നടന്നുവന്നിരുന്ന ഈ സായുധവിനോദത്തില്‍ മികച്ച പോരാളികളെ സൈന്യത്തിലേക്ക് എടുത്തിരുന്നതായും, പരുക്കേല്‍ക്കുന്നവര്‍ക്കും, മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നാടുവാഴി ധനസഹായം നല്‍കിയിരുന്നതായും കാണുന്നു. ബ്രിട്ടീഷ്ഭരണത്തോടെ നിരോധിക്കപ്പെട്ട ഈ വിനോദത്തിന്റെ സ്മരണയ്ക്കായി ഓണത്തല്ല് എന്ന വിനോദം പിന്നീട് വളരെ വാശിയോടുകൂടി തന്നെ പിന്‍തുടര്‍ന്നുപോന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന, ശ്രീനാരായണഗുരുസന്ദേശം ഉല്‍പ്പതിഷ്ണുവായ കുഴിപ്പറമ്പില്‍ ശങ്കരന്‍(കോഴിക്കുന്ന്) പ്രാവര്‍ത്തികമാക്കിക്കൊണ്ട് വെളപ്പായയില്‍ ശ്രീധര്‍മ്മസംഘം എന്ന പേരില്‍ 1927-ല്‍ ഒരു പ്രൈമറിസ്കൂളും സാമുദായികോദ്ധാരണത്തിനായി ഈഴവസമാജവും സ്ഥാപിക്കുകയുണ്ടായി. സ്വന്തം വീട്ടിലെ സ്ത്രീകളെകൊണ്ട് മാറു മറപ്പിച്ച് അയിത്തം തുടങ്ങിയ സാമൂഹ്യദുരാചാരങ്ങള്‍ക്കെതിരെ പോരാടി. ഇക്കാലത്താണ് പാവങ്ങളുടെ പടത്തലവനായ എ.കെ.ജി.യുടെ നേതൃത്വത്തിലുള്ള വൈക്കംസത്യാഗ്രഹജാഥ മുളകുന്നത്തുകാവില്‍ എത്തിയത്. ഈ ജാഥയ്ക്ക് മുളകുന്നത്തു കാവില്‍ സ്വീകരണം നല്‍കപ്പെട്ടിട്ടുണ്ട്. കിള്ളന്നൂര്‍ വില്ലേജില്‍പ്പെട്ട മുഴുവന്‍ ഭൂവിഭാഗങ്ങളും ചേര്‍ന്നതാണ് മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്. 1995 വരെ കിളളന്നൂര്‍ എന്ന പേരിലാണ് ഈ പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. പണ്ട് കോഴിക്കുന്ന്, ഗ്രാമല എന്നീ ദേശങ്ങളിലെ ഭൂരിഭാഗം സ്ഥലവും മനക്കുളം രാജവംശത്തിന്റെ വകയായിരുന്നു. മനക്കുളം ഇല്ലത്തിന് തലപ്പിള്ളി താലൂക്കിലും വളരെയേറെ ഭൂമിയുണ്ടായിരുന്നു. ഇവരുടെ വക അത്താണിയില്‍ ഒരു കോട്ടയോ, ധാന്യസംഭരണ ശാലയോ ഉണ്ടായിരുന്നതായും കോട്ട എന്നര്‍ത്ഥം വരുന്ന കില്ല നല്‍ക്കുന്ന ഊര് എന്ന അര്‍ത്ഥത്തില്‍ കില്ലന്നൂര് എന്നു വിളിക്കപ്പെടുകയും (കില്ലന്നൂര് പിന്നീട് കിള്ളന്നൂര്‍ ആയി മാറിയതാകാം) ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ മുളകുന്നത്തുകാവ് അമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് മുളംകാട് നിറഞ്ഞ കുന്നിന്‍പ്രദേശമായിരുന്നു. മുളംകാടിനോടു ചേര്‍ന്ന് ക്ഷേത്രം (കാവ്) ഉള്ള  സ്ഥലം എന്ന അര്‍ത്ഥത്തിലാണ് മുളകുന്നത്തുകാവ് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പറയപ്പെടുന്നു. കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമായ തൃശ്ശൂര്‍ പട്ടണത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മുളകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് സാംസ്കാരികമേഖലയില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്നു. വായനശാലകള്‍, ആര്‍ട്സ്, സ്പോര്‍ട്സ്, സയന്‍സ്, റിക്രിയേഷന്‍ ക്ളബുകള്‍, സാമൂഹ്യ-യുവജനസംഘടനകള്‍ എന്നിവകൊണ്ട് സമൃദ്ധമാണ് ഈ പഞ്ചായത്ത്. പഞ്ചായത്തിനുകീഴില്‍ ഒരു സാംസ്കാരികനിലയവുമുണ്ട്. ദേശീയവും പ്രാദേശകിവും, മതപരവുമായ ആഘോഷങ്ങള്‍ എല്ലാ മതസ്ഥരും ഒത്തുചേര്‍ന്ന് ഒരുമയോടെ ആഘോഷിക്കുന്നു എന്നത് എടുത്തുപറയാതെ വയ്യ. തിരൂര്‍ വടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭമാസത്തില്‍ നടത്തുന്ന മുളകുന്നത്തുകാവുദേശക്കാരുടെ ഭരണിവേല, തിരൂര്‍ സെന്റ് തോമസ് പള്ളിയിലെ മകരപെരുന്നാള്‍, മുളകുന്നത്തുകാവ് ശ്രീഅയ്യപ്പസ്വാമിക്ഷേത്രത്തില്‍ ധനുമാസത്തില്‍ നടത്തുന്ന നിറമാല, കുംഭമാസത്തില്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പള്ളിവേട്ട-ആറാട്ട് ഉത്സവം, ആക്കോടിക്കാവ്, കോക്കുളങ്ങര, ശങ്കരപുരം ക്ഷേത്രത്തിലെ പൂരങ്ങള്‍, ശ്രീനാരായണപുരം, കാട്ടുപുള്ളി ക്ഷേത്രങ്ങളിലെ കാവടികള്‍, മലവായ്, പറമ്പായ് പള്ളികളിലെ പെരുന്നാള്‍ എന്നിവയൊക്കെ പഞ്ചായത്തിലെ പ്രധാന സാംസ്കാരികോത്സവങ്ങളാണ്. ഓണക്കാലത്ത് നടത്തുന്ന സാംസ്കാരികഘോഷയാത്ര ഏറെ ശ്രദ്ധേയമാണ്. തനതുകലാരൂപങ്ങളായ തെയ്യം, തിറ, പൂതംകളി, കുമ്മാട്ടി, നായാടികളി, കാളകളി, പൊറാട്ടുനാടകം, ഓണത്തല്ല് തുടങ്ങിയവയുടെയും മറ്റ് അനുഷ്ഠാനകലകളുടെയും ഒരു പാരമ്പര്യം തന്നെ ഈ പഞ്ചായത്തിനുണ്ട്. പ്രാചീന അനുഷ്ഠാനകലകളില്‍ എടുത്ത് പറയാവുന്നവയും നിലനിന്നിരുന്നതുമായ പുള്ളുവന്‍പാട്ട്, നന്തുണിപ്പാട്ട്, തുകിലുണര്‍ത്തുപാട്ട്, പറയ-പുലയ വേലകളി, മുടിയാട്ടം എന്നിവ ഇന്നും നിലനില്‍ക്കുന്നു. 1930-കളില്‍ മുളകുന്നത്തുകാവ് ക്ഷേത്രനടയില്‍ പ്രവര്‍ത്തിച്ചിരുന്ന, കൊച്ചിന്‍ സര്‍ക്കാര്‍ ഗ്രാമീണ വായനശാല ഈ പഞ്ചായത്തിലെ പ്രധാന വായനശാലയാണ്. പ്രകൃതിസൌന്ദര്യം കൊണ്ട് അനുഗ്രഹീതമായതും ഏറെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ളതുമായ ഒരു പഞ്ചായത്താണ് മുളകുന്നത്തുകാവ്. ഭൂപ്രകൃതിയില്‍ ഇത്രയധികം നിമ്നോന്നത പുലര്‍ത്തുന്ന മറ്റൊരു പഞ്ചായത്ത് പുഴയ്ക്കല്‍ ബ്ളോക്കിലില്ല. പാടശേഖരങ്ങള്‍ ഒഴിച്ചാല്‍ ബാക്കി കൃഷിഭൂമികളെല്ലാം മലയോരപ്രദേശങ്ങളിലാണ്. പൂവന്‍മല (പൂമല), നമ്പ്രം, മുക്കൂന്നി(ചോറ്റുപാറ), മലവായ്, പാളായി, ചീരക്കാട്, പൂളയ്ക്കല്‍, വെങ്ങിണിപറമ്പ് എന്നീ കുന്നിന്‍പ്രദേശങ്ങള്‍ മുന്‍കാലങ്ങളില്‍ ജനവാസയോഗ്യമല്ലാത്ത വനപ്രദേശമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ ആന, പന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുളകുന്നത്തുകാവ്, ഗ്രാമല, കോഴിക്കുന്ന്, അരിങ്ങഴിപ്രദേശം, അത്തിക്കോട് എന്നീ പ്രദേശങ്ങള്‍ നെല്‍കൃഷികേന്ദ്രങ്ങളായിരുന്നു. കൃഷിഭൂമി ഭൂരിഭാഗവും മുളകുന്നത്തുകാവ് ദേവസ്വംവകയായിരുന്നു. മനക്കുളം സ്വരൂപം, പാലിയം ഇല്ലം എന്നീ കുടുംബങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ദേവസ്വത്തിന്റെ അധീനതയിലായത്. അതിനുമുന്‍പ് മനക്കോട്ട അയ്യന്‍, കോഞ്ചേരി, പാറേക്കാട് നമ്പിടിമാര്‍ തുടങ്ങിയ ജന്മികളുടെ വകയായിരുന്നു ബാക്കി ഭൂമി ഏറെയും. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വനഭൂമി ഏകദേശം മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 1/5 ഭാഗം വരും. പ്രകൃതിയുടെ വരദാനമായി പൂമല ജലസംഭരണി നിലകൊള്ളുന്നു. 1968ലാണ് പൂമല ഡാം നിര്‍മ്മിക്കുന്നത്. 5100 മീറ്റര്‍ നീളമുള്ള മെയിന്‍ കനാലും 1300 മീറ്റര്‍ നീളമുള്ള ബ്രാഞ്ചുകനാലും ഇതിന്റെ ഭാഗമായുണ്ട്. പൂമല മുതല്‍ മലവായ്, അത്തിക്കോട് എന്നീ ഭാഗങ്ങള്‍ വഴി ഉദയനഗര്‍ വരെ വിന്യസിച്ചുകിടക്കുന്നതാണ് മെയിന്‍കനാല്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ കുറച്ചുഭാഗം തൃശ്ശൂര്‍ കോര്‍പ്പറേഷനിലും, കുറച്ചുഭാഗം മുളകുന്നത്തുകാവ്, അവണൂര്‍, മുണ്ടത്തിക്കോട് എന്നീ പഞ്ചായത്തുകളിലുമായി സ്ഥിതി ചെയ്യുന്നു. 1953 വരെ കോലഴി പഞ്ചായത്തിലായിരുന്നു അവണൂരും, കിള്ളന്നൂരും ചേര്‍ന്നുകിടന്നിരുന്നത്. 1953-ല്‍ അവണൂര്‍ പഞ്ചായത്ത് രൂപംകൊണ്ടു. അവണൂര്‍ പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റ് നാരായണഭട്ടതിരിപ്പാടായിരുന്നു. അദ്ദേഹത്ത തുടര്‍ന്ന് കോഴിക്കുന്നില്‍ വി.കെ.രാമന്‍മാസ്റ്റര്‍ പ്രസിഡന്റായി 1963 വരെ തുടര്‍ന്നു. തിരൂരില്‍ താമസിച്ചിരുന്ന ചാക്കുചെമ്മണ്ണൂരും, കോഞ്ചേരി പി.എസ്.രാമന്‍വൈദ്യരും പ്രതിനിധികളായിരുന്നു. അവണൂര്‍ പഞ്ചായത്ത്  മലയോരപ്രദേശങ്ങളുള്‍പ്പെട്ട വലിയൊരു ഭൂവിഭാഗമായിരുന്നതിനാല്‍ ജനങ്ങളുടെ കഷ്ടപ്പാടും, പ്രയാസങ്ങളും, പഞ്ചായത്തിന്റെ പ്രവര്‍ത്തന അസൌകര്യവും കണക്കിലെടുത്ത് അവണൂരിനെ വിഭജിച്ച് 1969-ല്‍ കിള്ളന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചു. എ.എം.കുരിയാക്കോസ് പഞ്ചായത്തിന്റെ പ്രഥമപ്രസിഡന്റും, എന്‍.കൊച്ചാപ്പു വൈസ് പ്രസിഡന്റും, ടി.എ.രാമനെഴുത്തച്ഛന്‍, എന്‍.കെ.താരൂ, ചിന്നമ്മ എന്നിവര്‍ അംഗങ്ങളുമായിരുന്നു. ആദ്യഘട്ടത്തില്‍  ഒരു ക്ളാര്‍ക്ക്, ഒരു ബില്‍ കളക്ടര്‍, അവണൂര്‍, കിള്ളന്നൂര്‍ പഞ്ചായത്തുകള്‍ക്കുവേണ്ടി പൊതുവായ ഒരു എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവര്‍ മാത്രമേ ഉണ്ടായിരുന്നൂള്ളൂ. 1970-ല്‍ വെളപ്പായ റോഡ് ജംഗ്ഷനില്‍ ജയന്തി രഘുനാഥ് മല്ലയ്യ സംഭാവനയായി നല്‍കിയ (ഇന്ന് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം) സ്ഥലത്ത് കെട്ടിടം പണിത് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പ്രഥമ പഞ്ചായത്തുകമ്മിറ്റി 1979 വരെ തുടര്‍ന്നു. 1994-ലെ പഞ്ചായത്തിലെ നഗരപാലികനിയമം വന്നപ്പോള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 9 ആയി ഉയര്‍ത്തി. 1995-ല്‍ കിള്ളന്നൂര്‍ പഞ്ചായത്തിനെ മുളകുന്നത്തുകാവ് പഞ്ചായത്തെന്ന് പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി.