ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം
മുഖത്തല ബ്ളോക്ക് പഞ്ചായത്തിലെ ഓരോ ഗ്രാമത്തിനും പ്രാചീനവും തനതുമായ ചരിത്രമുണ്ട്. തൃക്കോണവട്ടം പ്രദേശം മുന്‍പ് ദേശിങ്ങനാട് (കൊല്ലം) രാജാവിന്റെ അധികാരത്തിന്‍ കീഴിലായിരുന്നു. മുക്കോണായി കിടന്നതിനാലാകാം തൃക്കോണവട്ടം എന്ന പേര് ലഭിച്ചത്. പില്‍ക്കാലത്ത് മുഖത്തല മുരാരിക്ഷേത്രത്തിന്റെ പ്രാധാന്യം കൊണ്ടാവാം തൃക്കോണവട്ടം തൃക്കോവില്‍വട്ടമായി രൂപാന്തരപ്പെട്ടത്. തൃക്കോണവട്ടത്തെ ആദ്യത്തെ സ്കൂള്‍ മിഷനറിമാര്‍ സ്ഥാപിച്ച കുരിപ്പള്ളിയിലെ എല്‍.എം.എസ് എല്‍.പി.എസ്  ആണ്. 1940 കളിലാണ് ഇവിടെ കശുവണ്ടി വ്യവസായം ആരംഭിക്കുന്നത്. കണ്ണനല്ലൂര്‍ പള്ളിയാണ് ഈ പഞ്ചായത്തിലെ പഴക്കം ചെന്ന മുസ്ളീം ആരാധനാലയം. മുഖത്തല മുരാരി ക്ഷേത്രവും ചരിത്രപ്രസിദ്ധമാണ്. കൊല്ലം റെയില്‍വേ സ്റ്റഷന്‍ ആസ്ഥാനത്ത് 16-ാം നൂറ്റാണ്ടില്‍ പനങ്കാവു രാജകൊട്ടാരം സ്ഥിതി ചെയ്തിരുന്നു. 1896-ലാണ് മയ്യനാട് ഗ്രാമത്തില്‍ രണ്ടു വിദ്യാലയങ്ങള്‍ ആദ്യമായി അനുവദിച്ചത്. ഒന്നകാല്‍ നൂറ്റാണ്ടിനു മുന്‍പ് മയ്യനാടിന്റെ തെക്കുകിഴക്ക് മാറിയുള്ള കാക്കോട്ടു മൂലയിലാണ് ചെറ്റപുരയില്‍ ഒരു വിദ്യാലയം ആദ്യമായി തുടങ്ങിയത്. തിരുവിതാംകൂറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഉമയനല്ലൂര്‍ ബുദ്ധമതക്ഷേത്രം. മയ്യനാട് ശാസ്താം കോവില്‍ ക്ഷേത്രവും വളരെ പ്രസിദ്ധമാണ്. ഒരുകാലത്ത് കൊറ്റങ്കര ഗ്രാമം കൃഷിക്കാരുടെ മാത്രം പ്രദേശമായിരുന്നു. ഈ ഗ്രാമം ആഹാരത്തിനു ദാരിദ്യ്രമില്ലാത്ത പ്രദേശമെന്ന് അറിയപ്പെട്ടിരുന്നു. വയറു നിറയെ ആഹാരം കഴിക്കാന്‍ ഉള്ളവരുടെ കര അഥവാ “കൊറ്റ് ഉള്ളവരുടെ കര” ആണ് കൊറ്റങ്കര ആയതെന്ന് പറയപ്പെടുന്നു. ചിലര്‍ വലിയ കര എന്നതാണ് കൊറ്റങ്കര ആയതെന്നും പറയുന്നു. വേലുത്തമ്പി ദളവ കൊറ്റങ്കര ഗ്രാമത്തില്‍ വച്ചു നടത്തിയ കുണ്ടറ വിളംബരം ചരിത്ര പ്രാധാന്യമുള്ളതാണ്. വെള്ളാവിന്‍ മാധവക്കുറുപ്പ് ഈ ഗ്രാമത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1957-ലെ ഞട്ടേല്‍ കൈവശഭൂമി സമരവും 1965-ലെ തരിശുഭൂമി വളഞ്ഞുകെട്ടു സമരവും 1964-ലെ കൈവശഭൂമി സമരവും കൊറ്റങ്കര പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളായിരുന്നു. കശുവണ്ടിയാണ് ഇവിടുത്തെ പ്രധാന വ്യവസായമേഖല. ഇളമ്പള്ളൂര്‍ ഗ്രാമം പുരാതനകാലത്ത് ബുദ്ധ കേന്ദ്രമായിരുന്നു. ബുദ്ധ കേന്ദ്രങ്ങളെല്ലാം പള്ളി എന്ന നാമത്തിലാണ് അറിഞ്ഞിരുന്നത്. പിന്നീട് ഇവിടെ പരമാരപരശുരാമന്റെ നേതൃത്വത്തില്‍ ഒരു സംഘം ബ്രാഹ്മണര്‍ താമസമാക്കി. ബ്രാഹ്മണര്‍ താമസിച്ചിരുന്ന പ്രദേശത്തിന് ഊര് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അവര്‍ പള്ളിയുടെ കൂടെ ഊര് എന്നുകൂടി ചേര്‍ത്ത് ഇളംപള്ളിയൂര്‍ എന്നാക്കി. ഇത് പില്‍ക്കാലത്ത് ഇളമ്പള്ളൂര്‍ എന്നായി മാറി. 1809 ജനുവരി 14-ാം തിയതി വൈദേശികാധിപത്യത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിയ്ക്കുവാന്‍ ആദ്യത്തെ സ്വാതന്ത്ര്യസമര പ്രഖ്യാപനം എന്നറിയപ്പെടുന്ന തലക്കുളത്ത് വേലുത്തമ്പിയുടെ “കുണ്ടറവിളംബരം” നടന്നത് ഇളമ്പള്ളൂര്‍ ഗ്രാമത്തില്‍ വച്ചാണ്. ഇവിടെ സ്ഥിതിചെയ്യുന്ന ഇളമ്പള്ളൂര്‍ ദേവീക്ഷേത്ര പരിസരത്ത് കെട്ടിയുണ്ടാക്കിയ സ്വന്തം പടപ്പാളയത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ഈ വിളംബരം നടത്തിയത്. കുണ്ടറവിളംബരത്തിന്റെ സ്മാരകമായി ദേവീക്ഷേത്ര പരിസരത്ത് ഒരു കല്‍മണ്ഡപം ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്. ജനദ്രോഹികളായ വെള്ളക്കാര്‍ മര്യാദയ്ക്ക് ഇവിടം വിട്ടുപോകുന്നതാണ് നല്ലതെന്നും കച്ചവടത്തിനായി വന്ന ഇംഗ്ളീഷുകാരന്‍ ഇന്ത്യ വിട്ടുപോകുക എന്നും ഉച്ചൈസ്ഥരം വേലുത്തമ്പി കുണ്ടറ വിളംബരത്തിലൂടെ ഉദ്ഘോഷിയ്ക്കുകയുണ്ടായി. ഇതാണ് പ്രസിദ്ധമായ “കുണ്ടറവിളംബരം” എന്നറിയപ്പെടുന്നത്. വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരത്തിന്റെ സ്മാരകമായി ലൈബ്രറിയും, സാംസ്കാരിക നിലയവും ഈ ഗ്രാമത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഒരു ഗവേഷണ പഠനസ്ഥാപനമായി വളര്‍ത്താനുള്ള ശ്രമം നടന്നു വരുന്നു. ഇതിനു പുറമെ ഇവിടെ പ്രവര്‍ത്തിക്കുന്ന നിരവധി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകളും വായനശാലകളും ലൈബ്രറികളും ഈ പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിയില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. ഇളമ്പള്ളൂര്‍ ദേവീക്ഷേത്രം. കുണ്ടറ വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, കുരീപ്പള്ളി മുസ്ളീംപള്ളി എന്നിവയാണ് ഇവിടുത്തെ പ്രമുഖ ദേവാലയങ്ങള്‍. ഈ ഗ്രാമത്തിലൂടെ അന്തര്‍സംസ്ഥാനപാതയായ കൊല്ലം-മധുര 208-ാം നമ്പര്‍ ദേശീയപാത കടന്നുപോകുന്നു. പണ്ടുകാലത്ത് ജന്മിമാരും പാട്ടക്കൃഷിക്കാരുമായിരുന്നു മുഖത്തലയിലും പരിസര ഗ്രാമങ്ങളിലും കാര്‍ഷികരംഗത്തുണ്ടായിരുന്നത്. ഭൂഉടമകളായ കര്‍ഷരും കര്‍ഷകതൊഴിലാളികളും ഒരുമിച്ച് പാടത്തിറങ്ങി പണി എടുത്തിരുന്നു. കാര്‍ഷിക മേഖല സജീവമായിരുന്നു. തെങ്ങ് കൃഷി വീട്ടു പറമ്പുകളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. കാര്‍ഷികവിളകളില്‍ മരച്ചീനി, കിഴങ്ങ്, കാച്ചില്‍, ചേന, ചേമ്പ്, കൂവ, മഞ്ഞള്‍ തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങളും പയര്‍, ഉഴുന്ന്, മുതിര തുടങ്ങിയ പയറുവര്‍ഗ്ഗങ്ങളും, കൂവരക്, ചാമ തുടങ്ങിയ ധാന്യങ്ങളും എള്ള് തുടങ്ങിയ മറ്റ് വിളകളും കൃഷി ചെയ്തിരുന്നു. എങ്കിലും പ്രധാനകൃഷി നെല്ല് തന്നെയായിരുന്നു. 1960-കളില്‍ നടപ്പില്‍വന്ന ഭൂപരിഷ്ക്കരണ നിയമങ്ങളിലൂടെ ഭൂവുടമാബന്ധങ്ങളില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും അതുമൂലമുണ്ടായ സാമൂഹ്യക്രമങ്ങളിലെ മാറ്റങ്ങളുമാണ് നിലവിലുണ്ടായിരുന്ന കാര്‍ഷിക വ്യവസ്ഥയ്ക്ക് മാറ്റം വരുത്തിയത്. ചെറുകിട കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഭൂമിക്കും കിടപ്പാടത്തിനും ഉടമകളായി. അതില്‍ നിന്നും ഉടലെടുത്ത ആത്മാഭിമാനം അവരെ കൂടുതല്‍ സാമുഹ്യബോധമുള്ളവരാക്കി. മക്കള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കി. വിദ്യാഭ്യാസം ലഭിച്ചവര്‍ വിവിധ തൊഴില്‍ മേഖലകള്‍ തേടിപ്പോയി. കാര്‍ഷിക മേഖലയില്‍ തൊഴിലാളികള്‍ക്ക് ദൌര്‍ലഭ്യമായി. കൃഷിഭൂമി തുണ്ടുകളായി. കര്‍ഷകര്‍ പാടത്തിറങ്ങുന്ന രീതി ഇല്ലാതായി. ഇതിനെല്ലാം പുറമേ ഉല്‍പാദനക്ഷമതയിലും കുറവുണ്ടായി. തെങ്ങിന് ബാധിച്ച രോഗങ്ങളും കീട ആക്രമണങ്ങളും കര്‍ഷകന്റെ വരുമാനത്തെ സാരമായി ബാധിച്ചു. കാര്‍ഷികവൃത്തിയില്‍ നിന്ന് ആകര്‍ഷകമായ വരുമാനം ഇല്ലെന്നായി. നല്ലൊരുവിഭാഗം കൈവശമുള്ള ഭൂമിയില്‍ കാര്യമായ കൃഷിപ്പണികള്‍ ചെയ്യാതെയായി. മണ്ണിനോടും കൃഷിയോടുമുള്ള മമത കൊണ്ടുമാത്രം ഒരു വിഭാഗം കൃഷി തുടരുകയാണ്. കിഴങ്ങുവര്‍ഗ്ഗങ്ങളും, പയറ് വര്‍ഗ്ഗങ്ങളും നെല്ല് ഒഴികെയുള്ള ധാന്യവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുക എന്നത് കര്‍ഷകന്റെ അജണ്ടയിലില്ലാതായി. മുഖത്തല ബ്ളോക്ക് പഞ്ചായത്തില്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളുടേയും സാമ്പത്തികാടിത്തറ പ്രധാനമായും കാര്‍ഷിക മേഖലയാണെങ്കിലും സമ്പത്തുല്‍പാദനത്തിന്റെ ഗണ്യമായൊരു പങ്ക് വ്യവസായ മേഖലയും നിര്‍വഹിക്കുന്നുണ്ട്. കശുവണ്ടി വ്യവസായമാണ് ബ്ളോക്ക് പഞ്ചായത്ത് മേഖലയിലെ പ്രധാന വ്യവസായം. ഈ മേഖല വെല്ലുവിളികളെ നേരിടുകയാണ്. കശുവണ്ടി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. ഒട്ടനവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ ബ്ളോക്ക് പഞ്ചായത്തിലുണ്ട്.