മുഖത്തല

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലാണ് മുഖത്തല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മയ്യനാട്, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഇളമ്പള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുഖത്തല ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. ഇരവിപുരം, മയ്യനാട്, തൃക്കോവില്‍വട്ടം, തഴുത്തല, കൊറ്റങ്കര, ഇളമ്പള്ളൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ളോക്ക് പഞ്ചായത്തിന് 80.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കൊല്ലം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മധ്യത്തു നിന്ന് തെക്കോട്ട് മാറി ദക്ഷിണ ഇടനാട് അഗ്രോക്ളൈമാറ്റിക് മേഖലയിലാണ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് എന്ന് പൊതുവില്‍ പറയാമെങ്കിലും ബ്ളോക്കിലെ മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗം തീരപ്രദേശമാണ്. ബ്ളോക്ക് പഞ്ചായത്തിന്റെ ശേഷിച്ച പടിഞ്ഞാറന്‍ അതിര്‍ത്തിയുടെ തെക്കുഭാഗം കൊല്ലം കോര്‍പ്പറേഷനിലെ ഇരവിപുരം, വടക്കേവിള എന്നീ വില്ലേജുകളും വടക്കുഭാഗം ചിറ്റുമല ബ്ളോക്കുപഞ്ചായത്തിലെ പെരിനാട്, കുണ്ടറ ഗ്രാമപഞ്ചായത്തുകളുമാണ്. ബ്ളോക്കുപഞ്ചായത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇത്തിക്കര ബ്ളോക്കിലെ ആദിച്ചനല്ലൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്തുകളാണ്. മുഖത്തല ബ്ളോക്ക് പഞ്ചായത്തില്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളുടെയും സാമ്പത്തികാടിത്തറ കാര്‍ഷിക മേഖലയിലൂന്നി നില്‍ക്കുന്നു. ഭൂവിസ്തൃതിയുടെ 15%-ത്തിലധികം വരുന്ന പാടശേഖരങ്ങളിലെ മുഖ്യകൃഷി നെല്ലാണ്. ബ്ളോക്കിലെ കാര്‍ഷിക മേഖലയില്‍ പ്രമുഖ സ്ഥാനം തെങ്ങുകൃഷിക്കാണ്. 30%-ത്തിലധികം ഭൂമി തെങ്ങുകൃഷിക്കായി ഉപയോഗിക്കുന്നു. തെങ്ങുകൃഷി ബ്ളോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയില്‍ മുഖ്യപങ്ക് വഹിക്കുന്നു. ഭൂമിശാസ്ത്രപരമായി മുഖത്തല ബ്ളോക്കുപ്രദേശത്തെ തീരപ്രദേശം, സമതലം, താരതമ്യേന താണ പ്രദേശങ്ങള്‍, മുകള്‍പ്പരപ്പ്, കായല്‍, ഉയര്‍ന്ന സമതലം, ഉയര്‍ന്ന ചരിവ്, മിതമായ ചരിവ്, ചെറുചരിവ്, താഴ്വര എന്നിങ്ങനെ തരം തിരിക്കാം. മണല്‍മണ്ണ്, എക്കല്‍മണ്ണ്, കടല്‍ത്തീര എക്കല്‍മണ്ണ്, ചരല്‍ ചേര്‍ന്ന മണ്ണ്, വെട്ടുകല്ല്, ചെമ്മണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ് എന്നിവയാണ് ഇവിടുത്തെ മണ്ണിനങ്ങള്‍. ദേശീയപാത 47-ഉം, ദേശീയപാത 208-ഉം ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്.