ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 ചേര്‍ത്തല കരപ്പുറം പ്രദേശം ആദ്യം കൊച്ചി രാജവംശത്തിന്റെ അധീനതയിലായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ പടയോട്ടക്കാലത്ത് തിരുവിതാംകൂറുമായി കൊച്ചീരാജാവ് സന്ധിയിലേര്‍പ്പെടുകയും, കിരീടധാരണം കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ രാജാവ് കരപ്പുറത്ത് വരാന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ ചേര്‍ത്തല കരപ്പുറം പ്രദേശം മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഊരാണ്മ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണമായിരുന്നു കരപ്പുറം പ്രദേശത്തുണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഈ കരപ്പുറം പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറ് കൊല്ലത്തിന് താഴെ പഴക്കമേയുള്ളൂ. മുപ്പിരിത്തോടിന് തെക്കുവശം പെരുന്തുരുത്തെന്നും വടക്കുവശം ചാരമംഗലം എന്നുമാണ് അറിയപ്പെട്ടിരുന്നത്. ചാരമംഗലത്തിന്റെ തെക്കുഭാഗത്തിന് അത്താഴക്കാട് എന്നും പേരുണ്ടായിരുന്നു. ഇന്നത്തെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിന് കിഴക്കുഭാഗത്താണ് ആദ്യമായി ഇവിടെ കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലില്‍ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നും പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വീടിന് മുഖമ്മേല്‍ എന്ന് പേരു വന്നു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊണ്ടപ്പോള്‍ അതിനെ മുഖമ്മേല്‍ കമ്പോളം എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. കമ്പോളത്തില്‍ പോയിരുന്നവര്‍ മുഹമ്മേ(ല്‍ ) പോകുന്നു എന്നായിരിക്കണം പറഞ്ഞുവന്നിരുന്നത്. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു.ഊരാണ്മ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് സവര്‍ണ്ണ മേധാവിത്വം ഇവിടെ നിലനിന്നിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ക്ഷേത്രാരാധന അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ സ്വന്തമായി കളരികള്‍ നിര്‍മ്മിച്ചതുപോലെ അവര്‍ അവര്‍ണ്ണ ദേവതമാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന തുടങ്ങി. ഇത്തരത്തില്‍ രൂപംകൊണ്ട ഒരു ക്ഷേത്രമാണ് കാട്ടുകട. വിവിധ ഭാഗങ്ങളില്‍ അവര്‍ണ്ണരുടെ വെച്ചാരാധനാ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ശക്തമായി ചിന്തിക്കാന്‍ തുടങ്ങുന്നത് നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ വരവോടുകൂടിയാണ്. പെരുന്തുരുത്ത് ഭാഗത്തെ ശ്രാമ്പിക്കല്‍ , ചീരപ്പന്‍ചിറ, കായിപ്പുറം ഭാഗത്തെ കുറ്റവക്കാട് എന്നീ ഭവനങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. കുറ്റവക്കാട്ട് കുടുംബത്തിലുള്ള സര്‍പ്പക്കാവിലെ ചിത്രകൂടങ്ങള്‍ ഗുരുവിന്റെ ആജ്ഞപ്രകാരം ഇളക്കി കായലില്‍ കളഞ്ഞതായി പറയപ്പെടുന്നു. മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഒരു പുരാതന കുടുംബമായിരുന്നു ചീരപ്പന്‍ചിറ. ചീരപ്പന്‍ചിറയിലെ കാരണവന്‍മാര്‍ ഇവിടുത്തെ കരപ്രമാണിമാരായിരുന്നു. പ്രസിദ്ധമായ ഒരായുധാഭ്യാസക്കളരി ഈ കുടുംബം വകയായി ഉണ്ടായിരുന്നു. ഈ കളരിയില്‍ ശബരിമല അയ്യപ്പന്‍ ആയുധാഭ്യാസം നടത്തിയിരുന്നതായി ഐതിഹ്യമുണ്ട്. സുശീലാ ഗോപാലന്‍ ഈ കുടുംബാംഗമാണ്. പാരമ്പര്യരീതിയിലുള്ള പേപ്പട്ടി വിഷചികിത്സയ്ക്ക് ഈ കുടുംബം പ്രസിദ്ധമായിരുന്നു. ചീരപ്പന്‍ചിറ കുടുംബത്തിന്റെ വക മുക്കാല്‍വട്ടം ക്ഷേത്രമാണ് മുഹമ്മയിലെ അതിപുരാതന ദേവാലയം എന്ന് കരുതപ്പെടുന്നു. എ.ഡി 1826-ല്‍ സ്ഥാപിതമായ സെന്റ് ജോര്‍ജ്ജ് പള്ളിയാണ് മുഹമ്മയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. നസ്രത്ത് കാര്‍മ്മല്‍ ആശ്രമത്തോടനുബന്ധിച്ചുള്ള ചര്‍ച്ച്, പൂജവെളിപള്ളി, രണ്ടാം വാര്‍ഡിലുള്ള സി.എസ്.ഐ ചര്‍ച്ച്, അഞ്ചാം വാര്‍ഡിലുള്ള ലൂഥര്‍മിഷന്‍ ആരാധനാലയം എന്നിവയാണ് മറ്റ് പ്രധാന ക്രിസ്തീയ ദേവാലയങ്ങള്‍. നൂറ്റമ്പതു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മുഹിയുദ്ദീന്‍ പള്ളി മുഹമ്മയിലെ പ്രധാന മുസ്ളീം ആരാധനാലയമാണ്. പള്ളിക്കുന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെ മണ്ണ് ഈ പ്രദേശത്തെ മറ്റ് പുരയിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. തിരുവിതാംകൂര്‍ രാജാവ് നാട് സന്ദര്‍ശിച്ച അവസരത്തില്‍ താമസിച്ച ഒരു കൊട്ടാരം ഇവിടെ ഉണ്ടായിരുന്നു എന്നും അത് നിര്‍മ്മിക്കുന്നതിനുള്ള മണ്ണ് ചെങ്ങളത്തുനിന്നും കൊണ്ടുവന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്. മറ്റെല്ലാ രംഗങ്ങളും സവര്‍ണ്ണ മേധാവികള്‍ കൈയ്യടക്കിയിരുന്നതുപോലെ വിദ്യാഭ്യാസ രംഗവും അവരുടെ കൈകളിലായിരുന്നു. ഇതിനൊരു മാറ്റം വരുന്നത് സി.എം.എസ്സ് മിഷണറിമാരും, ലൂഥറന്‍ സഭക്കാരും മുഹമ്മയില്‍ എത്തുന്നതോടെയാണ്. വിദ്യാഭ്യാസം ചെയ്യാനുള്ള അതിമോഹത്തിന്റെ പേരില്‍ ചില അവര്‍ണ്ണ സമുദായ അംഗങ്ങള്‍ സഭകളില്‍ ചേര്‍ന്നിരുന്നു. സി.എം.എസ്സ് മിഷണറിമാര്‍ 1855-ല്‍ മുഹമ്മ സി.എം.എസ്സ് സ്ക്കൂള്‍ സ്ഥാപിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ വിപ്ളവം തന്നെ നടത്തുകയുണ്ടായി. വര്‍ഷങ്ങള്‍ക്കു ശേഷം സ്ത്രീ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ചിറയില്‍ കുടുംബക്കാര്‍ ഒരു പെണ്‍പളളിക്കൂടം സ്ഥാപിച്ചു. ഇന്ന് ഈ സ്ഥാപനമില്ല. കയര്‍ വ്യവസായത്തില്‍ ഓരോ സ്ഥാപനത്തിലും വ്യത്യസ്തമായ കൂലി നിരക്കുകളാണ് നിലവിലിരുന്നത്. മുതലാളിക്ക് തോന്നുന്നതുപോലെ കൂലി കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തുച്ഛമായ കൂലിയില്‍ നിന്നുതന്നെ പല പേരില്‍ ഭോഗങ്ങള്‍ പിടിച്ചെടുത്തിരുന്നു. ബാക്കിവരുന്ന കൂലി പോലും പണമായിക്കൊടുക്കാതെ പലചരക്കു കടകളിലേക്കും ബാര്‍ബര്‍ ഷോപ്പുകളിലേക്കും മറ്റും തൊഴിലാളികള്‍ക്ക് ചീട്ട് കൊടുക്കുന്ന സമ്പ്രദായമാണ് പല സ്ഥലങ്ങളിലും നിലനിന്നിരുന്നത്. മുഹമ്മയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ദാരിദ്യ്രം അനുഭവപ്പെട്ടത് രണ്ടാംലോക മഹായുദ്ധകാലത്താണ്. ചോളം, ബജറ, കപ്പകൊന്ത് മുതലായവയായിരുന്നു പാവപ്പെട്ടവരുടെ ആഹാരം. പിണ്ണാക്കു തിന്ന് ജീവന്‍ നിലനിര്‍ത്തിയ അനുഭവങ്ങളുമുണ്ട്. പട്ടിണി മരണങ്ങളും പകര്‍ച്ച വ്യാധികള്‍ മൂലമുള്ള മരണങ്ങളും നിത്യസംഭവങ്ങളായിരുന്നു. മുഹമ്മയില്‍ ജല ഗതാഗതത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കൊപ്ര വ്യവസായം, കയര്‍ വ്യവസായം എന്നിവ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട ജലഗതാഗതത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. മുഹമ്മയില്‍ ചതയ ദിനാഘോഷത്തോടനുബന്ധിച്ച് വള്ളംകളി മത്സരം നടത്തുക പതിവായിരുന്നു. 1953-ല്‍ ആണ് മുഹമ്മ പഞ്ചായത്ത് രൂപം കൊണ്ടത്. ഒന്നാമത് പഞ്ചായത്തു ഭരണസമിതി 11-08-1953-ല്‍ നിലവില്‍ വന്നു. പ്രസിഡന്റ് പി.എസ്.ബാഹുലേയന്‍ ആയിരുന്നു.