പഞ്ചായത്തിലൂടെ
ഭൂപ്രകൃതിയും വിഭവങ്ങളും
തീരസമതലത്തില്‍ പെടുന്ന ഭൂപ്രദേശമാണ് പഞ്ചായത്തിന്റേത്. പഞ്ചായത്തിലെ 1, 2, 3, 4, 10 വാര്‍ഡുകള്‍ വേമ്പനാട്ട് കായലിനോടു ചേര്‍ന്നുകിടക്കുന്നു. കായലിന്റെ മധ്യത്തില്‍ രൂപംകൊണ്ടിരിക്കുന്ന പാതിരാമണല്‍ തുരുത്ത് 10-ാം വാര്‍ഡിന്റെ ഭാഗമാണ്. ഇവിടുത്തെ മണ്ണില്‍ ചെളിയുടെ അംശം വളരെ കൂടുതലാണ്. കായലോരങ്ങളില്‍ ചെളികലര്‍ന്ന മണ്ണ് കാണപ്പെടുന്നു. ബാക്കി പ്രദേശങ്ങളില്‍ മണലാണ്. ഒന്നാം വാര്‍ഡിലെ പള്ളിക്കുന്നു പ്രദേശത്തു മാത്രം വളരെ വ്യത്യസ്തമായ മണ്ണ് കാണപ്പെടുന്നു. ചെങ്കല്‍ നിറവും പശിമയുമുള്ള മണ്ണാണിത്. 4, 6, 7, 8, 9 എന്നീ വാര്‍ഡുകള്‍ പ്രധാനമായും ചൊരിമണല്‍ പ്രദേശമാണ്. പഞ്ചായത്തില്‍ പൊതുവായി കാണപ്പെടുന്നത് സിലിക്കാ മണ്ണാണ്. മണ്ണ് പൊതുവേ ഫലപുഷ്ടി കുറഞ്ഞതാണ്. ചില പ്രദേശങ്ങളില്‍ 6 അടി മുതല്‍ 8 അടി വരെ താഴ്ചയില്‍ കലശിമണ്ണ് കാണപ്പെടുന്നു. മഴ കൂടുതലായി ലഭിക്കുന്നത് ജൂണ്‍ , ജൂലൈ മാസങ്ങളിലാണ്. ജനുവരി മുതല്‍ മെയ് മാസം വരെ മഴ വളരെ കുറവുമാണ്. ഏപ്രില്‍ , മെയ് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നു. മുഹമ്മ ജലസമൃദ്ധമായ ഒരു പ്രദേശമാണ്. ആര്യക്കര തോട്, മുപ്പിരി തോട്, സ്രായി തോട്, മുടക്കനാംകുഴി തോട്, കള്ളത്തോട്, വൈക്കത്ത് പറമ്പ് തോട്, അങ്ങാടി തോട് എന്നിവ ഒരുവിധം വലിയ ജലാശയങ്ങളാണ്. അനേകം ചെറുതോടുകളും 9 പൊതുകുളങ്ങളും ആയിരക്കണക്കിന് ചെറുകുളങ്ങളും കൊണ്ട് അനുഗ്രഹീതമാണ് മുഹമ്മ. എന്നാല്‍ വേനല്ക്കാലമാകുന്നതോടുകൂടി കുളങ്ങള്‍ മിക്കതും വറ്റുന്നു. 26.76 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. മുന്‍കാലങ്ങളില്‍ ജന്മിമാരായിരുന്നു ഭൂവുടമകള്‍. അവരുടെ നിലങ്ങളില്‍ പാട്ടക്കാര് , വാരക്കാര്‍ , കുടികിടപ്പുകാര്‍ എന്നിവര്‍ കൃഷി ചെയ്തിരുന്നു. ഇവിടുത്തെ പ്രധാന കൃഷി തെങ്ങാണ്. ഏകദേശം 885 ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നു. രണ്ടാം സ്ഥാനം നെല്‍കൃഷിക്കാണ്. കശുമാവും ധാരാളമായി കൃഷിചെയ്തുവരുന്നു. ഇടവിളകളായി വാഴ, കുരുമുളക്, വെറ്റിലക്കൊടി, മള്‍ബറി, കൊക്കോ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തുവരുന്നു. ഭൂമിശാസ്ത്രപരമായി ഇത് സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രദേശമാണ്.
അടിസ്ഥാന മേഖലകള്‍
മുഹമ്മ കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമാണ്. തൊണ്ടഴുക്കുവാന് ആവശ്യമായ തോടുകളും, കായലോരങ്ങളും കയര്‍ വ്യവസായത്തെ പുഷ്ടിപ്പെടുത്തി. വില്യംഗുഡേക്കര് ആണ് ഈ പ്രദേശത്തെ വന്‍കിട കയര്‍ ഫാക്ടറി. ഇവിടെ 800-ല്‍പ്പരം തൊഴിലാളികള്‍ പണിയെടുത്തിരുന്നു. വേമ്പനാട്ട് കായലില്‍ സുലഭമായുള്ള കക്ക വാരി ഉപജീവനം കഴിക്കുന്ന വളരെയധികം കുടുംബങ്ങള്‍ പഞ്ചായത്തിലുണ്ട്. വെള്ള കക്കയും, കറുത്ത കക്കയും സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന ഓരോ സഹകരണ സംഘങ്ങള്‍ ഇവിടെയുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടുകൂടിയാണ് ഇവിടെ ഔപചാരിക വിദ്യാലയങ്ങള്‍ രൂപപ്പെടുന്നത്. 1855-ല്‍ സ്ഥാപിച്ച മുഹമ്മ സി.എം.എസ്. എല്‍ പി സ്ക്കൂളാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. തുടര്‍ന്ന് സി.എം.എസുകാര്‍ തന്നെ കായിപ്പുറത്ത് ഒരു എല്‍ പി സ്ക്കൂള് സ്ഥാപിച്ചു. ലൂഥറന്‍ സഭ പിന്നീടാണ് ഇവിടെ എത്തിച്ചേരുന്നത്. അവര്‍ പുത്തനങ്ങാടി തോടിനു പടിഞ്ഞാറ് തെക്കേക്കരയില്‍ ഒരു പ്രൈമറി സ്ക്കൂള് സ്ഥാപിച്ചു. പഞ്ചായത്തിലെ പഴയ ചികിത്സാരീതി ആയൂര്‍വേദമായിരുന്നു. ആയുര്‍വേദ വൈദ്യന് നിര്‍ദ്ദേശിക്കുന്നതനുസരിച്ച് പച്ചമരുന്നുകള്‍ ശേഖരിച്ച് ഔഷധങ്ങള്‍ സ്വയം ഉണ്ടാക്കി കഴിക്കുകയാണ് ആളുകള്‍ ചെയ്തിരുന്നത്. പിന്നീട് ഹോമിയോ മരുന്നും പ്രചാരത്തിലായി. ഇംഗ്ളീഷ് ചികില്‍സാ രീതിയാണ് ഇന്ന് കൂടുതല്‍ നിലവിലുള്ളത്. ഈ പഞ്ചായത്തിലെ വലിയ ചികിത്സാ കേന്ദ്രം മുഹമ്മ പബ്ളിക് ഹെല്‍ത്ത് സെന്ററാണ്. 1946-ല്‍ ദ്വൈവാര ഡിസ്പെന്‍സറിയായി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 1952-ല്‍ പി.എച്ച്.സി ആയി ഉയര്‍ത്തി. 1981 മുതല്‍ ഒരു ഇ.എസ്.ഐ ആശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതു കൂടാതെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആയൂര്‍വ്വേദ ചികിത്സാ സ്ഥാപനങ്ങളും ഹോമിയോ സ്ഥാപനങ്ങളും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. മുഹമ്മയെ സംബന്ധിച്ചിടത്തോളം വേമ്പനാട്ട് കായലിന് അഭിമുഖമായതിനാലും കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന അകത്തോടുകള് ഉണ്ടായിരുന്നതിനാലും ആദ്യകാലങ്ങളില്‍ പ്രധാനം ജലഗതാഗതമായിരുന്നു. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡാണ് പഞ്ചായത്തിലെ ആദ്യറോഡ്. പഞ്ചായത്ത് രൂപീകരണത്തിന് മുമ്പ് ഇടിഞ്ഞുപൊളിഞ്ഞ ചെമ്മണ് പാത മാത്രമായിരുന്നു. ഈ റോഡാണ് പഞ്ചായത്ത് നിര്‍മ്മിച്ച ആദ്യറോഡ്. റോഡ് വരുന്നതിനുമുമ്പ് കയറുല്‍പ്പന്നങ്ങളും, കൊപ്രയും മറ്റും വള്ളത്തില്‍ കയറ്റി ആലപ്പുഴയില്‍ എത്തിക്കുകയും അതേ വള്ളത്തില്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി ഇവിടെ എത്തിക്കുകയും ചെയ്തിരുന്നു. ഇന്ന് മുഹമ്മയിലൂടെ പ്രൈവറ്റ് ബസ്സും, ട്രാന്‍സ്പോര്‍ട്ട് ബസ്സും സര്‍വ്വീസ് നടത്തുന്നുണ്ട്. മുഹമ്മയില്‍ നിന്നും ചേര്‍ത്തലക്കും ആലപ്പുഴക്കും ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകളുണ്ട്.