മുഹമ്മ

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മുഹമ്മ. തണ്ണീര്‍മുക്കം തെക്ക് വില്ലേജിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. കിഴക്കുഭാഗം വേമ്പനാട്ടുകായലും, പടിഞ്ഞാറുഭാഗം കഞ്ഞിക്കുഴി പഞ്ചായത്തും, വടക്കുഭാഗം പുത്തനങ്ങാടി തോടും, തെക്കുഭാഗം മുടക്കനാം കുഴിതോടും അതിര്‍ത്തികളായുള്ള പഞ്ചായത്താണ് മുഹമ്മ. 26.76 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. പഴയ കരപ്പുറം (ചേര്‍ത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വര്‍ഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലില്‍ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേല്‍ എന്ന പേരിലറിയപ്പെട്ടു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേല്‍ കമ്പോളം എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഒരു പുരാതന കുടുംബമായിരുന്നു ചീരപ്പന്‍ചിറ. പ്രസിദ്ധമായ ഒരായുധാഭ്യാസക്കളരി ഈ കുടുംബംവകയായി ഉണ്ടായിരുന്നു. ഈ കളരിയില്‍ ശബരിമല അയ്യപ്പന്‍ ആയുധവിദ്യ പഠിച്ചിരുന്നതായി ഐതിഹ്യമുണ്ട്. കമ്മ്യൂണിസ്റ്റ് വിപ്ളവകാരി എ.കെ.ഗോപാലന്റെ ഭാര്യ സുശീലാ ഗോപാലന്‍ ഈ കുടുംബാംഗമാണ്. മുഹമ്മ എന്നു പേരു വരുവാന്‍ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.