ചരിത്രം

പ്രകൃതി സൌന്ദര്യംകൊണ്ട് അനുഗ്രഹീതമാണ് മൊറയൂര്‍ ഗ്രാമപഞ്ചായത്ത്. മൊറയൂര്‍ പഞ്ചായത്തിന്റെ ചരിത്രം കോഴിക്കോട് സാമൂതിരി രാജാവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സാമൂതിരി രാജാവിന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന തിനയിഞ്ചിരി ഇളയതിന്റെ സ്ഥലമായിരുന്നു മൊറയൂര്‍. മൊറയൂരിലെ പഴയ ജന്‍മികുടുംബമായ മോങ്ങണ്ടമ്പുലത്ത് കാരണവസ്ഥാനം വഹിക്കുന്ന ആളാണ് തിനയഞ്ചിരി ഇളയതായി അറിയപ്പെടുന്നത്. പ്രാചീന കാലം മുതല്‍ക്കെ മൊറയൂരിലെ ഒരു പ്രധാനപ്പെട്ട മുസ്ളീം കുടുംബമാണ് കോടിത്തൊടിക കുടുംബം. ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമങ്ങളിലെ പ്രബലന്‍മാരെയായിരുന്നു അംശം അധികാരിയായി നിശ്ചയിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷവും 1961-ലെ വില്ലേജ് പുനസംഘടന നടക്കുന്നത് വരെ മൊറയൂര്‍ അംശം അധികാരി സ്ഥാനം പ്രസ്തുത കുടുംബത്തിനായിരുന്നു. കോടിത്തൊടിക വലിയ അഹമ്മദുകുട്ടി ഹാജിയും മകന്‍ മുഹമ്മദുമാണ് ഈ പരമ്പരയിലെ അവസാനത്തെ കണ്ണികള്‍. ആദ്യത്തെ അധികാരി കോടിത്തൊടിക വലിയ അഹമ്മദുകുട്ടി ഹാജിയായിരുന്നു. ചരിത്രത്തിന്റെ ഈ ചംക്രമണത്തില്‍ വര്‍ത്തമാനകാലം വരെ നീണ്ട പതിറ്റാണ്ടുകള്‍ ഈ പഞ്ചായത്തിന്റെ പ്രഥമ പൌരത്വം അലങ്കരിക്കാന്‍ സന്ദര്‍ഭം ലഭിച്ചത് പ്രസ്തുത കുടുംബാംഗമായ കെ.അഹമ്മദ് എന്ന ബാപ്പുവിനാണ്. പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രധാനമായ പങ്കും നേതൃത്വവും നല്‍കിയത് കൊടിത്തൊടിക വീരാന്‍ ഹാജിയാണ്. പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ അദ്ദേഹത്തിന്റെ നാമധേയത്തിലാണ് സ്ഥാപിക്കപ്പെട്ടത്. മൊറയൂര്‍ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായി വര്‍ത്തിച്ചത്  മൊറയൂര്‍ വീരാന്‍ഹാജി മെമ്മോറിയല്‍ ഹൈസ്കൂളായിരുന്നു. 1942-ല്‍ യു.പി.സ്കൂളായും പിന്നീട് 1946-ല്‍ ഹൈസ്കൂളായും ഇത് ഉയര്‍ത്തപ്പെട്ടു. കൊടിത്തൊടിക വീരാന്‍ ഹാജി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം തന്റെ സ്വത്തിന്റെ വലിയൊരു ഭാഗം നാടിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുക്ഷേമ കാര്യങ്ങള്‍ക്കും വേണ്ടി ദാനം ചെയ്തു. പ്രസ്തുത സ്വത്ത് മൂലധനമാക്കിയാണ് വീരാന്‍ ഹാജി ധര്‍മ്മപരിപാലനസംഘത്തിന് തുടക്കം കുറിച്ചത്. മൊറയൂരില്‍ ഒരു സത്രമാരംഭിക്കുകയും സത്രത്തില്‍ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കും സൌജന്യമായി ഭക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് ധര്‍മ്മപരിപാലനസംഘം അതിന്റെ നാമം അന്വര്‍ത്ഥമാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിരവധി സംഭവ പരമ്പരകള്‍ക്ക് ഈ പഞ്ചായത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1921-ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ മൊറയൂരിലെ ചെമ്പാലം കുന്നില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളവുമായി നടന്ന ഏറ്റുമുട്ടല്‍ മൊറയൂരിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ സഞ്ചരിച്ചിരുന്ന ഇടിവണ്ടിയെ പ്രതിരോധിക്കാന്‍ വാലഞ്ചേരി എന്ന പ്രദേശത്ത് നടന്ന ഓവുപാലം പൊളി പ്രസിദ്ധമാണ്.

 സാംസ്ക്കാരിക ചരിത്രം

ഒഴുകൂര്‍ മേല്‍മുറി ജുമാഅത്ത്പള്ളി, ഒഴുകൂര്‍ കീഴ്മുറി ജുമാമസ്ജിദ്, മറ്റു അഞ്ച് നിസ്കാരപള്ളികള്‍, എടപ്പറമ്പ് ജുമാമസ്ജിദ്, മൊറയൂര്‍ കീഴ്മുറി ജുമാഅത്ത്പള്ളി, മൊറയൂര്‍ വലിയ പള്ളി, പലേക്കോട് പള്ളി, വാലഞ്ചേരി ജുമാഅത്ത് പള്ളി, മോങ്ങം മസ്ജിദുല്‍ അമാന്‍, അരിമ്പ്ര സ്കൂള്‍പടി പള്ളി, കളരി ജുമാഅത്ത് പള്ളി, കപ്രാട്ടു ജുമാഅത്ത് പള്ളി, പൂതനപ്പറമ്പ് പള്ളി, മനങ്ങറ്റ ജുമാഅത്ത്പള്ളി, കാരാതോടം നിസ്ക്കാരപള്ളി, ട്രാന്‍സ്ഫോര്‍മര്‍ നിസ്കാര പള്ളി എന്നിവ പഞ്ചായത്തിലെ പ്രധാന മുസ്ളീം ആരാധനാലയങ്ങളാണ്. മൊറയൂര്‍ മഹാശിവക്ഷേത്രം, പഴയങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രം അരിമ്പ്ര എന്നീ അമ്പലങ്ങളും ഹിന്ദു മതാരാധനകള്‍ക്കായുണ്ട്. മൊറയൂര്‍ പഞ്ചായത്തിലെ പല പ്രാദേശിക ആഘോഷങ്ങള്‍ക്കും ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ഒഴുകൂര്‍ ഒന്നാം വാര്‍ഡിലെ പാറമ്മല്‍ നേര്‍ച്ച, നടന്നു നേര്‍ച്ച എന്നിവ ഇന്നും മുടക്കം കൂടാതെ നടന്നു വരുന്നു. കൊടിക്കല്‍ നേര്‍ച്ച, നെരവത്ത് കൊടികുത്തല്‍ നേര്‍ച്ച, അരിമ്പ്ര പൂതനപ്പറമ്പ് പള്ളി ജാറം നേര്‍ച്ച എന്നിവയും പഴക്കം കൊണ്ട് പ്രസിദ്ധമാണ്. ഒഴുകൂര്‍ തേര്‍ പൂജ, വാലഞ്ചേരി ചേളിക്കോടന്‍ പൂരം, അരിമ്പ്ര മണ്ടവത്തിങ്ങല്‍ പൂരം, കളത്തിന്‍ പടിക്കല്‍ പൂരം, വളരാട്ട് പൂരം, കുമ്മട്ടീരി പൂരം, പള്ള്യാറക്കല്‍ പൂരം, മോങ്ങം ഒരപ്പുണ്ടിപ്പാറ പൂരം, പുലിക്കോട്ടുപൂരം, കേരളത്തിലെ തന്നെ സവിശേഷമായ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഭരണിക്കുന്ന് ഹരിജന്‍ കോളനി പൂരം എന്നിവയെല്ലാം ഈ പഞ്ചായത്തിലെ സാംസ്കാരികാഘോഷങ്ങള്‍ക്ക് നിറം പകരുന്നവയാണ്. മൊറയൂര്‍ പഞ്ചായത്തില്‍ മുഖ്യമായും മൂന്ന് ലൈബ്രറികളാണുള്ളത്. ഒഴുകൂര്‍ ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ആന്റ് വായനശാല, പഞ്ചായത്ത് ലൈബ്രറി, അരിമ്പ്ര ചേതന ഗ്രന്ഥാലയം എന്നിവയാണവ. വാലഞ്ചേരിയില്‍ ഒരു ഇസ്ളാമിക് ലൈബ്രറി ആന്റ് വായനശാലയും, അനശ്വര ക്ളബും പ്രവര്‍ത്തിക്കുന്നു. 1962-ല്‍ എം.എ.ഗംഗാധരന്‍ മൂസ്സത്, എം.പത്മനാഭന്‍ മാസ്റ്റ്റര്‍, പി.സി.എന്‍.നമ്പൂതിരി, ചിറ്റങ്ങാടന്‍ വീരാന്‍ സാഹിബ് എന്നീ മഹാന്‍മാര്‍ ഒത്തുചേര്‍ന്ന് മൊറയൂര്‍ അങ്ങാടിയില്‍ മൊറയൂര്‍ വായനശാല ആന്റ് ഗ്രന്ഥാലയം എന്ന പേരില്‍ ഒരു ഗ്രന്ഥാലയം ആരംഭിച്ചു. അരിമ്പ്ര അഹമ്മദ് എന്ന ബാപ്പു, സി.കുഞ്ഞാലന്‍കുട്ടി, അമ്പാശ്ശേരി കുഞ്ഞാപ്പു, കെ.ജി.കുട്ടന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1954-ല്‍ ഒരു ലൈബ്രറിയും വായനശാലയും കുമ്മാള്‍തൊടി പീടികയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. മൊറയൂര്‍ പഞ്ചായത്ത് പണ്ട് മുതല്‍ തന്നെ കലാരംഗത്ത് മികച്ചുനിന്ന ഒരു പ്രദേശമാണ്.  അറവനമുട്ട്, കോല്‍ക്കളി, ദഫ്മുട്ട്, ചീനിമുട്ട്, ഒപ്പന തുടങ്ങിയവയും അയ്യര്‍കളി, കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഓണത്തല്ല്, പുലിക്കളി, തുടികൊട്ട്, വില്‍പാട്ട്, ചവിട്ടുകളി, വട്ടക്കളി എന്നിവയും മറ്റുകലകളായ പടകളി, പകിടകളി, പരിച മുട്ട്, ആയോധന കലയായ കളരി എന്നിവയും ചിരപുരാതന കാലം മുതല്‍ക്ക് തന്നെ ഇവിടെ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. അറവന മുട്ടില്‍ പഞ്ചായത്തിനകത്തും പുറത്തും പ്രസിദ്ധനായിരുന്നു ഒഴുകൂരിലെ ചെമ്മാടന്‍ അഹമ്മദുകുട്ടി എന്ന കാക്ക. കൊണ്ടോട്ടി നേര്‍ച്ചയോടനുബന്ധിച്ച ഒരു കലയാണ് ചീനിമുട്ട്. പണ്ട് മൊറയൂര്‍ പഞ്ചായത്തില്‍ നിലനിന്നിരുന്നതും ഇപ്പോള്‍ വിസ്മൃതിയിലാണ്ട് പോവുകയും ചെയ്ത ഒരു കലയാണ് പടാളി. പടാളി പോലെ തന്നെ പ്രധാനപ്പെട്ട ഒരു ആയോധന കലയാണ് കളരി. കളരി പഠിച്ച ധാരാളം പേര്‍ പഞ്ചായത്തിലുണ്ട്. മര്‍ഹും കൊടിത്തൊടിക ഉണ്ണി മൊയ്തീന്‍ ഹാജി, കൊടിത്തൊടിക അഹമ്മദുകുട്ടി ഹാജി എന്നിവര്‍ പഞ്ചായത്തിലെ അറിയപ്പെടുന്ന കളരി അഭ്യാസികളായിരുന്നു. ഹരിജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു കലയാണ് ചവിട്ട്കളി. വട്ടക്കളി, പൂതന്‍കളി, തിറ, പറയന്‍, തുള്ളല്‍, മുടിയാട്ടം എന്നിവയും ഇവിടെ നിലനിന്നിരുന്ന കലാരൂപങ്ങളായിരുന്നു. ഹൈന്ദവര്‍ക്കിടയിലുണ്ടായിരുന്ന ഒരു ചടങ്ങായിരുന്നു കെട്ട്കല്ല്യാണം. പഞ്ചായത്തിലെ കര്‍ഷകര്‍ക്കിടയിലെ പ്രധാനപ്പെട്ട വിനോദങ്ങളായിരുന്നു കാളപൂട്ട്, ഊര്‍ച്ച, നായാട്ട്, മീന്‍പിടുത്തം, പകിട കളി എന്നിവ.പകിട കളിയിലെ വിദഗ്ദ്ധരായിരുന്നു മുല്ലത്തൊടി മമ്മദാജി, വടോളി അറമുഖന്‍, വളരാടന്‍ മുണ്ടന്‍ എന്നിവര്‍. സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം മത്സരിച്ചു നടത്തിയിരുന്ന രസകരമായ ഒരു കളിയായിരുന്നു കള്ളാടിക്കളി. അരിമ്പ്ര പാലത്തിങ്ങല്‍ ഊര്‍ച്ചക്കണ്ടം, മൊറയൂര്‍ കിണ്ണപ്പാടം, ഒഴുക്കൂര്‍ പാറക്കല്‍ കണ്ടം, മങ്ങാട്ട് കാളപൂട്ട് കണ്ടം എന്നിവ പ്രസിദ്ധങ്ങളായ കാളപൂട്ട് മത്സര കണ്ടങ്ങളായിരുന്നു.