ചരിത്രം

പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത 64 ഗ്രാമങ്ങളില്‍ ഒന്നായാണ് കടലൂര്‍ കേരളോല്‍പത്തിയില്‍ പരാമര്‍ശിക്കപ്പെടുന്നത്. ആയിരക്കണക്കിനു തലമുറകള്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചു മണ്‍മറഞ്ഞ  ഈ അനുഗ്രഹീത ഭൂപ്രദേശം കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിലൂടെ ഇന്ന് മൂടാടി പഞ്ചായത്തായി മാറിയിരിക്കുന്നു. മലബാറിലെ മറ്റു ഗ്രാമങ്ങളെ അപേക്ഷിച്ച് പഞ്ചായത്തിനുള്ള സവിശേഷവും ഉല്‍ക്കൃഷ്ടവുമായ പാരമ്പര്യം വിഭിന്ന ജാതിമത വിഭാഗങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന  സാഹോദര്യ മനോഭാവമാണ്. മതങ്ങള്‍ തമ്മിലുള്ള പരസ്പര വിനിമയത്തിനുദാഹരണമായി മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്ന മുസ്ളീം തറവാടുകളും ഈയടുത്തകാലം വരെ ഈ ഗ്രാമത്തിലുണ്ടായിരുന്നു. സാമൂതിരിരാജാവിന്റെ സാമന്തന്മാരായിരുന്ന ഈയ്യോളി മൂത്തരചന്‍, പടിഞ്ഞാറ്റിടത്ത് മാങ്കുട്ടിലോര്‍ തുടങ്ങിയ ശിക്ഷാശിക്ഷണാധികാരങ്ങളുള്ള തറവാട്ടുകളിലെ കാരണവന്മാരെ  ചുറ്റിപ്പറ്റിയാണ് ഈ ഐതിഹ്യങ്ങള്‍ പലതും. കുറുമ്പ്രനാട്ടിലെ ഐതിഹ്യങ്ങളിലെ വീരനായകനായ തച്ചോളി ഒതേനന്റെ കോഴിക്കോട്ടേക്കുള്ള യാത്ര വടക്കന്‍പാട്ടുകളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗ്രാമത്തില്‍ ഇന്നു നിലവിലുള്ള നെല്ല്യാട്ട് ഇടവഴിയിലൂടെയായിരുന്നു ആ യാത്ര.  ഒതേനന്റെ ദൃഷ്ടി തറവാട്ടിലെ സ്ത്രീ സൌന്ദര്യങ്ങളില്‍ പതിഞ്ഞതായി മനസ്സിലാക്കിയ കാരണവര്‍ ഒതേനന്‍ മടങ്ങി വരുമ്പോഴേക്കും സ്ഥലം തിരിച്ചറിയാതിരിക്കാന്‍ വേണ്ടി ഏതാനും മണിക്കൂറുകള്‍ കൊണ്ട് കെട്ടിയ ഉയരം കൂട്ടിയ മതില്‍ ഇന്നും അവിടെ കാണാം. കടവൂര്‍ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന് എട്ടു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. സവര്‍ണ്ണ  ജന്മിമാരുടെ അധീനതയിലായിരുന്നു ഗ്രാമം മുഴുവന്‍. കേരളഗാന്ധി കേളപ്പജിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമം. 1921-ല്‍ കേളപ്പജിക്ക് ചിങ്ങപുരം ഗ്രാമീണ വായനശാലയില്‍ നല്‍കിയ സ്വീകരണത്തോടെയാണ് ഇവിടുത്തെ പൂര്‍വ്വികന്‍മാര്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നത്. കേളപ്പജിക്ക് ഇരിക്കാന്‍ സ്റ്റൂള്‍ നല്‍കിയതിന്റെ പേരില്‍  കോഴിപ്പുറം ഗേള്‍സ് സ്ക്കൂളിന്റെ അംഗീകാരം ബ്രിട്ടീഷ് ഗവണ്‍മെന്റ് പിന്‍വലിച്ചതായി തിക്കോടിയന്‍ സൂചിപ്പിച്ചിട്ടുണ്ട്. കീഴരിയൂര്‍ ബോംബ് കേസ് പ്രതികളും സ്വാതന്ത്ര്യസമരസേനാനികളുമായി ചേമ്പന്റവിട നാരായണന്‍ നായര്‍ കേളപ്പജിയുടെ മകന്‍ കുഞ്ഞിരാമന്‍ കിടാവ്, മരോളിച്ചംകണ്ടി ഗോവിന്ദന്‍നായര്‍, വണ്ണാംകണ്ടി അച്ചുതന്‍ വൈദ്യര്‍ എന്നിവരുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു ചിങ്ങപുരം. കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് മുചുകുന്നില്‍ 1925-ല്‍ കേളപ്പജി ഹരിജനങ്ങള്‍ക്കു വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കുകയും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസപദ്ധതിക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു സ്ക്കൂളിലെ പഠനസംവിധാനം. ഈ സ്ക്കൂളില്‍ വെച്ച് മഹാകവി വള്ളത്തോള്‍ ഒരു ഹരിജന്‍ ബാലനെ ഹരിശ്രീ ചൊല്ലിച്ച് എഴുത്തിനിരുത്തുകയായിരുന്നു. സ്വാതന്ത്ര്യസമരനായകനായ ഗോപാലകൃഷ്ണഗോഖലെയുടെ സന്ദര്‍ശനത്തോടെ വിദ്യാലയത്തിന്റെ പേര് ഗോഖലെ സ്ക്കൂള്‍ എന്നും ഗ്രാമത്തിന്റെ പേര് ഗോപാലപുരം എന്നുമായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. കോഴിപ്പുറം ബോയ്സ് ഗേള്‍സ് സ്ക്കൂളുകള്‍, മുചുകുന്നിലുള്ള വിദ്യാലയങ്ങള്‍, ഗോഖലെ സ്ക്കൂള്‍, കോടിക്കല്‍ സ്ക്കൂള്‍, വീമംഗലം സ്ക്കൂള്‍ ഇവയെല്ലാം ഇക്കാലത്തുണ്ടായവയാണ്. ചിങ്ങപുരം വായനശാല പോലെയുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ദേശീയ പ്രസ്ഥാനത്തില്‍ സമുചിത പങ്ക് വഹിക്കാന്‍ പൂര്‍വ്വികരെ സന്നദ്ധരാക്കി. പഴയ ബ്രിട്ടീഷ് മലബാറിന്റെയും സ്വാതന്ത്ര്യാനന്തര മലബാര്‍ ഡിസ്ട്രിക്ടിന്റെയും ഭാഗമായിരുന്ന കുറുമ്പ്രനാട് താലൂക്കില്‍പെട്ട വന്‍മുഖം, മൂടാടി അംശങ്ങള്‍ ചേര്‍ന്ന്  1962-ല്‍ രൂപം കൊണ്ട ഒരു അവികസിത ഗ്രാമസമുച്ചയമാണ്  മൂടാടി പഞ്ചായത്ത്. ഈ പ്രദേശത്തിന്റെ  ആലംബം (മൂട്) ആഴിയിലേക്ക്  തള്ളിനില്‍ക്കുന്നതുകൊണ്ട് ലഭിച്ച മൂടാഴി എന്ന പേര് കാലാന്തരത്തില്‍  രൂപപരിണാമം പ്രാപിച്ച് മൂടാടി ആയതായിരിക്കാമെന്ന് സ്ഥലനാമ ഗവേഷര്‍ അഭിപ്രായപ്പെടുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും കപ്പലുകള്‍ക്കും വഴികാട്ടിയായി തലയുയര്‍ത്തി നില്‍ക്കുന്ന കടലൂര്‍ ലൈറ്റ്ഹൌസ് അത് സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ഉയരം കൂടിയ ദീപസ്തംഭങ്ങളില്‍ രണ്ടാമത്തേതായിരുന്നു.

വിദ്യാഭ്യാസ ചരിത്രം

ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ആദ്യരൂപം എഴുത്തുപള്ളികള്‍ ആയിരുന്നു. അതിന്റെ നേതൃത്വം എഴുത്തച്ഛന്റെ വംശപരമ്പരയില്‍പെട്ട ഗുരുക്കന്മാര്‍ക്കായിരുന്നു. അവിടെ മലയാളം മാത്രമല്ല സിദ്ധരൂപം, അമരം, കാവ്യനാടകം മുതലായ സംസ്കൃത ഭാഷാപരമായ കാര്യങ്ങളും പഠിപ്പിച്ചിരുന്നു. മുചുകുന്നില്‍ തുന്നാരി കുഞ്ഞുണ്ണി നായര്‍ 1860-ല്‍ സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമെന്ന് പറയപ്പെടുന്നു. കോഴിപ്പുറം ഭാഗത്ത് ആണ്‍കുട്ടികള്‍ക്കും ചിങ്ങപുരത്ത് പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വിദ്യാലയം നടത്തിയിരുന്നു. പിന്നീട് ഈ രണ്ടു സ്ക്കൂളുകളും സംയോജിപ്പിച്ച് കോഴിപ്പുറം യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ദിവംഗതനായ വി.കെ.കൃഷ്ണമേനോന്റെ ശ്രമഫലമായി  1966-ല്‍ ഈ വിദ്യാലയം  സി.കെ.ഗോവിന്ദന്‍ നായര്‍ സ്മാരക ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.

വ്യാവസായിക ചരിത്രം

പരമ്പരാഗത വ്യവസായത്തിന് വളക്കൂറുള്ള ഈ പഞ്ചായത്തില്‍ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ പ്രശസ്തമായ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ശ്രീശൈലം കേന്ദ്രമായി നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന പതിനഞ്ചാളം യൂണിറ്റുകളടങ്ങിയ ഒരു വ്യവസായ എസ്റേറ്റ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴില്‍ക്കുഴപ്പങ്ങളും മറ്റും കാരണം അവയെല്ലാം അയല്‍ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണുണ്ടായത്. കെല്‍ട്രോണ്‍ റ്റി.വി യൂണിറ്റ് മൂടാടിയില്‍ സ്ഥാപിച്ചതോടെ ഇതിന്റെ അനുബന്ധയൂണിറ്റുകള്‍  എന്ന നിലയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹിളകളുടെ അഞ്ചു യൂണിറ്റുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. കുടില്‍ വ്യവസായങ്ങളായ പായനെയ്ത്ത്, കുട്ട, മുറം, കയര്‍നിര്‍മ്മാണം, കളിമണ്‍ പാത്രനിര്‍മ്മാണം  എന്നിവയൊക്കെ പഞ്ചായത്തില്‍ ഏതാണ്ട് നിലച്ചമട്ടാണ്. നെയ്ത്തിന്റെ ഈറ്റില്ലമായിരുന്ന മൂടാടിയില്‍ ഇപ്പോള്‍ അതിന്റെ സ്ഥിതി പരിതാപകരമാണ്.

സാംസ്ക്കാരിക ചരിത്രം

ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പിന്നണിയില്‍ മുഖ്യപ്രേരകശക്തിയായി പ്രവര്‍ത്തിച്ചത് അക്കാലത്തെ അദ്ധ്യാപക പ്രസ്ഥാനമാണ്. ചിങ്ങപുരം അന്നത്തെ പ്രധാന സാംസ്കാരിക പ്രവര്‍ത്തന കേന്ദ്രമായിരുന്നു. അക്കാലത്ത് മലബാറിലെ തന്നെ ആദ്യത്തെ സ്ഥിരം നാടകവേദി ചിങ്ങപുരത്തായിരുന്നു. കൊട്ടക കെട്ടി ടിക്കറ്റ് വെച്ചായിരുന്നു നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. സ്യമന്തകം നാടകം ഇതില്‍ എടുത്തുപറയത്തക്കതാണ്. സാമൂതിരിപ്പാടിന്റെ കൃഷ്ണനാട്ടസംഘം ഈ പഞ്ചായത്തിലെ സാമൂതിരിപ്പാട് അധികാരങ്ങള്‍ നല്‍കിയ തറവാടുകളില്‍ കൃഷ്ണനാട്ടം അവതരിപ്പിച്ചിരുന്നു. സേവകളി എന്നാണ് ഇവിടെ പറഞ്ഞിരുന്നത്. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഹിന്ദി പ്രചാരണം, ഖാദി പ്രചാരണം, അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇവിടെ നടന്നിട്ടുണ്ട്. അതുപോലെ  വായനശാലാപ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. 1934-35 കാലങ്ങളിലാണ്  ഈ പഞ്ചായത്തില്‍ ആദ്യത്തെ വായനശാല സ്ഥാപിച്ചത്. ചിങ്ങപുരം ഗ്രാമീണ വായനശാല പ്രസിദ്ധ സാഹിത്യകാരന്‍ തിക്കോടിയന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കയ്യെടുത്താണ് സ്ഥാപിച്ചത്. അതിപ്രാചീനമായ  നിരവധി നാടന്‍ കലകള്‍  ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു, കൂളികെട്ട്, കുതിരക്കോലം, പൂരക്കളി, കോല്‍ക്കളി, തച്ചോളിക്കളി, അമ്പെയ്ത്ത്, സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന മുടിയാട്ടം എന്നീ കലാരൂപങ്ങള്‍ പ്രചാരത്തിലിരുന്നതായി കാണാം. മലയ സമുദായത്തില്‍പ്പെട്ടവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നടത്തിയിരുന്ന ബലിക്കള, എണ്ണ മന്ത്രം, തെയ്യാട്ട്, മാരന്‍പാട്ട് എന്നീ അനുഷ്ഠാന കലകളും പ്രചാരത്തിലുണ്ടായിരുന്നു. ഈ പഞ്ചായത്തില്‍ മുപ്പതോളം ഹിന്ദു-മുസ്ലീം ദേവാലയങ്ങളുണ്ട്. ഹിന്ദുക്ഷേത്രങ്ങള്‍ ഒരു കാലത്ത് പ്രധാന സാംസ്കാരികകേന്ദ്രങ്ങളായിരുന്നു. കേരളത്തില്‍ അറിയപ്പെടുന്ന പ്രൊഫഷണല്‍ നാടക ഗ്രൂപ്പായ സോമ കോഴിക്കോട് ഈ പഞ്ചായത്തിലാണ് പ്രവര്‍ത്തിക്കുന്നത്.