ചരിത്രം

പണ്ടു കാലങ്ങളില്‍ മൊകേരിയുടെ മിക്കവാറും പ്രദേശങ്ങള്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളായിരുന്നു. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളെ തമിഴില്‍ ‘ഏരി’ എന്ന് വിളിച്ചിരുന്നു. മീന്‍ പിടുത്തക്കാരായ മൊകയന്മാര്‍ ഈ ഏരി പ്രദേശത്ത് താമസിച്ചതാവാം മൊകേരി എന്ന പേരിന് നിദാനം. ഏരിയുടെ മുഖമായതിനാല്‍ മുഖയേരി എന്ന പദം ലോപിച്ച് മൊകേരി ആയി എന്നും മുഖ്യയേരി ലോപിച്ച് മൊകേരി ആയതാണെന്നുമുള്ള വാദഗതികള്‍ നിലവിലുണ്ട്. പൂനം നമ്പൂതിരി, ചെറുശ്ശേരി നമ്പൂതിരി എന്നീ കവിശ്രേഷ്ഠന്മാരുടെ ജന്മദേശം മൊകേരിയായിരുന്നു എന്ന് ബലമായി വിശ്വസിക്കുന്നവര്‍ ഇവിടെയുണ്ട്. ഇവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഹരിശ്രീ കുറിച്ചത് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. പക്ഷെ ഈ കാലഘട്ടത്തിന് മുന്‍പ് തന്നെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള വ്യക്തികള്‍ ഇവിടെ ജീവിച്ചിരുന്നു. 1845-ല്‍ തന്നെ സബ്ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍, ഇ.കെ.കൃഷ്ണന്‍, വള്ള്യായിലെ അരൂണ്ടാ തറവാട്ടിലെ അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ റാവു ബഹാദൂര്‍ ഇ.കെ.ഗോവിന്ദന്‍ പുതുക്കോട്ട നാട്ടുരാജ്യത്തിലെ ദിവാനായിരുന്നു. പ്രശസ്ത സാഹിത്യകാരനായിരുന്ന കെ.സുകുമാരന്‍.ബി.എ. ഈ തറവാട്ടിലെ അംഗമായിരുന്നു. സിങ്കപ്പൂര്‍ പ്രസിഡണ്ടായിരുന്ന സി.വി.ദേവന്‍ നായര്‍ കൂരാറ ഇല്ലത്തെ അംഗമാണ്. മഹാവൈദ്യന്മാരായിരുന്ന തെക്കന്‍ കുഞ്ഞിരാമന്‍ വൈദ്യര്‍, ചെവിടുവന്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍, തെക്കയില്‍ കൃഷ്ണന്‍ വൈദ്യര്‍, അരൂണ്ടയില്‍ കുഞ്ഞിക്കൂട്ടി വൈദ്യര്‍ തുടങ്ങിയ വൈദ്യന്മാര്‍ ഇവിടെ ജീവിച്ചിരുന്നു. ഇപ്പോഴത്തെ വള്ളങ്ങാടിന് മുമ്പ് വളഞ്ഞ കാട് എന്നായിരുന്നു പേര്. അക്കാലത്ത് കള്ളന്മാരുടെ കൊള്ളമുതലുകള്‍ സൂക്ഷിച്ചുവെച്ചിരുന്നത് മൊകേരിയുടെ പടിഞ്ഞാറു ഭാഗത്തുള്ള കൂരാറ (ഇരുട്ടറ)യിലായിരുന്നു. ഇതാണ് പിന്നീട് കൂരാറ എന്നായി അറിയപ്പെട്ടത് എന്ന് വിശ്വസിക്കുന്നു. മൊകേരിയുടെ പടിഞ്ഞാറുഭാഗത്തുള്ള പുഴയെ ചാടാലപ്പുഴ എന്ന് വിളിക്കുന്നു. പഴയകാലത്ത് അമ്പലച്ചാടാല എന്നായിരുന്നു അവിടം അറിയപ്പെട്ടിരുന്നത്. പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, പറമ്പുകളുടെ പേരുകള്‍ എന്നിവ ഇത് സാധൂകരിക്കുന്നു. കൂരാറയ്ക്ക് അടുത്തുള്ള കടേപ്രം എന്ന സ്ഥലനാമം കടവിനപ്പുറം എന്ന പദത്തില്‍ നിന്ന് ഉല്‍ഭവിച്ചതായി ഒരഭിപ്രായവും നിലവിലുണ്ട്. ഇതിനെ സാധൂകരിക്കുന്ന വിധം ഇന്നത്തെ മൊകേരി വയല്‍ നില്‍ക്കുന്ന സ്ഥലത്ത് കൂടി ഒരു പുഴ ഒഴുകിയിരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. നോക്കെത്താത്ത ദൂരം പരന്നു കിടന്നിരുന്ന മൊകേരി വയല്‍ ഈ പുഴ വറ്റി രൂപാന്തരം പ്രാപിച്ചതാണെന്ന് കരുതുന്നു. കുടകില്‍ നിന്ന് കച്ചവടസംഘങ്ങള്‍ കഴുതകളുടെയും കോവര്‍കഴുതകളുടെയും കുതിരകളുടെയും പുറത്ത് സാധനങ്ങള്‍ വില്പനക്കായി കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. പൂണൂലണിഞ്ഞ വൈശ്യജാതിക്കാരായ ഈ കൂട്ടര്‍ ദാവാരികള്‍ എന്നറിയപ്പെട്ടിരുന്നു. കൂത്ത്പറമ്പ് വിട്ടാല്‍ കോട്ടം ശിവക്ഷേത്രം, പൂക്കോട് എന്നിവിടങ്ങളില്‍ താവളമടിച്ചശേഷം കടേപ്രത്താണ് അവര്‍ താമസിച്ചിരുന്നത്. നെല്ല്, കാപ്പി, ഇഞ്ചി തുടങ്ങിയ ധാരാളം വസ്തുക്കള്‍ അവര്‍ കൊണ്ടുവന്നിരുന്നു. അവര്‍ വാണിജ്യമേഖലയെ നന്നായി സഹായിച്ചിരുന്നു. അവര്‍ക്ക് മത്സ്യം കിട്ടുന്ന സ്ഥലമായതിനാല്‍ ഈ സ്ഥലത്തെ കടപ്പുറം എന്ന് വിളിച്ചു വന്നു എന്നും പിന്നീട് ആ ശബ്ദം ലോപിച്ച് കടേപ്രം ആയി എന്നും അഭിപ്രായമുണ്ട്. വള്ള്യായിലെ ആറങ്ങാട്ട് എന്ന സ്ഥലത്തിന്റെ പുരാതന നാമം ആറാട്ട് നടന്ന സ്ഥലം എന്നാണത്രെ. ചുറ്റുപാടുള്ള പറമ്പുകളുടെ പേരുകള്‍ ഇതിന്റെ സാധുതയെ തെളിയിക്കുന്നു. കോട്ടയം രാജവംശകര്‍ പാനോളിത്തറവാട്ടിലേക്ക് വരാനുപയോഗിച്ചിരുന്ന പ്രധാന സഞ്ചാര പഥമായിരുന്നു ഇന്നത്തെ കൂത്തുപറമ്പ് പാനൂര്‍ റോഡ്. പ്രസ്തുത വഴിയില്‍ ഉണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളാണ് മുത്താറി പീടിക, മാക്കൂല്‍ പീടിക, തങ്ങള്‍ പീടിക എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ക്ക് കാരണമായതെന്ന് എന്ന് വിശ്വസിക്കുന്നു. ഭൂപരിഷ്കരണത്തിന് മുമ്പ് ഭൂമിയുടെ ജന്മവകാശം ഉയര്‍ന്ന ജാതിക്കാരിലും മുസ്ളീങ്ങളിലും നിക്ഷിപ്തമായിരുന്നു. പിന്നോക്ക ജാതികളില്‍ ചില തീയ്യരിലും ഏതാനും മറ്റ് ജാതിക്കാരിലും ജന്മിമാരുണ്ടായിരുന്നു. അക്കാലം സാമൂഹ്യ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ വളരെ പരിതാപകരമായിരുന്നു പിന്നോക്കക്കാരുടെ അവസ്ഥ. 70 വര്‍ഷങ്ങള്‍ക്കപ്പുറം ജാതിഭേദമെന്യേ പുരുഷന്മാര്‍ കാതില്‍ കടുക്കന്‍ അണിഞ്ഞിരുന്നു. തലയില്‍ കുടുമയും വെച്ചിരുന്നു. സ്ത്രീകള്‍ കാതില്‍ തക്കയോ, തോടയോ ധരിച്ചിരുന്നു. പുരുഷന്മാര്‍ സാധാരണയായി കച്ച തോര്‍ത്താണ് ധരിച്ചിരുന്നത്. സ്ത്രീകള്‍ ബ്ളൌസ് ധരിച്ചിരുന്നില്ല. മുണ്ടും മേല്‍മുണ്ടുമായിരുന്നു സ്ത്രീകളുടെ വേഷം. മാറുമറക്കാത്ത സ്ത്രീകളുണ്ടായിരുന്നു. മുമ്പ് വഴിയോരങ്ങളില്‍ തണ്ണീര്‍ പന്തല്‍, അത്താണികള്‍, നാല്ക്കാലികള്‍ക്ക് വെള്ളം കൊടുക്കുവാനുള്ള കരിങ്കല്‍ത്തൊട്ടികള്‍ എന്നിവ സ്ഥാപിച്ചിരുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ തനതായ വ്യക്തിത്വം സ്ഥാപിച്ച അതുല്യപ്രതിഭയായിരുന്നു കെ.എം.കൃഷ്ണന്‍ മാസ്റ്റര്‍. തൊഴിലാളി നേതാവ്, അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ് എന്നീ നിലകളിലും അദ്ദേഹം ജനങ്ങള്‍ക്ക് ആരാധ്യനായിരുന്നു. സാഹിത്യരംഗത്ത് ശ്രദ്ധേയനായി മണ്‍മറഞ്ഞുപോയ പ്രതിഭാസമ്പന്നനായിരുന്നു വി.പി.കുഞ്ഞബ്ദുള്ള മാസ്റ്റര്‍ (കെ.മൊകേരി) അദ്ദേഹം മൂന്ന് നോവലുകളുടെ കര്‍ത്താവുമായിരുന്നു.ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥമായി പ്രവൃത്തിച്ചിരുന്ന മഹാവൈദ്യന്മാരുടെ ഒരു നിര തന്നെ മൊകേരിയിലുണ്ടായിരുന്നു. സുശക്തമായ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റേയോ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയോ സ്വാധീനമോ സാന്നിദ്ധ്യമോ പഞ്ചായത്തില്‍ എടുത്തുപറയത്തക്കതായി ഉണ്ടായിരുന്നില്ല. പാട്യത്ത് ഭൂജാതനായ വാഗ്ഭടാനന്ദ ഗുരുദേവരുടെ ആത്മവിദ്യാസംഘത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ഇവിടെയുണ്ടായിരുന്നു. പരേതരായ ഐ.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഐ.വി.കരുണാകരന്‍ മാസ്റ്റര്‍, പി.സി.കുഞ്ഞിരാമന്‍, മുതുവന കുഞ്ഞിക്കണ്ണന്‍, എന്‍.കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. മൊകേരിയുടെ സാംസ്കാരിക ചരിത്രത്തില്‍ കെ.എം.കൃഷ്ണന്‍ മാസ്റ്ററുടെ സംഭാവനകള്‍ അനശ്വരമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മൊകേരിയില്‍ സജീവമായത്. മൊകേരിയിലെ ഗ്രന്ഥശാലകളുടെയും വായനാശാലകളുടെയും ആരംഭകാലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക രംഗത്തും, സാമൂഹിക രംഗത്തും അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മൊകേരിയിലെ പ്രധാനപ്പെട്ട ഒരു ആരാധനാകേന്ദ്രമാണ് വള്ളങ്ങാടിനടുത്തുള്ള ഗുരുസന്നിധി. തെയ്യക്കാവുകളും, ക്ഷേത്രങ്ങളും, അമ്പലങ്ങളും, പള്ളികളും, സ്രാമ്പികളും മൊകേരിയിലെ മറ്റ് ആരാധനാലയങ്ങളാണ്. 1950-കളില്‍ അറിയപ്പെടുന്ന നാടകസംഘങ്ങള്‍ കൂരാറയില്‍ ഉണ്ടായിരുന്നു. നാടകരംഗത്ത് ശ്രദ്ധേയരായ ചിലരില്‍ എന്‍.പി.ദാമോദരന്‍ മാസ്റ്റര്‍, ടി.പി.രാജന്‍, വി.പി.ബാലന്‍, ആച്ചിലാട്ട് സഹോദരന്മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. 1950-കളില്‍ മലബാറിലാകെ അറിയപ്പെട്ടിരുന്ന ആളായിരുന്നു കൂരാറ ഇല്ലത്തെ കുഞ്ഞപ്പ നായര്‍, നൃത്ത സംഗീത നാടകങ്ങളില്‍ നളന്റെ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. പൂരക്കളി, കോല്‍ക്കളി, കളരി എന്നീ കായിക കലകളുടെ പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. കൃഷ്ണ ഗുരുക്കള്‍, കൂതാന ആച്ചിയാട്ട് ചെക്കോട്ടി ഗുരുക്കള്‍, കെ.ടി.ഗോവിന്ദന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, കെ.ടി.അച്ചുതന്‍ എന്നിവര്‍ ഈ മേഖലയിലെ ശ്രദ്ധേയരാണ്. മൊകേരി-പാറേമ്മല്‍ പ്രവര്‍ത്തിച്ചുവരുന്ന പഞ്ചായത്ത് സാംസ്കാരിക കേന്ദ്രം 1993-ലാണ് സ്ഥാപിക്കപ്പെട്ടത്..