പഞ്ചായത്തിലൂടെ

മൊകേരി - 2010

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ളോക്കില്‍ വരുന്ന മൊകേരി പഞ്ചായത്ത് 1963-ലാണ് രൂപീകൃതമായത്. 10.53 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിലെ ആകെ ജനസംഖ്യ 18821 ആണ്. ഇതില്‍ 8739 പുരുഷന്‍മാരും 10087 സ്ത്രീകളും ഉള്‍പ്പെടുന്നു. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച നാടാണിത്. പാത്തിപ്പുഴയും, 10 പൊതുകിണറുകളുമാണിവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. കൂടാതെ 93 പൊതു കുടിവെള്ള ടാപ്പുകളും പഞ്ചായത്തിലുണ്ട്. 283 തെരുവുവിളക്കുകള്‍ പഞ്ചായത്തിന്റെ വീഥികളില്‍ സ്ഥാപിച്ചിരിക്കുന്നത് രാത്രികാലസഞ്ചാരം സുഗമമാക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ തെങ്ങ്, കവുങ്ങ്, കശുമാവ്, വാഴ, നെല്ല്, എന്നിവ മുഖ്യ കൃഷിയിനങ്ങളാണ്. ഗണപതികുന്നും, കൂരാറ കുന്നും പഞ്ചായത്തിലെ പ്രാധാന ആകര്‍ഷണങ്ങളാണ്. ഭൂമിയുടെ ചെരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്. മൊകേരി പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവ യഥാക്രമം കോഴിക്കോട് വിമാനത്താവളം, തലശ്ശേരി റെയില്‍വേസ്റ്റേഷന്‍, അഴീക്കല്‍ തുറമുഖം തുടങ്ങിയവയാണ്. പാനൂര്‍ ബസ്സ്റ്റ്റാന്റിലാണ് പ്രധാനമായും റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പൂക്കോട്-മേനപ്രം സംസ്ഥാനപാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പാത്തിപ്പാലം ഇവിടുത്തെ ഗതാഗതവികസനത്തിന്റെ മറ്റൊരു മുഖമാണെന്നു തന്നെ പറയാം. എടുത്തു പറയത്തക്ക വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ മൊകേരി പഞ്ചായത്തിലില്ലെങ്കിലും നിരവധി ചെറുകിട വ്യവസായങ്ങള്‍ ഇവിടെ സജീവമാണ്. ഫര്‍ണിച്ചര്‍ വര്‍ക്സ്, ഗാര്‍മെന്റ് വര്‍ക്സ്, വെല്‍ഡിംഗ് വര്‍ക്സ്, ഓയില്‍ മില്‍, ഈര്‍ച്ച മില്‍, മരവില്‍പ്പന തുടങ്ങി ധാരാളം ചെറുകിട വ്യവസായ യൂണിറ്റുകളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കൈത്തറി, പപ്പടം നിര്‍മ്മാണം, ബീഡി തെറുപ്പ്, കള്ള്ചെത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും ഇവിടെ ഇന്നും നിലനില്‍ക്കുന്നു. ഭാരത് പെട്രോളിയത്തിന്റെ ഒരു പെട്രോള്‍ ബങ്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8 റേഷന്‍ കടകളും ഒരു നീതിസ്റ്റോറുമാണിവിടുത്തെ പൊതുവിതരണ സംവിധാനങ്ങള്‍. പാത്തിപ്പാലം, മുത്താറി പീടിക, മാക്കൂല്‍ പീടിക എന്നീ സ്ഥലങ്ങള്‍ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. ഹിന്ദു-മുസ്ളീം മതവിഭാഗങ്ങളാണ് പഞ്ചായത്തില്‍ വസിക്കുന്നത്. ഈ മതവിഭാഗങ്ങളുടെ 8 ആരാധനാലയങ്ങള്‍ ഇവിടെ പലയിടങ്ങളിലായി മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നുണ്ട്. ക്ഷേത്രോത്സവങ്ങളിലും, ആണ്ടു നേര്‍ച്ചകളിലും മറ്റ് ആഘോഷങ്ങളിലും എല്ലാ പഞ്ചായത്തു നിവാസികളും പങ്കു ചേരുന്നു. ഇത്തരം ആഘോഷങ്ങള്‍ പഞ്ചായത്തു നിവാസികള്‍ക്ക് സാംസ്കാരിക ഒത്തുചേരലിനുള്ള വേദിയാണ്. നിരവധി പ്രശസ്ത വ്യക്തികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് മൊകേരി. ആയോധന കലയിലെ അഗ്രഗണ്യന്‍ തായത്തറോത്ത് കോമനധികാരി, സാമൂഹിക-രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായ കെ.എം.കൃഷ്ണന്‍ മാസ്റ്റര്‍, സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി.പി.കുഞ്ഞബ്ദുള്ള മാസ്റ്റര്‍, നാടകകൃത്തും, ചെറുകഥാകൃത്തുമായ ടി.എച്ച്.ബാലന്‍ മൊകേരി എന്നിവര്‍ പഞ്ചായത്തിന്റെ യശസ്സുയര്‍ത്തിയ പ്രമുഖരാണ്. പത്രാധിപര്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ഐ.വി.ദാസ്, ചിത്രകലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി.എം.സദാനന്ദന്‍, സംവിധായകനും, സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറുമായ രാമചന്ദ്രന്‍ മൊകേരി, മെറിറ്റോറിയസ് സര്‍വ്വീസിന് ദേശീയ പുരസ്കാരം നേടിയ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഉദ്യാഗസ്ഥനായ കുമ്പളപ്രോന്‍ നാണു തുടങ്ങിയവരും മൊകേരിയുടെ സന്തതികളാണ്. നാടിന്റെ കലാ-കായിക ഉന്നമനത്തിന് പ്രോത്സാഹനമായി നിലകൊള്ളുന്ന നിരവധി സ്ഥാപനങ്ങളും ഇവിടുണ്ട്. കോസ്മോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, ചെന്താര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, പഞ്ചായത്ത് സാംസ്കാരിക നിലയം എന്നിവ അവയില്‍ ചിലതുമാത്രം. സ്വാതന്ത്ര്യ സ്മാരക വായനശാല, നവോദയ വായനശാല, ദേശീയ വായനശാല തുടങ്ങി പതിനഞ്ചാളം വായനശാലകളും, ഗ്രന്ഥശാലകളും പഞ്ചായത്തു നിവാസികളുടെ സാംസ്കാരിക പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. മൊകേരിയിലെ അലോപ്പതി ചികിത്സ നല്‍കുന്ന പി.എച്ച്.സി, ഹോമിയോ ഡിസ്പെന്‍സറി, മാക്കൂര്‍ പീടികയിലെ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ ആരോഗ്യമേഖല. കൂടാതെ പ്രവര്‍ത്തന സജ്ജമായിട്ടിരിക്കുന്ന ഒരു ആയുര്‍വ്വദിക് ഡിസ്പെന്‍സറിയും പഞ്ചായത്തിലുണ്ട്. മൃഗസംരക്ഷണത്തിനായി ഒരു വെറ്റിനറി ആശുപത്രി ഇവിടെ പ്രവര്‍ത്തിക്കുന്നു. പാത്തിപ്പാലം, കൂരാറ എന്നീ സ്ഥലങ്ങളിലാണ് ഇതിന്റെ ഉപകേന്ദ്രങ്ങളുള്ളത്. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സഹാറ പബ്ളിക് സ്കൂളും ശ്രീ നാരായണ ഇംഗ്ളീഷ് മീഡിയം യു.പി.സ്കൂളുമാണിവിടുത്തെ സ്വകാര്യമേഖലയിലെ വിദ്യാലയങ്ങള്‍. ഈസ്റ്റ് വള്ള്യായി യു.പി.എസ്, ദേവീ വിലാസം എല്‍.പി.എസ്, രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്. തുടങ്ങി 13 സ്ക്കൂളുകളും ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തുന്നു. വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നുണ്ട്. മൊകേരിയിലും, വള്ള്യായിയിലുമായി ഓരോ വൃദ്ധസദനവും വൃദ്ധ വിശ്രമകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കും, മൊകേരി സര്‍വ്വീസ് സഹകരണബാങ്കും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വള്ളങ്ങാട് ഒരു കല്യാണ മണ്ഡപവും, പഞ്ചായത്ത് വക ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്. പാത്തിപ്പാലത്താണ് വില്ലേജ് ഓഫീസും, കൃഷിഭവനും സ്ഥിതിചെയ്യുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസ് വള്ള്യായിയിലാണ് സ്ഥിതിചെയ്യുന്നത്. തപാല്‍ ഓഫീസുകള്‍ കൂരാറ, മൊകേരി എന്നീ സ്ഥലങ്ങളിലാണുള്ളത്. പഞ്ചായത്തു നിവാസികള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുന്നതിനായി പാത്തിപ്പാലത്ത് അക്ഷയകേന്ദ്രത്തിന്റെ ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.