മൊകേരി

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പ് ബ്ളോക്കില്‍ മൊകേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൊകേരി ഗ്രാമപഞ്ചായത്ത്. 10.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പാത്തിപ്പുഴ, പാട്യം പഞ്ചായത്ത്, കിഴക്ക് കുന്നാത്ത് പറമ്പ് പഞ്ചായത്ത്, തെക്ക് പുഞ്ചത്തോട്, പാനൂര്‍, പന്ന്യന്നൂര്‍ പഞ്ചായത്ത്, പടിഞ്ഞാറ് ചാടാലപ്പുഴ, കതിരൂര്‍ പഞ്ചായത്ത് എന്നിവയാണ്. 1962ലാണ് മൊകേരി പഞ്ചായത്ത് രൂപീകരിച്ചത്. അന്ന് മൊകേരി, പന്ന്യന്നൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നാത്ത്പറമ്പ്, പാനൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പാനൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി.ആര്‍.കുറുപ്പായിരുന്നു. മൊകേരിയുടെ ചരിത്രം പാനൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. മൊകേരിയുടെ കിഴക്ക് വള്ള്യായി വന്‍കാടുകളായിരുന്നു. മൊകേരി പഞ്ചായത്ത് വള്ള്യായിക്കുന്ന്, കൂരാറക്കുന്ന്, കല്ല് വെച്ചപറമ്പ് എന്നിങ്ങനെ ഉയരം കൂടിയതും കുറഞ്ഞതുമായ മൂന്ന് കുന്നുകളും അവയ്ക്കിടയിലുള്ള സമതലങ്ങളും തോടുകളും വയലുകളും ചേര്‍ന്നതാണ്. പഞ്ചായത്തിന്റെ വടക്കുകിഴക്കെ അതിര്‍ത്തി മുതല്‍ പടിഞ്ഞാറെ അതിര്‍ത്തിയിലൂടെ ഏകദേശം പത്തു കിലോമീറ്റര്‍ നീളത്തില്‍ പാത്തിപ്പാലം പുഴ ഒഴുകുന്നു. കോലത്ത് നാടിന്റെ ഭാഗമായിരുന്ന കോട്ടയം രാജവംശത്തിലെ ഇരുവഴി നാട്ടില്‍പ്പെട്ട പാനൂര്‍ അംശത്തിലെ കടേപ്രം ദേശവും വള്ള്യായി ദേശവും ചേര്‍ന്നതാണ് ഇന്നത്തെ മൊകേരി. പ്രാരംഭഘട്ടത്തില്‍ സേവനതല്‍പ്പരരും ഋഷിതുല്യരുമായ ഗുരുക്കന്മാരുടെ മഹനീയ പ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അവര്‍ സ്ഥാപിച്ച കുടിപള്ളികൂടങ്ങളും, ഏകാദ്ധ്യാപക വിദ്യാലയങ്ങളുമാണ് പിന്നീട് പ്രൈമറി സ്കൂളുകളും അപ്പര്‍ പ്രൈമറി സ്കൂളുകളുമായി മാറിയത്. സാമൂഹ്യപരിഷ്ക്കരണത്തില്‍ മഹാപ്രതിഭയായിരുന്ന വാഗ്ഭടാനന്ദന്റെ സ്വാധീനം സാരമായ ചലനങ്ങള്‍ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള സിംഹമെന്ന ചരിത്രാഖ്യായികയില്‍ ഈ സ്ഥലവും പരിസരങ്ങളും പ്രതിപാദിച്ചു കാണുന്നു. കായംകുളം കൊച്ചുണ്ണിയെപ്പോലെ വിശാല മനസ്കരായ രണ്ടുപേര്‍ സമ്പന്നരില്‍ നിന്നും പണം കവര്‍ന്നടുത്ത് അതില്‍ ഏറിയ പങ്കും സാധുക്കള്‍ക്ക് വിതരണം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.