ചരിത്രം

വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും സംഗമഭൂമിയെന്ന് കേളി കേട്ട കാസര്‍ഗോഡ് ജില്ലയുടെ കൊച്ചു പ്രതീകമാണ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്. വേദാന്തങ്ങളുടെയും ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും സമന്വയവേദി ആയതിനാല്‍ ഈ ഗ്രാമത്തിന്റെ പേരു തന്നെെ ആ അര്‍ത്ഥം വരുന്ന കൂഡുലു (കൂടല്‍) എന്നാണ്. കാസര്‍ഗോഡ് നഗരസഭയുടെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് അതുകൊണ്ട് തന്നെ ശ്രദ്ധേയവുമാണ്. മലയാളമാണ് ഭൂരിഭാഗത്തിന്റെയും മാതൃഭാഷ. തുളു, കന്നട തുടങ്ങി കൊങ്കിണി വരെ സംസാരിക്കുന്നവരും ഇവിടെയുണ്ട്. തുളു, അറബി, കന്നട ഭാഷകള്‍ ചേര്‍ന്നതാണിവിടുത്തെ മലയാളം. പണ്ട് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലുള്ള പുത്തൂര്‍ ഡിവിഷനില്‍പെട്ടിരുന്ന ഈ പഞ്ചായത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്കിരുവശവും ആല്‍ മരങ്ങള്‍ (ഗോളി) തണല്‍ വിരിച്ച്, ശാഖകള്‍ ആകാശത്തേയ്ക്കുയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകി നിരനിരയായി നിന്നിരുന്നു. ഈ പഞ്ചായത്തിലൂടെ റെയില്‍പാളം കടന്നു പോകുന്നുണ്ട്. കേരവൃക്ഷങ്ങളാല്‍ സമൃദ്ധമായ ഇവിടെ അറബിക്കടലിന്റെ സംഗീതം ഏതു നേരവും പ്രകൃതിയെ തഴുകുന്നു. പുത്തൂര്‍ എന്നു മാത്രമായിരുന്നു ആദ്യം ഈ പഞ്ചായത്തിന്റെ നാമം. ദക്ഷിണ കന്നടയിലെ പുത്തൂരിലേയ്ക്ക് (കിഴക്കന്‍ പുത്തൂര്‍) തപാല്‍ ഉരുപ്പടികള്‍ പണ്ട് മേല്‍വിലാസം തെറ്റി പോവുക പതിവായപ്പോള്‍ പ്രശ്നപരിഹാരത്തിനായി അയല്‍ഗ്രാമമായ മൊഗ്രാല്‍ കൂടി മുമ്പില്‍ ചേര്‍ത്ത് ഈ പ്രദേശത്തെ സ്ഥലനാമം മൊഗ്രാല്‍ പുത്തൂരാക്കുകയായിരുന്നു. മൊഗേര്‍ എന്ന ജനവിഭാഗം താമസിച്ചിരുന്നതിനാലാണ് അയല്‍ഗ്രാമത്തിന് മൊഗ്രാല്‍ എന്ന് പേരു ലഭിച്ചത്. ഹിന്ദുക്കളും മുസ്ളീങ്ങളും ഭൂരിപക്ഷമുള്ള ഇവിടെ കന്നടയില്‍ നിന്നു കുടിയേറിപ്പാര്‍ത്ത കൊങ്കിണി ക്രിസ്ത്യാനി കുടുംബങ്ങളും ജീവിക്കുന്നുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ) കുളങ്കരയില്‍ സ്ഥിതി ചെയ്യുക വഴി ഏരിയാല്‍ മുതല്‍ ചൌക്കി വരെയുള്ള നല്ലൊരു ഭാഗം, തെങ്ങ് കൃഷി കൊണ്ട് മാത്രം സമൃദ്ധമായി. നാട്ടുകാരുടെ കൈവശമുണ്ടായിരുന്ന ഭൂമി പണ്ട് കേന്ദ്ര ഗവണ്‍മെന്റ് വിലയ്ക്ക് വാങ്ങിയതാണ്. കേരള ഇലക്ട്രിക്കല്‍ അലൈഡ് ലിമിറ്റഡില്‍ (കെല്‍) ജോലി ചെയ്യുന്നവരായി ധാരാളം തെക്കന്‍ ജില്ലക്കാര്‍ ഇവിടെയുള്ളതിനാല്‍ അവരുടെ സാംസ്ക്കാരികത്തനിമയും ഇവിടെ പ്രത്യക്ഷമാകുന്നു. കാവുഗോളി ചൌക്കിയാണ് പഞ്ചായത്തിന്റെ ഹൃദയഭാഗം. ചൌക്കി എന്ന ഹിന്ദി വാക്കിനര്‍ത്ഥം പോലീസ് കാവല്‍ താവളം (പോലീസ് പോസ്റ്റ്) എന്നാണ്. കാവും, ഗോളിയും കൂടി ചേര്‍ന്ന് കാവുഗോളിയുണ്ടായി. വൈവിധ്യവും അര്‍ത്ഥപൂര്‍ണ്ണവുമാണ് മറ്റു സ്ഥലനാമങ്ങളായ ഏരിയാല്‍, നീര്‍ച്ചാല്‍, മജല്‍, ഹര്‍ജാല്‍, ചേരങ്കൈ, കല്ലങ്കൈ, മൊഗ്രാല്‍ പുത്തൂര്‍, ബെള്ളൂര്‍, കമ്പാര്‍, കടവത്ത്, കുളങ്കര, പൂക്കര, ബ്ളാര്‍ക്കോട്, രക്തേശ്വരിക്കുന്ന്, പഞ്ചത്തക്കുന്ന്, കോട്ടക്കുന്ന്, പന്നിക്കുന്ന്, ഭഗവതി നഗര്‍, ആസാദ് നഗര്‍, ദേശമംഗലം, പെര്‍ണടുക്ക, പെപരിയടുക്ക, ബദ്രടുക്ക എന്നിവ. ദ്വൈത സിദ്ധാന്ത സ്ഥാപകനായ മാധവാചാര്യര്‍ അദ്വൈതികളെ നേരിട്ട് വാദത്തില്‍ പരാജയപ്പെടുത്തിയ ചരിത്ര പ്രസിദ്ധമായ കാവുമഠം ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. എട്ടു നൂറ്റാണ്ടു കാലത്തെ അത്ഭുത ചരിത്രം ഈ മണ്ണിനുണ്ടെന്ന് വ്യക്തമാണ്. ഉടുപ്പിയിലെ അഷ്ടമഠാധിപതികള്‍ പര്യയത്തിന് തൊട്ടു മുമ്പ് ഇവിടെയെത്തി ദര്‍ശനം നടത്തുന്ന പതിവ് ഇന്നും തുടരുകയാണ്. കാവു പട്ടേരിമാര്‍ മഹാപണ്ഡിതന്മാരായിരുന്നു. മായിപ്പാടി രാജവംശത്തിന്റെ കീഴില്‍ ഈ പഞ്ചായത്തിലെ കോട്ടക്കുന്ന്, കുളങ്കര എന്നീ പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി ഉണ്ടായിരുന്നു. തമ്പുരാന്‍ വളപ്പ് എന്നായിരുന്നു ഈ സ്ഥലങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന്റെ ചരിത്രത്തിന് പശ്ചാത്തലമൊരുക്കിയ മറ്റൊരു വിഭാഗമാണ് കാവുഗോളിയിലെ വാഴുന്നവരുടെ തറവാട്. കാസര്‍ഗോഡ് ബ്ളോക്കിന്റെ ഒന്‍പതു പഞ്ചായത്തുകളില്‍ ഏറ്റവും ചെറിയ പഞ്ചായത്തായ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 14.24 ചതുരശ്ര കിലോ മീറ്റര്‍ ആണ്. 1999-ലെ ബി.പി.എല്‍ സെന്‍സസ് പ്രകാരം പഞ്ചായത്തിലെ 30 ശതമാനം കുടുംബങ്ങള്‍ ദാരിദ്യ്ര രേഖക്ക് താഴെയാണ്. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 1411 എന്നതാണ്. പഞ്ചായത്തിലെ  സമതല പ്രദേശങ്ങളായ എരിയാല്‍ മജല്‍, കോട്ടവളപ്പ് അര്‍ജാല്‍ ബള്ളിര്‍, കുളങ്കര, കെ.കെ.പുറം, മൊഗര്‍, ആസാദ് നഗര്‍ പെരിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ പഴയ വീടുകള്‍ എല്ലാം ഓട് മേഞ്ഞതായിരുന്നു. വില്ലേജ് ഓഫീസ് രേഖകള്‍ പ്രകാരം മൊഗ്രാല്‍ പഞ്ചായത്തില്‍ ആകെ 3517.13 ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. ഇതില്‍ 838.66 ഏക്കര്‍ നിലവും 685.72 ഏക്കര്‍ പുരയിടവും 389.78 ഏക്കര്‍ പുറമ്പോക്കും 1603.15 ഏക്കര്‍ തരിശ് നിലവുമാണ്. ഇതില്‍ 2091.23 ഏക്കര്‍ പുത്തൂര്‍ വില്ലേജിലും 1426.08 ഏക്കര്‍ കുഡ്ലു-ഷിരിബാഗിലു വില്ലേജിലും സ്ഥിതിചെയ്യുന്നു. പ്രധാന കാര്‍ഷിക വിളകളായ തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറികള്‍ എന്നിവ സമൃദ്ധമായി കൃഷി ചെയ്തിരുന്നു. മത്സ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70-ല്‍പ്പരം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൃഷിയും അനുബന്ധ മേഖലയുമായിരുന്നു. അന്നത്തെ പ്രധാന കാര്‍ഷിക വിളകള്‍ തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറികള്‍ എന്നിവയാണ്. മൊഗ്രാല്‍ പയര്‍, മൊഗ്രാല്‍ ബച്ചംങ്കായ്-തണ്ണിമത്തന്‍ എന്നീ പച്ചക്കറികള്‍ക്ക് പേരുകേട്ട പഞ്ചായത്തിലെ നിരവധി കര്‍ഷകര്‍ പാട്ടഭൂമിയിലും സ്വന്തം കൃഷിയിടത്തിലും കൃഷിവഴി മികച്ച വരുമാനമുണ്ടാക്കുന്നു. പഞ്ചായത്തിലുള്ള വളരെ പ്രധാനപ്പെട്ട  പൊതുമേഖലാ സ്ഥാപനമാണ് കെല്‍ ഫാക്ടറി. ഭക്ഷ്യ-ഔഷധ-വിളകള്‍ ഉത്പാദിപ്പിക്കുന്നതിനു പുറമെ വ്യാവസായികാവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കളും പ്രധാനമായും കൃഷിയില്‍ നിന്നു തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.