മേത്തല

തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കൊടുങ്ങല്ലൂര്‍ ബ്ളോക്കില്‍ മേത്തല വില്ലേജ് ഉള്‍പ്പെടുന്ന പഞ്ചായത്താണ് മേത്തല ഗ്രാമപഞ്ചായത്ത്. വിസ്തീര്‍ണ്ണം 11.66 ച.കി.മീ വരുന്ന പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി, ഏറിയാട് പഞ്ചായത്ത്, തെക്ക് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, വടക്കേക്കര പഞ്ചായത്തുകള്‍, കിഴക്ക് പൊയ്യ പഞ്ചായത്ത്, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി, പടിഞ്ഞാറ് ഏറിയാട് പഞ്ചായത്ത് എന്നിവയാണ്. മേത്തല പഞ്ചായത്ത് ഉത്തരവു പ്രകാരം കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഭാഗമാകുകയാണ്. 1962ലാണ് മേത്തല പഞ്ചായത്ത് നിലവില്‍ വന്നത്. അതിനുമുമ്പ് കൊടുങ്ങല്ലൂര്‍ പഞ്ചായത്തിലായിരുന്നു ഈ പ്രദേശം വി. വി. കൃഷ്ണന്‍ മാസ്റ്ററായിരുന്നു പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. കക്ഷിരഹിത പഞ്ചായത്തെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ 1963 ലാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കെ.എം.നാരായണന്‍ വൈദ്യരായിരുന്നു പ്രസിഡന്റ്. 16 വര്‍ഷക്കാലം ഈ ഭരണസമിതി അധികാരത്തിലിരുന്നു. 1930 കളില്‍ കൊടുങ്ങല്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു കര്‍ഷകപ്രക്ഷോഭം. 1930 കളിലെ സാമ്പത്തിക മാന്ദ്യം മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തീരെ വിലയില്ലാത്ത ഇടത്തരം കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് കെ.എം.ഇബ്രാഹം സാഹിബ്, കെ.എം.കുഞ്ഞുമൊയ്തീന്‍ സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ചു. ജാതി സമ്പ്രദായത്തിനെതിരെ 1930 കളിലും 40 കളിലും ശക്തമായ സമരങ്ങള്‍ നടന്നിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്റെ ജാതിവിരുദ്ധ ആശയങ്ങള്‍ അവര്‍ണ്ണ സമുദായങ്ങളിലെ യുവാക്കളെ ആവേശഭരിതരാക്കി. അവര്‍ണ്ണക്ക് നടക്കുവാന്‍ അനുവാദം ഇല്ലാതിരുന്ന റോഡുകളില്‍ കൂടി ജാതിപ്പിശാചിന്റെ കോലം കെട്ടിയുണ്ടാക്കി ഘോഷയാത്ര പോവുകയും അവസാനം ജാതിപ്പിശാചിനെ തീ കൊളുത്തി നശിപ്പിക്കുകയും ചെയ്യുകയെന്നത് 1920 കളുടെ അവസാനഘട്ടത്തില്‍ ഒരു പരിപാടിയായിരുന്നു. കൊടുങ്ങല്ലൂര്‍ ഹൈസ്കൂളില്‍ സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ കിണറ്റില്‍ നിന്ന് വെള്ളം കോരുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അവര്‍ണ്ണ അധ്യാപകരോടും വിവേചനം കാണിച്ചിരുന്നു. ഇതിനെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ മാറ്റങ്ങള്‍ക്ക് ഇടയായി. ഭരണസംവിധാനവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന പ്രദേശങ്ങളെ ഒരര്‍ത്ഥത്തില്‍ നഗരങ്ങള്‍ എന്ന് വിളിക്കാം. നിരവധി കീഴ്മറിച്ചിലുകള്‍ക്ക് ശേഷം കൊടുങ്ങല്ലൂരിനും മേത്തലക്കും ഒരു ആധുനിക നഗരത്തിന്റെ ഹൃദയം നല്‍കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും മൂന്ന് മൂന്നര മീറ്റര്‍ ഉയരമുള്ള സമതലപ്രദേശമായ മേത്തല പഞ്ചായത്ത് 11.66 ച.കി.മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. മതഐക്യത്തിന്റെ പ്രതീകങ്ങളായ ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, വിദ്വല്‍സദസ്സുകള്‍, സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിന് നേതൃത്വം നല്‍കിയിരുന്ന അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എല്ലാം സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം കൊടുങ്ങല്ലൂരിലും മേത്തലയിലും സംരക്ഷിച്ച് പരിപാലിച്ചു പോന്നിരുന്നു.