ചരിത്രം

പ്രാദേശിക ഭരണ ചരിത്രം

ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. ബ്രിട്ടീഷുകാര്‍ ഈ താലൂക്ക് രൂപീകരിക്കുന്നതിനു മുമ്പ്, കുറുമ്പ്രനാട് രാജവംശത്തിന്റെ അധീനതയിലായിരുന്നു മേപ്പയ്യൂര്‍ പ്രദേശം. കോട്ടൂര്‍, തൃക്കുറ്റിശ്ശേരി, നടുവണ്ണൂര്‍, കാവുന്തറ, ഇയ്യാട്, പനങ്ങാട്, നെടിയനാട്, കിഴക്കോട്, മടവൂര്‍ എന്നീ അംശങ്ങള്‍ ചേര്‍ന്നതായിരുന്നു കുറുമ്പ്രനാട് രാജവംശത്തിന്റെ അധികാരപരിധി. ബാലുശ്ശേരിക്കടുത്തുള്ള കിഴക്കേടത്ത് കോവിലകത്തെ തമ്പുരാനായിരുന്നു കുറുമ്പ്രനാട് രാജവംശത്തിലെ ഭരണാധികാരി. കുറുമ്പ്രനാടിന്റെ ഏതാനും ഭാഗങ്ങളും താമരശ്ശേരി നാട്ടില്‍ പെട്ട ചില അംശങ്ങളും കൂടാതെ പയ്യനാടും കടത്തനാടും പയ്യോര്‍മലയും മുഴുവനായും ചേര്‍ത്താണ് ബ്രിട്ടീഷുകാര്‍ കുറുമ്പ്രനാട് താലൂക്ക് രൂപീകരിക്കുന്നത്. പയ്യോര്‍ മലയില്‍പെട്ട അംശങ്ങളാണ് പാലേരി, ചെറുവണ്ണൂര്‍, മേപ്പയൂര്‍, പേരാമ്പ്ര, കായണ്ണ, കാരയാട്, ഇരിങ്ങത്ത് എന്നിവ. പാലേരിയിലെ അവിഞ്ഞാട്ട് കൂത്താളി നായന്മാരുടെ അഥവാ പയ്യോര്‍ നായന്മാരുടെ കീഴിലായിരുന്നു പയ്യോര്‍ മലനാട്. അവിടുത്തെ ഭരണാധികാരിക്ക് പയ്യോര്‍ മല കോതേരാമന്‍ എന്ന ബിരുദമുണ്ടായിരുന്നു. ഇവര്‍ സ്വതന്ത്രരായ നാടുവാഴികളായിരുന്നു. കുറുമ്പ്രനാട് രാജവംശത്തോടും സാമൂതിരിയോടുമുള്ള അവരുടെ ആശ്രിതത്വം നാമമാത്രമായിരുന്നു. ഈ പയ്യോര്‍മലയുടെ ഒരു പ്രധാന ഭാഗമായിരുന്നു പയ്യൂരെന്നും അതില്‍ നിന്നും ഉണ്ടായതാണ് മേപ്പയ്യൂരെന്നും കരുതുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രം വെങ്കപ്പാറപൊയില്‍ എന്ന മേപ്പയൂര്‍ ടൌണ്‍ ആണ്. കായലാട്, മേപ്പയൂര്‍ ദേശങ്ങളിലാണ് ടൌണ്‍ സ്ഥിതിചെയ്യുന്നത്. ബകന്‍പാറ എന്നത് പരിണമിച്ച് വെങ്കപ്പാറയായി എന്നാണ് ഈ മിത്തുമായി ബന്ധപ്പെട്ട വാദം. എന്നാല്‍ വെങ്കല്ല് (വെളുത്തകല്ല്) സുലഭമായതിനാല്‍ വെങ്കല്‍പാറ എന്ന പ്രയോഗം വെങ്കപ്പാറയായി എന്ന വാദമാണ് യുക്തിസഹമായി പരിഗണിക്കപ്പെടുന്നത്.

സമരചരിത്രം

കാര്‍ഷികജന്യമായ സംസ്കൃതിയാണ് ഈ ഗ്രാമത്തിന്റേത്. കാര്‍ഷിക ബന്ധത്തിലധിഷ്ഠിതമായ സാമൂഹ്യക്രമമായിരുന്നു നിലനിന്നത്. ഭൂവുടമസ്ഥരല്ലാത്ത കര്‍ഷക കൂട്ടങ്ങളായിരുന്ന സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിച്ചത് വിരലിലൊതുങ്ങുന്ന വന്‍ പ്രമാണിമാരുടെ കൈയിലായിരുന്നു ഈ ഗ്രാമത്തിലെ ഭൂസ്വത്തുമുഴുവനും. കാട്ടുമാടം നമ്പൂതിരി (പൊന്നാനി) ഇതില്‍ പ്രധാനിയാണ്. 1920-കളുടെ അവസാനമാണ് മേപ്പയ്യൂരില്‍ ദേശീയസമരത്തിന് സംഘടനാപരമായ രൂപം കൈവരുന്നത്. അയിത്തവിരുദ്ധ പ്രക്ഷോഭം, ഹിന്ദിപഠനക്ളാസ്, വയോജന വിദ്യാഭ്യാസം ഇവ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. 1930-ല്‍ ഉപ്പു കുറുക്കല്‍ സമരത്തിന്റെ ഭാഗമായി പള്ളിക്കരയിലെ ഇ.പി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ നടന്ന ജാഥക്ക് മേപ്പയ്യൂരിലും നരക്കോട്ടും നല്‍കിയ സ്വീകരണം പ്രാധാന്യമര്‍ഹിക്കുന്നു. നരക്കോട് കേന്ദ്രത്തില്‍, ആവേശഭരിതരായ മൂന്നുപേര്‍ മല്ല്മല്‍മുണ്ട് കത്തിച്ചുകൊണ്ട് പ്രതികരിച്ചു. ഈ ജാഥക്കുശേഷമാണ് ഇ.സി.അപ്പുനമ്പ്യാര്‍ ദേശീയപ്രസ്ഥാനത്തിന്റെ സജീവ വക്താവായി മാറുന്നത്. മഠത്തും ഭാഗത്ത് വാകയാട്ടില്ലത്തെ പീടികമുകളില്‍ ഇ.സി.അപ്പുനമ്പ്യാര്‍, തെക്കെകൊപ്പാരത്ത് ഗോപാലന്‍നായര്‍, നാഗത്തിങ്കല്‍ കുഞ്ഞിരാമന്‍നായര്‍, ദാമോദരന്‍ എമ്പ്രാന്തിരി, വാകയാട്ടില്ലത്ത് കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിലും കൊഴുക്കല്ലൂരില്‍ പുഷ്പോത്ത് നമ്പീശന്റെ നേതൃത്വത്തിലും നടന്ന നൂല്‍നൂല്‍പ് എടുത്തു പറയത്തക്കതാണ്. കൊഴുക്കല്ലൂരിലും നിടുമ്പൊയിലിലും നടന്ന വയോജനവിദ്യാഭ്യാസ ക്ളാസ്സുകള്‍ പ്രസ്ഥാനത്തിന് മുതല്‍കൂട്ടായി. അവര്‍ണ്ണസ്ത്രീകളുടെ മാറുമറയ്ക്കലും സവര്‍ണ്ണേതര വിഭാഗക്കാരുടെ അസ്തിത്വസ്ഥാപനവും ഒരു പ്രശ്നമായിരുന്നു. 1939-ല്‍ കേളപ്പജി പങ്കെടുത്ത അയിത്തോച്ഛാടന സമ്മേളനം നരക്കോട് നടന്നു. ഡോ.കുട്ടി ആയിരുന്നു അധ്യക്ഷന്‍ ഈ സമ്മേളന തീരുമാനപ്രകാരമാണ് രണ്ട് പുലയകുട്ടികള്‍ ആദ്യമായി കൊഴുക്കല്ലൂര്‍ എല്‍.പി.സ്കൂളില്‍ ചേര്‍ക്കപ്പെടുന്നത്. പൊന്നാനി കേന്ദ്രമായി മലബാര്‍ മുഴുവന്‍ ഭൂവുടമത്വവും ആത്മീയ നേതൃത്വവുമുള്ള കാട്ടുമാടം വകയായി 366 മഠങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്നു. അതിലുള്‍പ്പെടുന്നതാണ് മേപ്പയ്യൂര്‍ ദേശത്തിലെ ശ്രീകണ്ഠമനശാലമഠവും കാട്ടുമഠവും. വയലുകളില്‍ മാടുകള്‍ക്കുപകരം മനുഷ്യരെ കലപ്പക്ക് കെട്ടുന്ന പ്രാകൃതത്വം ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു. മേപ്പയ്യൂര്‍, കൊഴുക്കല്ലൂര്‍ ഭാഗങ്ങളില്‍ പറയ സമുദായത്തില്‍പെട്ടവരെ ഉഴവുമൃഗത്തിന് തുല്യമാക്കുന്ന മൃഗീയതയുണ്ടായിരുന്നു. ഇതിനെതിരെ ഇ.സി.അപ്പുനമ്പ്യാര്‍ പറയരെ സംഘടിപ്പിച്ച് ജാഥ നടത്തുകയും പ്രമാണിയായ ഒരാളുടെ വീട്ടില്‍ പറയരോടൊപ്പം സംഘടിതമായി വിവാഹസദ്യയില്‍ ഭക്ഷണത്തിനിരിക്കുകയും ചെയ്തു. വലിയ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായി ഇ.സി.യുടെ നേതൃത്വത്തില്‍ നടന്ന ഈ പറയജാഥ. 330-ാം നമ്പര്‍ റേഷന്‍ഷാപ്പ് കത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസുകളും പോലീസ് നരനായാട്ടും മേപ്പയ്യൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്. കുറുമ്പ്രനാട് താലൂക്കിന്റെ സമരതീക്ഷ്ണമായ ഇന്നലെകളുടെ പ്രതീകമാണ് കൂത്താളി കര്‍ഷകസമരം. മൂന്ന് ചെമ്മണ്‍പാതകളില്‍ തുടങ്ങുന്നു മേപ്പയ്യൂരിലെ ഗതാഗത ചരിത്രം. പേരാമ്പ്ര-പയ്യോളിറോഡ്, മേപ്പയ്യൂര്‍-കീഴ്പ്പയൂര്‍ റോഡ്, മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍ റോഡ് എന്നിവ മാത്രമായിരുന്നു പഞ്ചായത്തിലെ ആദ്യകാല റോഡുകള്‍. പയ്യോളി-മേപ്പയ്യൂര്‍ റോഡാണ് ആദ്യം ടാര്‍ ചെയ്തത്. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് സൌകര്യപ്രദമായ രൂപത്തിലാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ കടന്നുപോകുന്നത്.

സാംസ്കാരിക ചരിത്രം

അനുഗ്രഹീതരായ പ്രതിഭകള്‍ക്ക് ജന്മമേകിയ മണ്ണാണിത്. കലയുടെ അനന്തസാധ്യതകളെക്കുറിച്ച് ബോധവാന്മാരായ ഒരു തലമുറ മുമ്പേ കടന്ന് പോയിരിക്കുന്നു. ഇ.രാമന്‍ മാസ്റ്റര്‍, പാണിശ്ശേരി കുഞ്ഞമ്മദ് മാസ്റ്റര്‍, വാകയാട്ടില്ലത്ത് ദാമോദരന്‍ എമ്പ്രാന്തിരി, ആച്ചിക്കുളങ്ങര ഉക്കാരന്‍ നമ്പ്യാര്‍, എം.കെ.ചാപ്പന്‍ നായര്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തില്‍ ജീവിച്ചിരുന്നു. നാടന്‍ കലകളില്‍ അനുഷ്ഠാന കലകളില്‍ ക്ളാസിക് കലാശാഖയില്‍, പത്രപ്രവര്‍ത്തനരംഗത്ത്, കഥാപ്രസംഗകലയില്‍, യുവജനോത്സവ വേദികളില്‍, കാവ്യനഭസ്സില്‍, സാഹിത്യ വേദിയില്‍, കായിക കളരിയില്‍, ചെസ് കരുനീക്കങ്ങളില്‍, സാമൂഹ്യ സേവനമേഖലകളില്‍ അവര്‍ പയ്യൂരിന്റെ നാമം കോറിയിട്ടു. ഭക്തിയിലും ശക്തിയിലും അധിഷ്ഠിതമായ ഒരു സാംസ്കാരിക പാരമ്പര്യം ഈ ഗ്രാമത്തിനവകാശപ്പെടാനുണ്ട്. വിവിധ ചൈതന്യങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങളും, പള്ളികളും വൈവിധ്യ പൂര്‍ണ്ണമായ നാടന്‍ കലാരൂപങ്ങളും ഇതാണ് തെളിയിക്കുന്നത്. മേപ്പയ്യൂര്‍ ടൌണിലെ മങ്ങാട്ടുമ്മല്‍ പരദേവതാ ക്ഷേത്രം, മഠത്തുംഭാഗത്തെ കണ്ഠമനശാലമഠം ഭഗവതീക്ഷേത്രം, കാട്ടുമാടം ക്ഷേത്രം. കൊഴുക്കല്ലൂര്‍ ചെറുശ്ശേരി ഭഗവതി ക്ഷേത്രം, കൊഴുക്കല്ലൂര്‍ ശിവക്ഷേത്രം, നിടുമ്പൊയില്‍ കുളങ്ങര പരദേവതാ ക്ഷേത്രം, കായലുകണ്ടി ക്ഷേത്രം, ചാവട്ട സുബ്രഹ്മണ്യ ക്ഷേത്രം, കൊക്കര്‍ണി ഗുരുജി ക്ഷേത്രം, കീഴ്പ്പയൂര്‍ കുനിയില്‍ അമ്പലം, വിളയാട്ടൂര്‍, പുതിയെടുത്ത് ക്ഷേത്രങ്ങള്‍, അയിമ്പാടി ക്ഷേത്രം, എന്നിങ്ങനെ അനേകം ക്ഷേത്രങ്ങള്‍ ഈ ഗ്രാമത്തില്‍ ഉണ്ട്. ചാവട്ട സുബ്രഹ്മണ്യക്ഷേത്രം, കൊഴുക്കല്ലൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ മാത്രമാണ് പുരുഷ ശക്തി പ്രതിഷ്ഠിതമായിരിക്കുന്നത്. കൊക്കര്‍ണിയില്‍ താന്ത്രിക മതത്തിന്റെ അവശേഷങ്ങളാണ് കാണാനാവുന്നത്. അയിമ്പാടി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു മനുഷ്യദൈവമാണ്. മറ്റു ക്ഷേത്രങ്ങള്‍ മാതൃദേവതാ രൂപങ്ങളെ ആരാധിക്കാനുള്ള മന്ദിരങ്ങളാണ്. സ്ത്രൈണ ശക്തിയുടെ ആരാധന കാര്‍ഷിക സമൂഹങ്ങളുടെയും ജീവിത രീതിയുടെയും പ്രകാശനമാണ്. മതവിശ്വാസത്തിന്റെ അനുഷ്ഠാനപരവും ദാര്‍ശനികവുമായ വശങ്ങള്‍ ഈ പ്രദേശത്തും പ്രചാരത്തിലുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ അനുഷ്ഠാന കേന്ദ്രങ്ങള്‍ ആയിരുന്നു. അതേ സമയം ദാര്‍ശനിക കേന്ദ്രങ്ങളായ യോഗീമഠങ്ങളും നിലവിലുണ്ടായിരുന്നതായി യോഗീമഠമെന്ന് (ചോയി മഠം) പേരുള്ള ഭവനങ്ങള്‍ തെളിയിക്കുന്നു. പരിചക്കളി, വട്ടക്കളി, പൂരക്കളി, കോല്‍ക്കളി, കുതിരക്കോലം, മലയന്‍ പാട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളുടെ മുഖ്യവിഷയം ഭക്തിയും വിശ്വാസവുമായിരുന്നങ്കിലും ചില കലാസൃഷ്ടികള്‍ എങ്കിലും ജനജീവിതത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊണ്ടിരുന്നു. ഗര്‍ഭിണികളെ പ്രേതബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നടത്തിയിരുന്ന ബലിക്കളിയുടെ ഭാഗമായി ആലപിച്ചിരുന്ന മാരന്‍പാട്ട് നാടന്‍ കലാരൂപങ്ങളിലനാവൃതമാവുന്ന ജീവിതാസക്തിയുടെ ആവിഷ്ക്കാരമാണ്. ചെറുവട്ടാട്ട് കഥകളി സംഘത്തിന്റെയും നാടകസംഘത്തിന്റെയും ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ മേപ്പയ്യൂരിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ അവിഭാജ്യ ഭാഗമാണ്. കഥകളി കിരീട നിര്‍മ്മാണത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ച മണാട്ട് ഗോവിന്ദന്‍ നായര്‍ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന്റെ നിര്‍മ്മിതികള്‍ ദല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. മേപ്പയ്യൂരിന്റെ നാടകപാരമ്പര്യം 1920-കളില്‍ തന്നെ പ്രശസ്തമായിരുന്നു. അക്കാലത്ത് പത്ത് ദിവസം തുടര്‍ച്ചയായി ഒരു സംഘം മേപ്പയ്യൂരങ്ങാടിക്കടുത്ത് നാടകപ്രവര്‍ത്തനം നടത്തിയിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെയും കര്‍ഷിക കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനത്തിന്റെയും ഭാഗമായി സാമൂഹികാനാചാരങ്ങള്‍ക്കെതിരെ കല ശക്തമായ ഒരായുധമായി ഉപയോഗിക്കപ്പെട്ടു. നാടകം, സംഗീതം എന്നീ രംഗങ്ങളിലാണ് വലിയ മുന്നേറ്റം ഉണ്ടായത്. ഇതിന് നേതൃത്വം നല്‍കിയതില്‍ പ്രമുഖന്‍ ഇ.രാമന്‍ മാസ്റ്റര്‍ ആയിരുന്നു. 1951-ല്‍ വിളയാട്ടൂര്‍ എളമ്പിലാട് മാപ്പിള യു.പി.സ്കൂളിന്റെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇ.രാമന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത അബ്ദുള്‍ റസാക്ക് എന്ന നാടകമാണ് നാടകത്തിന്റെ ചരിത്രത്തില്‍ എടുത്ത് പറയത്തക്കതായ ഒരു സംഭവം. അറിയപ്പെടുന്ന വാദ്യ വിദഗദ്ധന്മാര്‍ ഈ ഗ്രാമത്തിലുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, ബാലസംഘം എന്നിവയും മേപ്പയ്യൂരിലെ സാംസ്കാരികരംഗത്ത് സജീവമായി ഇടപെടുന്ന സംഘടനകളാണ്.കളരികളിലാണ് ഈ ഗ്രാമത്തിലെ കായിക സംസ്ക്കാരത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ കഴിയുക. പ്രശസ്തരും പ്രഗത്ഭരുമായ അനേകം ഗുരുക്കന്‍മാരും, അഭ്യാസികളും ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു.പയ്യോര്‍ മല എന്ന പേരിന്റെ ആദിരൂപം അയ്വര്‍ മലയാണെന്നും അത് പാണ്ഡവസഹോദരന്മാരെ സൂചിപ്പിക്കുന്നുവെന്നുമാണ് ഐതീഹ്യം. പാണ്ഡവന്മാരുടെ അനുസ്മരണമായിട്ടാണ് അമ്പെയ്ത്ത് മല്‍സരം പയ്യോര്‍മല പ്രദേശത്തിന്റെ സവിശേഷമായ കായിക വിനോദമായി രൂപപ്പെട്ടത്. ഓണക്കാലത്ത് ഗ്രാമജീവിതത്തെ ശബ്ദമുഖരിതവും സജീവവുമാക്കുന്ന അമ്പെയ്ത്ത് മത്സരത്തിന് പയ്യൂര്‍ ഗ്രാമത്തില്‍ നല്ല വേരോട്ടമുണ്ട്.